13 വയസുകാരില്‍ അക്രമവാസന കൂടുതൽ, ഹാലൂസിനേറ്റ് ചെയ്യാന്‍ വരെ തുടങ്ങിയിരിക്കുന്നു.., വില്ലൻ മൊബൈൽ ഫോൺ

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോ​ഗം അവരെ അക്രമാസക്തവും ഹാലൂസിനേഷന്‍ പോലുള്ള അവസ്ഥകളിലേക്കും തള്ളിവിടുമെന്നും പുതിയ പഠനം പറയുന്നു.
mobile phone
മൊബൈൽ ഫോൺ ഉപയോ​ഗം
Updated on

'കരയണ്ട തരാം..', ഒന്ന് മടിച്ചിട്ടാണെങ്കിലും കുട്ടികളുടെ വാശിക്കു മുന്നിൽ രക്ഷിതാക്കൾ തോൽക്കും. മൊബൈൽ ഫോണുകൾ വളരെ സിംപിളായി കുട്ടികളുടെ കൈകളിൽ. അതിൽ കുത്തിയും തോണ്ടിയും അവര്‍ ആ മായാലോകത്തേക്ക് എളുപ്പത്തിൽ വീണു പോവുകയും ചെയ്യും.

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോ​ഗം അവരുടെ മാനസികാവസ്ഥ തകരാറിലാക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ അത് ഒന്നരപടി കൂടി കയറി, കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോ​ഗം അവരെ അക്രമാസക്തവും ഹാലൂസിനേഷന്‍ (ഭ്രമാത്മകത) പോലുള്ള അവസ്ഥകളിലേക്കും തള്ളിവിടുമെന്നും പുതിയ പഠനം പറയുന്നു.

അമേരിക്കയിലെയും ഇന്ത്യയിലെയും കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോ​ഗം ഉണ്ടാക്കിയ മാനസികാവസ്ഥകളെ കുറിച്ച് സാപിയൻസ് ലാബ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജെന്‍ സീ-യിലെ കൗമാരക്കാർക്കിടയിൽ വർധിച്ചു വരുന്ന മാനസികാരോ​ഗ്യപ്രശ്നങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോ​ഗം ഒരു പ്രധാന ഘടകമാണെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

17 വയസുകാരന് ആദ്യമായി ഫോൺ കിട്ടുന്നത് അവന്റെ 11-ാം വയസിലാകാം. ഇപ്പോഴത്തെ 12 അല്ലെങ്കിൽ 13 വയസുള്ള കുട്ടികൾ അവരുടെ പത്താം വയസിൽ അല്ലെങ്കിൽ അതിനും മുൻപു തന്നെ മൊബൈൽ ഫോണുകൾ സ്വന്തമായി ഉപോ​ഗിച്ചു തുടങ്ങിയിട്ടുണ്ടാവും. ആദ്യമായി ഫോൺ ഉപയോ​ഗിക്കുന്നതിന്റെ പ്രായപരിധി കുറഞ്ഞു വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.

അമേരിക്കയിലെയും ഇന്ത്യയിലെയും 10,475 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ പകുതിയിലേറെ കുട്ടികളിലും അമിതമായ ദേഷ്യം, അക്രമസ്വഭാവം, ഹാലൂസിനേഷൻ തുടങ്ങിയ പ്രവണതകൾ വർധിച്ചു വരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. 13നും 17നും ഇടയിൽ പ്രായമായ കുട്ടികളിൽ 56 ശതമാനവും മാനസികമായ ബുദ്ധമുട്ടുകളും ദുരിതങ്ങളും നേരിടുന്നവരാണ്. ഇത് ജീവിതത്തെ നേരിടാനും ഉല്‍പാദനക്ഷമതയുള്ളവരാകാനുമുള്ള അവരുടെ കഴിവിനെ ബാധിക്കുന്നുവെന്നും പഠനം പറയുന്നു.

ദുഃഖം, ഭയം, കുറ്റബോധം എന്നീ വികാരങ്ങളോട് കൗമാരക്കാർ പൊരുതുകയാണെന്നും പഠനം പറയുന്നു. 50 ശതമാനത്തോളം കുട്ടികളിലും ഇത്തരം വികാരങ്ങള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ബാധിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു.

17 വയസുള്ളവരെക്കാൾ 13 കാരിലാണ് മോശം മാനസികാവസ്ഥ കണ്ടെത്തിയതെന്നും പഠനത്തിൽ വിശദീകരിക്കുന്നു. 13 വയസുള്ള കുട്ടികൾക്ക് അതിന് മുകളിലുള്ള പ്രായക്കാരെ സംബന്ധിച്ച് ഭ്രമാത്മകത അല്ലെങ്കിൽ ഹാലൂസിനേഷൻ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം കൂടുതലാണ്. ആക്രമണാത്മകത, ശത്രുത, പ്രകോപനം എന്നിവ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം വരെ കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. പെൺകുട്ടികളിലാണ് ഇത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. 13നും 17നും ഇടയിലുള്ള പെണ്‍കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം 65 ശതമാനമാണെങ്കില്‍ ആണ്‍കുട്ടികള്‍ക്കിടയില്‍ അത് 48 ശതമാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com