
എക്സ്-റേയ്‌സ് അല്ലെങ്കില്‍ ഗാമാ റേയ്‌സ് ഏല്‍പ്പിച്ച് അര്‍ബുദം ബാധിച്ച കോശങ്ങളെ നീക്കം ചെയ്യാതെ അവ സ്ഥിതി ചെയ്യുന്നയിടത്തു വെച്ചു തന്നെ നശിപ്പിക്കുന്ന ചികിത്സ രീതിയാണ് റേഡിയോ തെറാപ്പി അഥവാ റേഡിയേഷൻ തെറാപ്പി. ചുറ്റുമുള്ള ആരോഗ്യകരമായ കലകളെ നശിപ്പിക്കാതെ ഒരു നിശ്ചിത അളവിലുള്ള കാൻസർ കോശങ്ങളിൽ കൃത്യമായി റേഡിയേഷൻ നൽകുക എന്നതാണ് റേഡിയേഷൻ തെറാപ്പിയിൽ ചെയ്യുന്നത്. ഇത് അര്‍ബുദ കോശങ്ങള്‍ പെരുകുന്നത് കുറയ്ക്കാൻ സഹായിക്കും. കാന്‍സറിന്റെ ഏതു ഘട്ടത്തിലും റേഡിയേഷന്‍ തെറാപ്പി നല്‍കാറുണ്ട്.
ചില അര്‍ബുദങ്ങള്‍ പ്രാഥമികഘട്ടത്തിലെങ്കില്‍ റേഡിയേഷന്‍ തെറാപ്പി കൊണ്ട് ഭേദമാക്കാം. ഇതിനെ ക്യൂറേറ്റീവ് റെഡിയേഷന്‍ ചികിത്സ എന്നാണ് പറയുന്നത്. എന്നാല്‍ രോഗം വര്‍ധിച്ചതോ കൂടുതല്‍ പടര്‍ന്നതോ ആയ അവസ്ഥയിലാണെങ്കില്‍ വേദന, രക്തസ്രാവം, വ്രണം, ശ്വാസംമുട്ട് മുതലായ രോഗലക്ഷണങ്ങളുടെ ശമനത്തിനായി റേഡിയേഷന്‍ ചികിത്സ നല്‍കാറുണ്ട്. ഇതിനെ പാലിയേറ്റീവ് റേഡിയോ തെറാപ്പി എന്നാണ് പറയുന്നത്.
കാൻസറിനെതിരെയുള്ള മികച്ച ചികിത്സ രീതിയാണെങ്കിലും റേഡിയേഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളും ഇന്നും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നു.
ഗുരുതരമായ പാർശ്വഫലങ്ങൾ
ഏത് സ്ഥലത്താണ് റേഡിയേഷൻ നൽകുന്നത് എത്രമാത്രം നൽകുന്നു എന്നതിനെ ആശ്രയിച്ച് വളരെ കുറഞ്ഞ അളവിൽ പാർശ്വഫലങ്ങൾ റേഡിയേഷന് ശേഷം നിലനിൽക്കാം. ഇവ ഡോക്ടറുടെ കൃത്യമായ ഉപദേശം പാലിക്കുന്നതോടെ കുറയ്ക്കാൻ സാധിക്കും.
റേഡിയേഷൻ തെറാപ്പി സമയത്ത് ശരീരം അനക്കരുത്
റേഡിയേഷന്‍ ചെയ്യുമ്പോള്‍ ഒരു സിടി സ്‌കാന്‍ ചെയ്യുന്ന പോലെയേ രോഗികള്‍ക്ക് അനുഭവപ്പെടുകയുള്ളു. അതിനാല്‍ ഡോക്ടര്‍ അനുവദിച്ചാല്‍ റേഡിയോതെറാപ്പി സമയത്തും തൊഴില്‍ തുടരാം.
കാലഹരണപ്പെട്ടതും ഫലപ്രദമല്ലാത്തതും
സാങ്കേതിക പുരോഗതി, ചികിത്സയുടെ കൃത്യമായ സ്വഭാവം, കുറഞ്ഞ ചെലവ് എന്നിവ കണക്കിലെടുക്കുമ്പോൾ റേഡിയേഷൻ തെറാപ്പി പല കാൻസറുകൾക്കും ഏറ്റവും ഫലപ്രദമായ ചികിത്സാരീതിയാണിത്.
റേഡിയേഷൻ തെറാപ്പി വേദനാജനകമാണ്
റേഡിയേഷൻ തെറാപ്പി വേദനാജനകമാണ്, കരിഞ്ഞു പോകും എന്ന തരത്തിലുള്ള ധാരണകളും തെറ്റാണ്. റേഡിയേഷൻ തെറാപ്പിക്കിടെ രോഗിക്ക് ചില അസ്വസ്ഥതകൾ അനുഭപ്പെടാം. എന്നാൽ റേഡിയേഷൻ പൂർണമായും വേദനരഹിതമാണ്.
റേഡിയോ ആക്ടീവ്
റേഡിയേഷൻ ഏല്‍ക്കുമ്പോള്‍ റേഡിയോ ആക്ടീവാകും എന്ന ധാരണയും തെറ്റാണ്. റേഡിയേഷൻ തെറാപ്പിക്ക് വിധേയനായ ഒരു രോഗിക്ക് സാധാരണ നിലയിൽ ജീവിക്കാൻ കഴിയും. കൂടാതെ മറ്റ് ആളുകൾക്ക് രോഗിയുടെ സമീപം വരുന്നതില്‍ ഭയം വേണ്ട.
മുടി കൊഴിച്ചിൽ
റേഡിയേഷൻ തെറാപ്പിയുടെ ഒരു സാധാരണ പാർശ്വഫലമാണ് മുടി കൊഴിച്ചിൽ. എന്നാൽ ശരീരത്തിന്റെ ഏത് ഭാഗത്താണ് ചികിത്സിക്കുന്നത്, റേഡിയേഷന്റെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ തീവ്രത. റേഡിയേഷൻ തെറാപ്പി ചികിത്സ നൽകുന്ന സ്ഥലത്തിന് ചുറ്റും മാത്രമേ മുടി കൊഴിച്ചിലിന് കാരണമാകൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക