'പൊടുന്നനെ എനിക്ക് ചുറ്റും ലോകം നിശബ്ദമായി, ഞരമ്പുകള്‍ക്കായിരുന്നു പ്രശ്നം'; രണ്ടു ചെവിയും ഒരുപോലെ പണി മുടക്കിയപ്പോള്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏകദേശം 100 കോടിയോളം ചെറുപ്പക്കാരാണ് കേൾവി നഷ്ടത്തിന്റെ വക്കിൽ നിൽക്കുന്നത്.
HEARING LOSS
കേൾവിക്കുറവ്
Updated on

കേൾവി പരിമിതി അത്ര രസകരമല്ല. ചെറിയ ശബ്ദങ്ങൾ കേൾക്കാൻ കഴിയാതെ വരികയും വലിയ ശബ്ദങ്ങൾ അസ്വസ്ഥതയും വേദനയും മാനസിക സംഘർഷവും ഉണ്ടാക്കുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏകദേശം 100 കോടിയോളം ചെറുപ്പക്കാരാണ് കേൾവി നഷ്ടത്തിന്റെ വക്കിൽ നിൽക്കുന്നത്. ജീവിതശൈലി, ശബ്ദമലിനീകരണം, ജനിതകമായ കാരണങ്ങൾ എന്നിവ കൊണ്ട് കേൾവി തകരാറുകൾ സംഭവിക്കാം. പെട്ടെന്ന് ഒരു ദിവസം നിങ്ങൾക്ക് ചുറ്റുമുള്ള ലോകം നിശബ്ദമാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

2017 ജൂലൈയില്‍ പതിവുപോലെ ജോലിക്കു പോകാന്‍ എഴുന്നേറ്റപ്പോഴാണ് രണ്ട് ചെവികളും ഭൂമിയുമായുള്ള ശബ്ദ സാധ്യത ബന്ധുത്വം അവസാനിച്ചതായി ഡോ. അനിഷ്യ ജയദേവ് മനസിലാകുന്നത്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്​ ഇൻ ഗവണ്മെന്റ് പ്രൊഫസറാണ് ഡോ. അനിഷ്യ ജയദേവ്. ഏത് ജോലിയും ഏറ്റെടുക്കുന്ന പ്രകൃതം, സാമൂഹ്യമായി വളരെ ആക്ടീവായി നിന്നിരുന്ന അനിഷ്യ ജയദേവിന്‍റെ ജീവിതം കീഴ്മേല്‍ മറിയുന്നത് അന്ന് മുതലാണ്.

ചെവിയിൽ വെള്ളം കയറിയതാകാമെന്ന് കരുതി ആദ്യം കേള്‍വിക്കുറവിനെ അവഗണിച്ചു. 16-ാം വയസു മുതല്‍ ജനികത പ്രശ്നങ്ങളെ തുടര്‍ന്ന് വലതു ചെവിയുടെ കേള്‍വിയില്‍ ചെറിയ തകരാറുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചുണ്ടനക്കങ്ങള്‍ മനസിലാക്കി കേള്‍വിക്കുറവിനെ തല്‍ക്കാലം മറികടന്നു. പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ഒരു ഇഎൻഡി വിദ​ഗ്ധനെ കാണുന്നത്. അണുബാധയോ ഫംഗല്‍ബാധ ഇതുവരെ ഉണ്ടാകാതിരുന്ന ഇടതു ചെവിയുടെ കേള്‍വിശക്തി പൂര്‍ണമായും അപ്രത്യക്ഷമായത് ഞെട്ടലുണ്ടാക്കുന്നതായിരുന്നു. പ്രോഗ്രസീവ് ഹിയറിങ് ലോസ് എന്നാണ് ഇഎന്‍ടി വിദഗ്ധന്‍ പറഞ്ഞത്. ഞരമ്പുകള്‍ക്കാണ് പ്രശ്നം ഉണ്ടായത്. ഇഎൻടി വിദ​ഗ്ധൻ കേൾവി പൂർണമായും തിരിച്ചു കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യത പറഞ്ഞു.

hearing
പ്രതീകാത്മ ചിത്രം

ഇടത് ചെവിക്കുള്ളില്‍ മൂന്ന് ഇൻട്രാ തിംബാനിക് ഇഞ്ചക്ഷനുകൾ നൽകാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അപ്പോഴേക്കും വലതു ചെവി പഴയതു പോലെ ചെറുതായി കേള്‍വി മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. ഇഞ്ചക്ഷൻ കൊണ്ട് പ്രത്യേകിച്ച് മെച്ചമൊന്നുമുണ്ടായില്ല. അതിനൊപ്പം ജലദോഷം മുതലായ അസുഖങ്ങൾ വരാതിരിക്കാനായി ഒരു നേസൽ സ്പ്രേയും സജസ്റ്റ് ചെയ്തിരുന്നു. അത് ഏകദേശം ആറുമാസം ഉപയോഗിച്ചപ്പോഴേക്കും വലതു കണ്ണിൻറെ റെറ്റിനയിൽ ഒരു കറുത്ത പാട് വീഴുകയും കാഴ്ച പരിമിതമാവുകയും ചെയ്തു. ചികിത്സകൾക്ക് ശേഷം അത് പരിഹരിക്കപ്പെട്ടു.- അനിഷ്യ ജയദേവ് പറഞ്ഞു.

പിന്നീടുള്ള കാലം അത്ര എളുപ്പമായിരുന്നില്ല. ചുറ്റുമുള്ളവരും നമ്മുടെ കേള്‍വി പ്രശ്നവുമായി പൊരുത്തപ്പെടേണ്ട അവസ്ഥയുണ്ടായി. സാമൂഹികബന്ധങ്ങള്‍ കുറയാനും ഒറ്റപ്പെടലിലേക്ക് കൂപ്പുകുത്താനും തുടങ്ങി. സ്വഭാവികമായും മനുഷ്യരുമായുള്ള ബന്ധങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് ചുവടുമാറി തുടങ്ങി. ഇതിനിടെ പഴയ ട്യൂബ് ലൈറ്റ് ഓണാകുമ്പോൾ കേൾക്കുന്ന ശബ്ദം പോലെ ചെവിയില്‍ നിരന്തരം മുഴക്കം (ടിനിറ്റസ്), വിട്ടുമാറാത്ത തലകറക്കം (വെര്‍ട്ടിഗോ), ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ പിടിമുറുക്കി.

hearing loss
പ്രതീകാത്മ ചിത്രം

കേള്‍വിപ്രശ്നം നിരന്തരം മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചു. ആത്മാഭിമാനം കുറയുന്നതായി അനുഭവപ്പെട്ടു. ഔദ്യോഗിക തലത്തിൽ ഏത് ജോലിയും ഏറ്റെടുത്തു ചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തി എന്ന നിലയിൽ നിന്ന് ചുരുങ്ങി വേണ്ട ജോലികൾ മാത്രം ചെയ്തു തുടങ്ങി. മറ്റുള്ളവരോടുള്ള സമീപനം പരുക്കനായി. ഒരിക്കലും താന്‍ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലാത്ത മനുഷ്യർ തന്‍റെ പെരുമാറ്റം കണ്ട് അസ്വസ്ഥരായി. ഇയര്‍ ബാലന്‍സ് നഷ്ടപ്പെടുന്ന അവസരങ്ങളില്‍ ഓഫീസ് മുറിയുടെ നിലത്ത് കിടക്കുന്ന സാഹചര്യങ്ങളുണ്ടായെന്നും അനിഷ്യ ജയദേവ് പറയുന്നു.

രണ്ടര വർഷത്തിനുള്ളില്‍ ചുണ്ടുകള്‍ വായിച്ച് കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. അതിനിടെ തലകറക്കവും ടിനിറ്റസും മാറുന്നതിന് കഴിച്ച വെർട്ടിൻ, സ്റ്റുജർഓൺ പോലുള്ള ഗുളികകള്‍ മാനസികസന്തുലനാവസ്ഥ തകരാറിലാക്കുന്നതിന്‍റെ വക്കിലെത്തിയിരുന്നു. ഇതിനിടെ ഒരു ഇഎൻടി വിദഗ്ധൻ ഇടതു ചെവിയിലെ അവശേഷിക്കുന്ന കേൾവി ജന്റാമൈസിൻ ഇഞ്ചക്ഷൻ ചെയ്തു ഇല്ലാതാക്കിയാൽ ഒരുപക്ഷേ തലകറക്കം മാറിയേക്കാം എന്ന അഭിപ്രായപ്പെട്ടു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് വേണ്ടന്ന് വെയ്ക്കുകയായിരുന്നു.

പിന്നീട് സഹപ്രവര്‍ത്തകനായ ഡോ. ദിനേശന്‍റെ നിര്‍ദേശപ്രകാരമാണ് ഹോമിയോ പരീക്ഷിക്കാമെന്ന് വെച്ചത്. അത് ഫലം കണ്ടു. 2020-21 കാലയളവിലാണ് ഇത്. ഹോമിയോ ചികിത്സ തുടങ്ങിയ ശേഷം ഭീകരമായ തലകറക്കം ഉണ്ടായിട്ടില്ല. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങിലെത്തി (നിഷ്) ശബ്ദത്തിന്റെ ഡയറക്ഷൻ എങ്കിലും തിരിച്ചറിയാൻ വേണ്ടി ഇടത് ചെവിയിൽ ശ്രവണസഹായി ധരിച്ചു. അത് ജീവിതത്തിന്‍റെ നിലവാരം കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ സഹായിച്ചു. അതുവരെ ശ്രവണസഹായി ഉള്ള കേള്‍വി കൂടി ഇല്ലാതാക്കുമെന്ന ചിന്ത ഉണ്ടായിരുന്നു. എന്നാല്‍ ശ്രവണസഹായി ഘടിപ്പിക്കുന്നതില്‍ അപമാനമോ ഭയമോ തോന്നേണ്ട കാര്യമില്ലെന്നും അനിഷ്യ ജയദേവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com