Amla | ആരോഗ്യഗുണങ്ങളില്‍ ഒന്നാമന്‍, എന്നാല്‍ ഇക്കൂട്ടര്‍ നെല്ലിക്ക കഴിക്കരുത്

ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം.
amla pickle
നെല്ലിക്ക
Updated on

കാര്യം കുറച്ച് കയ്പ്പനാണെങ്കിലും ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിൽ നെല്ലിക്ക ഒരു സൂപ്പർ ഫുഡ് ആണ്. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതൽ ഹൃദയാരോ​ഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാവര്‍ക്കും നെല്ലിക്ക ഗുണം ചെയ്യില്ലതാനും. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം.

ഇക്കൂട്ടര്‍ നെല്ലിക്കയെ അകറ്റി നിര്‍ത്തണം

ഹൈപ്പർ അസിഡിറ്റി ഉള്ളവർ നെല്ലിക്കയുടെ ഉപയോ​ഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റിൽ ഒട്ടും കഴിക്കാൻ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചിൽ ഉണ്ടാക്കും. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നാരുകൾ ധാരാളം അടങ്ങിയതിനാൽ കൂടിയ അളവിൽ കഴിച്ചാൽ മലബന്ധം ഉണ്ടാകാനും കാരണമാകും.

നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങൾ ഉള്ളതിനാൽ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോർഡർ ഉള്ള ആളാണെങ്കിൽ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും.

കരൾ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക അത്ര നല്ലതല്ല. നെല്ലിക്കയിലെ വിറ്റാമിൻ സിയും ഉയർന്ന അസിഡിറ്റി സ്വഭാവവും ലിവർ സിറോസിസ് പോലുള്ള കരൾ രോഗങ്ങളെ വഷളാക്കും.

വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കണം. നെല്ലിക്ക ജ്യൂസ് ഡൈയൂററ്റിക് ഗുണങ്ങള്‍ അടങ്ങിയതാണ്. വൃക്കയിലെ ചില കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ചില ബയോആക്ടീവ് ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികളില്‍ ഇത് സ്ഥിതി വഷളാക്കും.

കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർക്കും നെല്ലിക്ക ഗുണകരമല്ല. നെല്ലിക്ക രക്തസമ്മര്‍ദം കുറയ്ക്കും. ഹൈപ്പോടെൻഷൻ ഉള്ളവരില്‍ ഇത് ദോഷം ചെയ്യും.

ഗർഭകാലത്ത് നെല്ലിക്ക കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യാം. അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് ഗര്‍ഭകാലത്ത് ദോഷകരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com