
മാമ്പഴ സീസൺ തുടങ്ങിയതോടെ വഴിയോര കച്ചവടങ്ങൾ ഉഷാറായി. കണ്ണിമാങ്ങ മുതൽ മധുരമൂറുന്ന മാമ്പഴങ്ങൾ വരെ പല വരികളിലായി അടുക്കിവെച്ചിട്ടുണ്ടാവും. സീസണൽ ഫ്രൂട്ടിന് പുറമേ രോഗ പ്രതിരോധശേഷിക്കും കുടലിന്റെ ആരോഗ്യത്തിനും ഊർജ്ജം നിലനിർത്താനും മാമ്പഴം ബെസ്റ്റാണ്.
ചിലർക്ക് പഴുത്ത മാങ്ങയോടാണ് പ്രിയം മറ്റു ചിലർച്ച് പച്ചമാങ്ങയോടും. ഇവ രണ്ടിനും വ്യത്യസ്തമായ ആരോഗ്യഗുണങ്ങളാണ് ഉള്ളത്. എന്നാൽ പച്ചമാങ്ങയാണോ പഴുത്ത മാങ്ങയാണോ പോഷകഗുണങ്ങളിൽ കേമന്‍ എന്ന് ചോദിച്ചാല്‍, ഇത് വ്യക്തിഗത ഭക്ഷണ മുൻഗണനകൾ, ആരോഗ്യ ലക്ഷ്യങ്ങൾ, പോഷകാഹാര ആവശ്യകതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
പച്ചമാങ്ങ
പഴുത്ത മാമ്പഴങ്ങളെ അപേക്ഷിച്ച് പച്ചമാങ്ങയിൽ വിറ്റാമിൻ സിയും അസിഡിറ്റിയും നാരുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സി പ്രതിരോധ ശേഷി വർധിപ്പിക്കും. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും പച്ചമാങ്ങയ്‌ക്കുണ്ട്.
മാമ്പഴം
ബീറ്റാ കരോട്ടിൻ പോലുള്ള ചില ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പഴുത്ത മാങ്ങ, ഇതാണ് അവയ്‌ക്ക് ഓറഞ്ച്-മഞ്ഞ നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ചിലതരം കാൻസറുകളിൽ നിന്നുമെല്ലാം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്. പഴുത്ത മാമ്പഴത്തിൽ ഉയർന്ന വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ആരോഗ്യകരമായ കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മത്തിൻ്റെ ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് അത്യാവശ്യമാണ്. എന്നിരുന്നാലും പഴത്ത മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു വളരെ കൂടുതലായിരിക്കും.
പച്ചമാങ്ങയോ പഴുത്ത മാങ്ങയോ?
ആരോഗ്യ ആവശ്യതകള്‍ അനുസരിച്ച് പരിശോധിക്കാം
രോഗ പ്രതിരോധശേഷി കൂട്ടാൻ: വിറ്റാമിൻ സി ഉയർന്ന അളവിലുള്ള പച്ചമാങ്ങയാണ് നല്ലത്.
ആൻ്റിഓക്‌സിഡൻ്റ്: ആന്റിഓക്സിഡന്റ് ഗുണങ്ങൾ ലഭിക്കുന്നതിന് ബീറ്റാ കരോട്ടിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയ പഴുത്ത മാങ്ങ കഴിക്കുന്നതാണ് നല്ലത്.
ദഹനം മെച്ടപ്പെടുത്താൻ; പച്ചമാങ്ങയിലാണ് പഴുത്തമാങ്ങയെ അപേക്ഷിച്ച് നാരുകൾ കൂടുതൽ. അതിനാൽ ദഹനത്തിന് പച്ചമാങ്ങയാണ് നല്ലത്.
രുചിക്ക്: മധുരമുള്ളതു കൊണ്ട് തന്നെ പഴുത്ത മാങ്ങയെ പലരും സ്നാക് ആയും ഉപയോഗിക്കാറുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക