
മോഡേണ്‍ മെഡിസിനൊപ്പം ആയുര്‍വേദ മരുന്നുകള്‍ കഴിക്കുന്നത് സുരക്ഷിതമാണോ? പല രോഗങ്ങൾക്കും നമ്മുടെ സൗകര്യം പോലെ ചികിത്സകൾ മാറ്റി പരീക്ഷിക്കുന്ന ശീലം മിക്കയാളുകളിലുമുണ്ട്. പനിക്ക് ഇംഗ്ലീഷ് മരുന്ന്, നടുവേദനയ്ക്ക് ആയുർവേദം, അതിനിടെ ഹോമിയോ പരിക്ഷീക്കാൻ ഗ്യാപ് കിട്ടിയാൽ അതും ആവാം. ഏതാണ് ശരീരത്ത് പിടിക്കുക എന്ന് അറിയില്ലല്ലോ...
ഒരു ചികിത്സക്കിടെ മറ്റൊന്ന് പരീക്ഷിക്കുന്നത് കരുതുന്ന പോലെ സുരക്ഷിതമല്ല, മറിച്ച് അപകടസാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. അലോപ്പതി മരുന്നുകൾ കഴിക്കുന്നതിനിടെ മറ്റെന്തെങ്കിലും രോഗത്തിന് ആയുർവേദം പരീക്ഷിക്കുന്നവർ സൂക്ഷിക്കണം. അത് നിങ്ങളുടെ നിലവിലെ രോഗാവസ്ഥ വഷളാക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്ര ലേഖകനും ജനറൽ പ്രാക്ടീഷനറുമായ ഡോ. ജിതേഷ് കെടി പറയുന്നു.
തുളസിയിട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാൽ പനിയുള്ളപ്പോൾ പാരസെറ്റാമോൾ അല്ലെങ്കിൽ ഡോളോ പോലുള്ള മരുന്നുകൾ കഴിക്കുമ്പോൾ തുളസിയിട്ടു തിളപ്പിച്ച വെള്ളം അല്ലെങ്കിൽ തുളസി കഴിക്കുന്നത് തിരിച്ചടിയുണ്ടാക്കാം.
ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടായിട്ടുള്ള ആളുകൾ രക്തസഞ്ചാരം വർധിപ്പിക്കുന്ന ആസ്പിരിൻ, ക്ലോപ്പിഡോഗ്രൽ, വാർഫറിൻ പോലുള്ള മരുന്നുകൾ ദീർഘകാലം കഴിക്കുന്നവരായിരിക്കും. അങ്ങനെയുള്ളവർ ദിവസവും അമിതമായ അളവിൽ വെളുത്തുള്ളി കഴിച്ചാൽ ആന്തരിക രക്തസ്രാവത്തിന് കാരണമായേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി ഡോ. ജിതേഷ് കെടി ചൂണ്ടിക്കാണിക്കുന്നു.
ദിവസവും നിരവധി രോഗികളെ ഇത്തരം പല പ്രശ്നങ്ങളുമായി കാണാറുണ്ട്. അറിയാവുന്നവരോട് ഇക്കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കാറുമുണ്ട്. സുരക്ഷിതമെന്ന് ചിന്തിക്കുന്ന കാര്യങ്ങൾ പലപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ അപകടമായേക്കാം. അതിൽ ചില കണ്ടെത്തലുകൾ ഇങ്ങനെയാണ്.
ആന്‍റിബയോട്ടിക് കഴിക്കുമ്പോള്‍ അരിഷ്ടം കുടിക്കുന്നതും മദിപിക്കുന്നതും ഒരുപോലെ
കൊളസ്ട്രോളിനുള്ള സ്റ്റാറ്റിൻ മരുന്നുകള്‍ കഴിക്കുന്നവര്‍ ചെറുമധുരനാരങ്ങ ജ്യൂസ് കുടിക്കുന്നത് അപകടമാണ്. ഇത് എട്ട് മടങ്ങ് കൂടുതൽ ആ മരുന്ന് ശരീരത്തിൽ നിന്ന് ആഗിരണം ചെയ്യപ്പെടാന്‍ കാരണമാകും. അതുപോലെ മെട്രോണിഡാസോൾ, ടിനിഡാസോൾ സെഫോപെരാസോൺ പോലുള്ള ആൻറിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നവർ മദ്യം കഴിക്കരുതെന്ന് ഉപദേശിക്കാറുണ്ട്. കാരണം ഈ മരുന്നുകൾ കഴിക്കുന്ന ദിവസമോ അതിന് പിറ്റേന്നോ മദ്യം കഴിച്ചാൽ, ഛർദി, പരവേശം, തലകറക്കം, സംഭ്രാന്തി തുടങ്ങിയ കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടായേക്കാം. എന്നാൽ മദ്യപിക്കാതെ ഇത്തരം പ്രതികരണങ്ങൾ ഉണ്ടായാൽ അത് ആൻറിബയോട്ടിക് റിയാക്ഷനാണ്, സൈഡ് എഫക്ട് ആണെന്ന് പറയും. എന്നാൽ അവരിൽ പലരും മറ്റെന്തെങ്കിലും അസുഖങ്ങൾക്ക് ആയുർവേദമരുന്നുകൾ കഴിക്കുന്നവർ ആയിരിക്കുമെന്നത് ശ്രദ്ധേയം.
അതിൽ ഒരു സാധ്യത അരിഷ്ടങ്ങളാണ്. അരിഷ്ടം ആർക്കും കഴിക്കാമെന്നും ആരോഗ്യകരമാണെന്നും ഒരു പൊതുധാരണ ഉണ്ട്. എന്നാൽ അരിഷ്ടത്തിൽ പത്ത് ശതമാനം വരെ മദ്യം അടങ്ങിയിട്ടുണ്ട്. ഇതേ കാരണം കൊണ്ടുതന്നെ അരിഷ്ടങ്ങൾ, സെഡേറ്റീവ് - ഹിപ്നോട്ടിക് വിഭാഗത്തിൽ വരുന്ന മോഡേൺ മെഡിസിൻ മരുന്നുകളുടെ കൂടെ കഴിക്കുന്നത് പ്രശ്നമാണ്.
ചിലർ അപസ്മാരത്തിന് മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചികിത്സക്കുന്ന ഡോക്ടർ അറിയാതെ മറ്റൊന്തെങ്കിലും അസുഖത്തിന് സമാന്തര ചികിത്സാരീതികളെ ആശ്രയിക്കുന്നത് ലക്ഷണങ്ങൾ വർധിപ്പിക്കും. കാരണം, അപസ്മാരത്തിനുള്ള മോഡേൺ മെഡിസിൻ മരുന്നുകളിൽ പലതും, തമ്മിൽ തമ്മിലും, മറ്റു മരുന്നുകൾ തമ്മിലും പ്രതിപ്രവർത്തനങ്ങൾ ഏറെയുള്ളതാണ്.
ആവണക്കെണ്ണ മരുന്നുകളുടെ ഫലം കുറയ്ക്കും
യഷ്ടി മധു(ഇരട്ടി മധുരം) അടങ്ങിയ ആയുർവേദമരുന്നുകൾ, ഗർഭനിരോധ മരുന്നുകളുടെ കൂടെ കഴിക്കുമ്പോൾ രോഗിക്ക് രക്തസമ്മർദ്ദം വർധിക്കുന്നതിനും നീർവീക്കം ഉണ്ടാകുന്നതിനും കാരണമാകുമെന്ന് മുൻപഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മറ്റ് അസുഖങ്ങൾക്ക് മോഡേൺ മെഡിസിൻ മരുന്നുകൾ കഴിക്കുന്നവർ, ശോദനക്ക് ചില ആയുർവേദ മരുന്നുകൾ കൂടെ കഴിക്കുന്ന ശീലമുണ്ട്. ഹൃദയത്തിന്റെ താളക്രമം ശരിയാക്കാൻ ഉപയോഗിക്കുന്ന ആൻറി-റിഥമിക് മരുന്നുകൾ, അലർജി സംബന്ധമായ അസുഖങ്ങൾക്ക് നൽകുന്ന ആന്റിഹിസ്റ്റാമൈൻ മരുന്നുകൾ, ഇവയുടെ കൂടെ ആവണക്കെണ്ണ കുടിക്കുന്നത് ഈ മരുന്നുകളുടെ ഫലം കുറക്കുന്നു. കൂടാതെ ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഗുഗ്ഗുളു മറ്റു മരുന്നുകളുമായി വലിയ രീതിയിൽ പ്രതി പ്രവർത്തനത്തിന്റെ കാരണമാകുന്നു.
ശതാവരി സുക്ഷിതമോ?
അതുപോലെ പ്രകൃതി ചികിത്സയ്ക്കായും അല്ലാതെയും ഉപയോഗിക്കുന്ന കുറുന്തോട്ടിയുടെ പ്രധാനഘടകമാണ് എഫെഡ്രിൻ. ഇത് രക്തസമ്മർദം, ഹൃദയമിടിപ്പ് എന്നിവയിൽ വ്യത്യാസമുണ്ടാക്കും. അതായത് ഹൃദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നുകഴിക്കുന്നവർ കുറുന്തോട്ടി ഔഷധങ്ങൾ കഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. കൂടെ കഴിക്കുന്ന പല മരുന്നുകളുടെയും ആഗിരണം കുറക്കുകയും, ചില മരുന്നുകളുടെ ആഗിരണം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ശതാവരി. ശതാവരിയിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളതു കൊണ്ട് വിവിധ അസുഖങ്ങൾക്കായി ഹോർമോൺ ഗുളിക കഴിക്കുന്നവർ അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഡോ. ജിതേഷ് പറയുന്നു.
തുളസിയും പാരസെറ്റാമോളും
വാർഫറിനും മഞ്ഞളും തമ്മിൽ പ്രതിപ്രവർത്തനം നടക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് പ്രശ്നം ഉണ്ടാക്കുന്നത്. കറികളിൽ ഉള്ള ചെറിയ അളവ് പ്രശ്നമില്ലെങ്കിലും കഷായം, ചൂർണ്ണം, ലേഹ്യം മുതലായവയില്‍ ഉള്ള അളവ് വാർഫറിൻ കഴിക്കുന്നവരിൽ പ്രശ്നമുണ്ടാക്കാം. മറ്റൊന്ന് വളരെ നിരുപദ്രവമെന്നു കരുതുന്ന തുളസിയും പാരസെറ്റാമോളുമാണ്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് പ്രശ്നമാണ്. പാരസെറ്റാമോൾ കരളിലെ ഗ്ലൂട്ടത്തയോൺ മെറ്റബോളിസത്തിന് ഉപയോഗിക്കുന്നു. അത് തന്നെയാണ് തുളസിയിലെ കെമിക്കല്‍സും ചെയുന്നത്. രണ്ടും ഒരേ സമയം ഉപയോഗിച്ചാല്‍ പാരസെറ്റാമോൾ മെററ്ബോളിസം നടക്കാതെ വരും.
ഗുഗ്ഗുളുവും വാര്‍ഫറിനും തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കാം. കൂടാതെ ഗുഗ്ഗുളു മോഡേണ്‍ മെഡിസിന്‍ രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്ന പ്രൊപ്രനോലോളുമായി പ്രതിപ്രവര്‍ത്തനം നടത്താം.
അമുക്കുരവും ബാർബിറ്റ്യൂറേറ്റ്സ്, ഡയസെപാം പോലുള്ള അപസ്‌മാരത്തിന് ഉപയോഗിക്കുന്ന മരുന്നുകളും പ്രതിപ്രവര്‍ത്തനം നടത്താം.
ചുക്ക് ആസ്പിരിൻ, വാർഫറിൻ, ഹെപ്പാരിൻ എന്നീ മരുന്നുകളുമായും പ്രതിപ്രവര്‍ത്തനം നടത്താം.
അതുപോലെ മരമഞ്ഞള്‍ സ്റ്റാറ്റിനുകൾ പ്രതിപ്രവര്‍ത്തനം നടക്കാം.
ചില ഡോക്ടര്‍മാര്‍ ആയുര്‍വേദ മരുന്നുകളും അലോപതി മരുന്നുകളും തമ്മില്‍ അരമണിക്കൂര്‍ അല്ലെങ്കിൽ ഒരു മണിക്കൂര്‍ വരെ ഗ്യാപ് ഇടാന്‍ പറയും. അതിന്റെ പിന്നില്‍ ഒരു ചെറിയ യുക്തി മാത്രമാണ്. രണ്ടു മരുന്നും ഒരേ സമയം ആമാശയത്തില്‍ എത്തിയാല്‍ രാസപ്രവര്‍ത്തനം നടക്കും എന്ന യുക്തി. പക്ഷെ കുറച്ചു കൂടെ ചിന്തിച്ചാല്‍ കെമിക്കല്‍സിനു ഹാഫ് ലൈഫ് എന്ന ഒരു കാര്യം ഉണ്ടെന്നും, അതിന്റെ ഉള്ളില്‍ അടുത്ത മരുന്ന് വന്നാല്‍ ഈ മരുന്നുകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തനം നടകാന്‍ സാധ്യത ഉണ്ടെന്നും മനസിലാക്കാമെന്നും അദ്ദേഹം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക