
രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. എത്ര ശ്രമിച്ചാലും ഉറക്കം വരില്ല. ആഗോളതലത്തില്‍ നിരവധി ആളുകള്‍ നേരിടുന്ന ഇൻസോംനിയ എന്ന ഉറക്കപ്രശ്നത്തിന്‍റെ ലക്ഷണിത്. ഇൻസോംനിയ ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയ്ക്കുന്നതിനൊപ്പം നിരവധി മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണവുമാകാം. ജീവിതശൈലി മുതല്‍ സമ്മര്‍ദം വരെയുള്ള ഘടകങ്ങള്‍ ഉറക്ക പ്രശ്നങ്ങളിലേക്ക് നയിക്കാം. എന്നാല്‍ തീവ്രമായ വ്യായാമം ഇൻസോംനിയ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനം തെളിയിക്കുന്നു. അലസമായ ജീവിതശൈലിയാണ് ഇന്നത്തെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം. ശാരീരികമായി സജീവമാകുന്നതും ദിവസവും വ്യായാമം ചെയ്യേണ്ടതും ആരോഗ്യമുള്ള ജീവിതം നയിക്കേണ്ടതിന് പ്രധാനമാണ്.
ചൈനയില്‍ 18നും 29നും ഇടയില്‍ പ്രായമായ 147 വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ഏഴ് പകലും എട്ട് രാത്രിയും ശാരീരിക പ്രവർത്തനങ്ങളും ഉറക്കവും ട്രാക്ക് ചെയ്യുന്ന ഉപകരണങ്ങളുടെ സഹായത്തോടെ വിലയിരുത്തി. പ്രധാനമായും മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു പഠനം നടത്തിയത്.
മിതമായതും ഊർജ്ജസ്വലവുമായ ശാരീരിക പ്രവർത്തനങ്ങൾ (MVPA)
നേരിയ ശാരീരിക പ്രവർത്തനങ്ങൾ (LPA)
ഉദാസീനമായ പെരുമാറ്റം
പങ്കെടുത്തവരിൽ 41 പേർ ഇൻസോംനിയ ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഇൻസോംനിയ പരിഹരിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി. ദീര്‍ഘനേരമുള്ള ഇരിപ്പ്, നില്‍പ്പ്, കിടപ്പ് തുടങ്ങിയ ഉദാസീനമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നത് രാത്ര ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
എന്നാല്‍ ഇൻസോംനിയ ഇല്ലാത്തവരില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടെത്താനായില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. സമ്മർദ്ദം, ജീനുകൾ, ഭക്ഷണക്രമം എന്നിവ ഉറക്ക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാന്‍
ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കി ജോലിക്കിടെ ബ്രേക്ക് എടുത്ത് ചെറുതായി നടക്കുന്നത് നല്ലതാണ്.
സ്ക്രീന്‍ ടൈം ചുരുക്കുന്നത് ഉറക്കത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കും.
ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വെയ്ക്കാം.
നല്ല ഉറക്കം ലഭിക്കുന്നതിന് മഗ്നീഷ്യം, വിറ്റാമിന്‍ ബി, മെലാറ്റോണിന്‍, ട്രിപ്റ്റോഫാൻ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക