
പ്രാരംഭഘട്ടത്തില്‍ യാതൊരു ലക്ഷണവും പ്രകടമാകില്ലെന്നതാണ് വൃക്കരോഗങ്ങളെ ഗുരുതരമാക്കുന്നത്. ഇന്ത്യയില്‍ വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ വീതം വൃക്ക സംബന്ധ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് അടുത്തിടെ ജേണല്‍ നെഫ്രോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയില്‍ 2011 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ 15 വയസിന് മുകളിലുള്ളവര്‍ക്കിടയിലെ വൃക്കരോഗികളുടെ എണ്ണം ഏതാണ്ട് 11.2 ശതമാനത്തില്‍ (2011-17) നിന്ന് 16.38 ശതമാനം (2018-23) ആയി ഉയര്‍ന്നതായി പഠനം പറയുന്നു. വൈകിയുള്ള രോഗനിര്‍ണയം, ചികിത്സാ സംവിധാനങ്ങളുടെ ലഭ്യതക്കുറവ് എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതു കൊണ്ടുതന്നെ പലപ്പോഴും അവസാനഘട്ടത്തിലാണ് വൃക്കകളുടെ തകരാറ് തിരിച്ചറിയുക.
വൃക്കരോഗവും മോശം ജീവിതശൈലിയും
മോശം ജീവിതശൈലി വിട്ടുമാറാത്ത വൃക്ക രോഗങ്ങളുടെ അപകടസാധ്യത ഇരട്ടിയാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
അനാരോഗ്യകരമായ ഡയറ്റ്
വ്യായാമക്കുറവ്
പൊണ്ണത്തടി
പ്രമേഹം
ഉയര്‍ന്ന രക്തസമ്മര്‍ദം
പ്രോസസ്ഡ് ഭക്ഷണങ്ങള്‍
ഉപ്പിന്റെ അമിത ഉപഭോഗം
കൂടാതെ പഞ്ചസാരയുടെ ഉപഭോഗം എന്നിവ വൃക്കരോഗങ്ങള്‍ക്ക് കാര്യമായ സംഭാവന നല്‍കുന്നുണ്ട്.
പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും
ഇന്ത്യയില്‍ പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് വൃക്കസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന ഘടകങ്ങളെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
30 ശതമാനം പ്രമേഹരോഗികള്‍ക്കും വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവു അനിയന്ത്രിതമാകുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് വൃക്കകളുടെ മാലിന്യം അരിക്കാനുള്ള അവയുടെ കഴിവിനെ ബാധിക്കുന്നു.
പതിവ് പരിശോധനയും വൃക്കരോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലും സ്ഥിതി വഷളാക്കുന്നത് തടയുന്നു. ഗുരുതരരാവസ്ഥയില്‍ ഡയാലിസിസ്, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നീ ഘട്ടങ്ങളിലേക്ക് നീങ്ങേണ്ടതായി വരുന്നു. ഇവ രണ്ടും സാമ്പത്തിക ചിലവ്, ആരോഗ്യ-ജീവിതശൈലി വെല്ലുവിളികള്‍ നിറഞ്ഞതാണ്.
രക്തത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനാണ് ഡയാലിസിസ് ചെയ്യുന്നത്. ഡയാലിസിസ് ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെങ്കിലും ഇതൊരു രോഗം മുക്തമാകാനുള്ള ചികിത്സയല്ല. നേരത്തെയുള്ള രോഗനിര്‍ണയും ജീവിതശൈലിയിലുള്ള മാറ്റവുമാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെയുള്ള രോഗനിര്‍ണയം രോഗാവസ്ഥയുടെ പുരോഗതി കുറയ്ക്കാമെന്നതിലുപരി സങ്കീര്‍ണതകള്‍ കുറയ്ക്കാനും നീണ്ട കാല ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും. എന്നാല്‍ വൃക്കരോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സകള്‍ ലഭ്യമാണെങ്കില്‍ പോലും രാജ്യത്തെ പല ഗ്രാമപ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം വിദഗ്ധ ചികിത്സ നേടുന്നതില്‍ ആളുകളെ പിന്നോട്ടുവലിക്കുന്നു. വൃക്കരോഗികളുടെ എണ്ണം നഗരത്തെക്കാള്‍ ഗ്രാമങ്ങളില്‍ 5 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക