കോർപറേറ്റ് സ്ഥാപനങ്ങളിലെ അമിത ജോലിഭാരവും സമ്മർദവും ചെറുപ്പക്കാരിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ആരോഗ്യകരമായ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തിക്കൊണ്ട് ജോലി സമ്മർദത്തെ ഫലപ്രദമായി നേരിടാം.
വ്യായാമം ചെയ്യുന്നത് ശാരീരികമായും മാനസികമായും റിലാക്സ് ആകാൻ സഹായിക്കുന്നു. അത് സെട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കുറയ്ക്കാൻ സഹായിക്കും. നടത്തം, യോഗ, സൈക്ലിങ് തുടങ്ങിയ തീവ്രത കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ഫീൽ ഗുഡ് ഹോർമോൺ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.
ഉറക്കത്തെ നമ്മൾ പലരും നിസാരവൽക്കരിക്കാറുണ്ട്. എന്നാൽ ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഉറക്കം. മതിയായ ഉറക്കം കിട്ടാത്ത അവസ്ഥ ശരീരത്തിൽ കോർട്ടിസോളിന്റെ അളവു വർധിപ്പിക്കാൻ കാരണമാകുന്നു. ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെയുള്ള ഉറക്കമാണ് ആരോഗ്യകരമായ ഉറക്കമായി കണക്കാക്കുന്നത്.
യോഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമം തുടങ്ങിയ സ്ട്രെസ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ കോർട്ടിസോൾ അളവു കുറയ്ക്കാൻ സഹായിക്കും. ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നൽകുന്നതിന് സ്വയം പരിചരണ സമയം കണ്ടെത്തുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ തുടങ്ങിയവ സമ്മർദം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കുന്നത് ശരീരത്തിൽ കോർട്ടിസോളിന്റെ അളവു കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ജോലി സ്ഥലത്ത് മികച്ച ഒരു സുഹൃത്ത് വലയം ഉണ്ടാകുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. മൊത്തത്തിലുള്ള ക്ഷേമത്തിന് സാമൂഹ്യപരമായി ബന്ധപ്പെട്ടിരിക്കുന്നത് ഗുണകരമാണ്. അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചെലവഴിക്കുന്നത് സമ്മര്‍ദത്തെ അതിജീവിക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക