കാര്‍കൂന്തലിനുമുണ്ട്, ചില രഹസ്യങ്ങള്‍; എന്താണ് ചിലരുടെ മുടി വേഗത്തില്‍ വളരുന്നത്?

ഒരു മാസത്തില്‍ മുടി ശരാശരി ഒരു സെന്‍റിമീറ്റര്‍ വരെ വളരും
hair care
മുടികൊഴിച്ചിൽ
Updated on

മുടി കൊഴിഞ്ഞു തല കഷണ്ടിയായി കാണാന്‍ ആര്‍ക്കും അത്ര താല്‍പര്യമുണ്ടാകില്ല. എന്നാല്‍ എത്ര ശ്രമിച്ചാലും ചിലരുടെ മുടി കൊഴിച്ചില്‍ തടയാനുമാകില്ല. അതുപോലെ മറ്റുചിലര്‍ക്ക് നീളം കുറഞ്ഞ മുടി ആഗ്രഹിച്ച് തലമുടി ട്രിം ചെയ്താല്‍ പെട്ടെന്ന് വളരുകയും ചെയ്യും. എന്താണ് മുടി വളര്‍ച്ചയുടെ പിന്നിലെ ഈ 'രഹസ്യം' എന്ന് ചിന്തിച്ചിട്ടുണ്ടോ?

അതിന് മുന്‍പ് മുടി വളരുന്നതെങ്ങനെയെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ തലമുടി, നഖം എന്നിവ ചര്‍മത്തിന് താഴെയുള്ള മെട്രിക്‌സ് കോശങ്ങളില്‍ നിന്നാണ് വളരുന്നത്. ഇവ രണ്ടും പ്രധാനമായും കെരാട്ടിന്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു മാസത്തില്‍ മുടി ശരാശരി ഒരു സെന്‍റിമീറ്റര്‍ വരെ വളരും. അതുപോലെ നഖങ്ങള്‍ മൂന്ന് മില്ലിമീറ്റര്‍ വരെയും.

വിരലുകളില്‍ ചര്‍മത്തിന് താഴെയുള്ള മെട്രിക്സ് കോശങ്ങളില്‍ നിന്ന് നേരിട്ടാണ് നഖങ്ങള്‍ വളരുന്നത്. ഈ കോശങ്ങൾ വിഭജിക്കുകയും പഴയ കോശങ്ങളെ മുന്നോട്ട് തള്ളിവിടുകയും ചെയ്യുന്നു. സമൃദ്ധമായ രക്ത വിതരണം കാരണം നഖത്തിനടിയിലെ പരന്ന ഭാഗം പിങ്ക് നിറത്തിൽ കാണപ്പെടുന്നു.

തലയോട്ടിയുടെ ചര്‍മത്തിന് അടിഭാഗത്തുള്ള മെട്രിക്സ് കോശങ്ങള്‍ വിഭജിക്കപ്പെട്ട് മുടി വളരുകയും പുറത്തേക്ക് വരികയും ചെയ്യുന്നു ഇതിനെ ഷാഫ്റ്റ് എന്നാണ് വിളിക്കപ്പെടുന്നത്. മുടിയുടെ കോശങ്ങള്‍ വേരുകളില്‍ നിന്നാണ് വളരുന്നത്. അവ ഹെയര്‍ ഫോളിക്കുകള്‍ എന്ന സഞ്ചി രൂപത്തില്‍ പൊതിഞ്ഞിരിക്കുന്നു. ഇതില്‍ ഒരു നാഡി ശൃംഖലയുണ്ട് (അതുകൊണ്ടാണ് മുടി പറിച്ചെടുക്കാൻ വേദന ഉണ്ടാകുന്നത്), മുടിയിൽ ലൂബ്രിക്കേറ്റ് ചെയ്യുന്ന എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ, തണുപ്പുള്ളപ്പോൾ മുടി എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്ന ഒരു ചെറിയ പേശി എന്നിവ അടങ്ങിയിട്ടുണ്ട്.

ഈ ഹെയര്‍ ഫോളിക്കുകള്‍ക്ക് താഴെഭാഗത്ത് ഹെയര്‍ പാപ്പില്ലകള്‍ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് സമീപമുള്ള മാട്രിക്സ് കോശങ്ങൾ വിഭജിച്ചാണ് പുതിയ രോമകോശങ്ങൾ ഉത്പാദിപ്പിക്കുന്നത്. തുടർന്ന് അവ കഠിനമാക്കുകയും മുടിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. പുതിയ രോമകോശങ്ങൾ നിർമിക്കപ്പെടുമ്പോൾ രോമങ്ങൾ ചർമത്തിന് മുകളിലേക്ക് തള്ളപ്പെടുകയും രോമങ്ങൾ വളരുകയും ചെയ്യുന്നു.

മുടിവളര്‍ച്ചയെ നിയന്ത്രിക്കുന്നതില്‍ പാപ്പില്ലകള്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കാരണം രോമകോശങ്ങള്‍ രൂപപ്പെടുത്തുന്നതിന് സ്റ്റെം സെല്ലുകളിലേക്ക് സിഗ്നലുകൾ അയക്കുന്നത് പാപ്പില്ലകളാണ്. തുടർന്ന് മാട്രിക്സ് കോശങ്ങൾക്ക് വിഭജിച്ച് പുതിയ വളർച്ചാ ഘട്ടം ആരംഭിക്കാനുള്ള സിഗ്നലുകൾ ലഭിക്കുന്നു.

നാല് ഘട്ടങ്ങളായാണ് മുടി വളരുന്നത്

  • അനജെൻ ഘട്ടം അല്ലെങ്കിൽ വളർച്ചാ ഘട്ടം; രണ്ട് മുതൽ എട്ട് വർഷം വരെ നീണ്ടുനിൽക്കുന്നു.

  • കാറ്റജെൻ അല്ലെങ്കിൽ പരിവർത്തന ഘട്ടം; വളർച്ച മന്ദഗതിയിലാകുകയും ഏകദേശം രണ്ടാഴ്ച നീണ്ടുനിൽക്കുകയും ചെയ്യുന്നു.

  • ടെലോജൻ ഘട്ടം അല്ലെങ്കിൽ വിശ്രമ ഘട്ടം; ഈ ഘട്ടത്തില്‍ വളര്‍ച്ച തീരെയുണ്ടാകില്ല. ഇത് സാധാരണയായി രണ്ടോ മൂന്നോ മാസം വരെ നീണ്ടുനിൽക്കും.

  • എക്സോജൻ അല്ലെങ്കിൽ ഷെഡിംഗ് ഘട്ടം; മുടി കൊഴിഞ്ഞ് അതേ ഫോളിക്കിളിൽ നിന്ന് പുതിയ മുടി വളരുന്ന ഘട്ടം.

ഓരോ ഫോളിക്കിളും അതിന്റെ ആയുസ്സിൽ 10 മുതല്‍ 30 തവണ ഈ ചക്രത്തിലൂടെ കടന്നുപോകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ എല്ലാ രോമകൂപങ്ങളും ഒരേ നിരക്കിൽ വളരുകയും ഒരേ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്താൽ എല്ലാര്‍ക്കും തല കഷണ്ടിയാവുക എന്ന ഘട്ടമുണ്ടാകും. സാധാരണയായി അത് സംഭവിക്കുന്നില്ല. ഏത് സമയത്തും, പത്തിൽ ഒരു ഫോളിക്കിള്‍ മാത്രമേ വിശ്രമ ഘട്ടത്തിലാവുകയുള്ളു. അതായത്, പ്രതിദിനം ഏകദേശം 100 മുതല്‍ 150 വരെ മുടികള്‍ കൊഴിയുമ്പോൾ ശരാശരി ഒരാളുടെ തലയിൽ 100,000 മുടികള്‍ ഉണ്ടാകും.

അപ്പോൾ വളർച്ചയുടെ വേഗതയെ ബാധിക്കുന്നതെന്താണ്?

ജനിതകമാണ് മുടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകം. ഒരു കുടുംബത്തിലുള്ളവരുടെ മുടി വളരുന്ന രീതി ഏകദേശം ഒരുപോലെയായിരിക്കും. മുടി വളര്‍ച്ചയെ സ്വാധീനിക്കുന്ന മറ്റ് ഘടകളുമുണ്ട്.

പ്രായം; ചെറുപ്പക്കാർക്ക് സാധാരണയായി വേഗത്തില്‍ മുടി വളരും. കാരണം ആരോഗ്യമുള്ള ആളുകളിൽ പോലും പ്രായം മുടിയുടെയും നഖത്തിന്‍റെയും വളർച്ചയിൽ വ്യത്യാസമുണ്ടാക്കും. വാർദ്ധക്യത്തോടൊപ്പം വരുന്ന മെറ്റബോളിസവും കോശവിഭജനവും മന്ദഗതിയിലാകുന്നു.

ഹോർമോൺ മാറ്റങ്ങൾ; ഗർഭധാരണം പലപ്പോഴും മുടിയുടെയും നഖത്തിന്‍റെയും വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നു. അതേസമയം ആർത്തവവിരാമവും സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉയർന്ന അളവും വളർച്ചാ നിരക്ക് മന്ദഗതിയിലാക്കും.

പോഷകാഹാരം: മുടിയുടെയും നഖത്തിന്‍റെയും വളർച്ചാ നിരക്കിന് സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് പോഷകാഹാരം. മുടിയും നഖവും പ്രധാനമായും കെരാറ്റിൻ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ ജലാംശം, കൊഴുപ്പ്, വിവിധ ധാതുക്കളും മുടിയുടെയും നഖത്തിന്‍റെയും വളര്‍ച്ചയെ സ്വാധീനിക്കും. അതുകൊണ്ട് പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം അത്യന്താപേക്ഷിതമായത്. ഇരുമ്പിന്റെയും സിങ്കിന്റെയും കുറവ് മുടി കൊഴിച്ചിലിനും പൊട്ടുന്ന നഖങ്ങൾക്കും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com