smoking
പുകവലി ആരോഗ്യത്തിന് ഹാനികരം

No Smoking Day: ഒരു സി​ഗരറ്റിൽ പുകച്ചു തീർക്കുന്നത് നിങ്ങളുടെ ആയുസിന്റെ 20 മിനിറ്റ്, പുകവലി ഉപേക്ഷിക്കാൻ ടിപ്സ്

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാം ബുധനാഴ്ചയാണ് പുകവലി വിരുദ്ധ ദിനം ആചരിക്കുന്നത്.
Published on

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാതെയല്ല ആളുകള്‍ ദിവസവും സിഗരറ്റുകള്‍ വലിക്കുന്നത്. 'പുകവലി ആരോ​ഗ്യത്തിന് ഹാനികരം' എന്ന മുന്നറിയിപ്പ് സിനിമ ടൈറ്റിലിൽ മുതൽ സി​ഗരറ്റ് പാക്കറ്റിൽ വരെ നമ്മൾ ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. എന്നാൽ അവ​ വളരെ നിസാരമായി അവഗണിക്കുകയാണ് പതിവ്. ഇന്ന് 'നോ സ്മോക്കിങ് ഡേ' അഥവാ 'പുകവലി വിരുദ്ധ ദിന'മാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാം ബുധനാഴ്ചയാണ് പുകവലി വിരുദ്ധ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം അത് മാര്‍ച്ച് 12 ആണ്.

1984-ല്‍ യുകെയിലാണ് നോ സ്മോക്കിങ് ഡേയ്ക്ക് തുടക്കം കുറിച്ചത്. പുകവലിക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശ്യം. പുകവലിക്കുന്നവരിൽ മാത്രമല്ല, പുകവലിക്കുന്നവര്‍ക്ക് സമീപം ആ പുക ശ്വസിക്കുന്നവരിലും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഓരോ വര്‍ഷവും ഓരോ സന്ദേശമുയര്‍ത്തിയാണ് നോ സ്‌മോക്കിങ് ദിനം ആചരിക്കുന്നത്. 'ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു ചുവട്' എന്നതാണ് ഇത്തവണത്തെ നോ സ്‌മോക്കിങ് ദിന സന്ദേശം.

ഒരു സി​ഗരറ്റ് ഒരു വ്യക്തിയുടെ ആയുസിന്‍റെ ഏകദേശം 20 മിനിറ്റ് വെട്ടിച്ചുരുക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുകവലി പ്രാഥമികമായി ഒരാളുടെ ആരോഗ്യകരമായ മധ്യവർഷങ്ങളെയാണ് ബാധിക്കുക. ഏത് പ്രായത്തിലും പുകവലി ഉപേക്ഷിക്കുന്നത് ദീർഘകാല ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പഠനം വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ ഏതാണ്ട് 80 ലക്ഷത്തോളം ആളുകളുടെ ജീവനാണ് പുകയില ഓരോ വര്‍ഷവും കവരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഇതില്‍ 70 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നത് നേരിട്ട് പുകയില ഉപയോഗത്തിന്‍റെ ഫലമായാണ്. അതേസമയം, 13 ലക്ഷത്തോളം ആളുകള്‍ പുകയില നേരിട്ട് ഉപയോഗിക്കാതെയുമാണ്. കാന്‍സറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ഥങ്ങള്‍ ഇത്തരത്തില്‍ വലിച്ചുകയറ്റുന്ന പുകയിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി കാരണമായേക്കാം എന്ന് വ്യക്തമായി അറിയാമെങ്കിലും വലി നിര്‍ത്താന്‍ ആളുകള്‍ കൂട്ടാക്കില്ല. പുകവലിക്കുന്നവരെ മാത്രമല്ല പുകവലിക്കുന്നവരുടെ സമീപം നില്‍ക്കുന്നവരുടെ ആരോഗ്യവും പുലയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ തകർക്കും.

മനുഷ്യന്‍റെ ആരോഗ്യത്തിന് പുറമെ ഭൂമിയുടെ നിലനില്‍പ്പിനെയും പുകയില ഇല്ലാതാക്കും. പ്രതിവര്‍ഷം ഏതാണ്ട് ആറ് ലക്ഷം കോടിയോളം സിഗരറ്റുകളാണ് വിവിധ കമ്പനികൾ നിര്‍മ്മിച്ച് വിപണിയിലിറക്കുന്നത്. പുകയില കൃഷിക്കായി ഏതാണ് 53 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് എടുക്കുന്നത്. കൂടാതെ പച്ചക്കറികൾക്ക് ഉപയോ​ഗിക്കുന്നതിന്റെ എട്ട് മടങ്ങ് വെള്ളമാണ് പുകയില കൃഷിക്ക് ആവശ്യമുള്ളത്. കൃഷി ചെയ്യുന്നതിനുള്ള ഭൂമി വൃത്തിയാക്കുന്നതിനും പുകയില ശുദ്ധീകരണത്തിന് ആവശ്യമായ വലിയ അളവിലുള്ള തടികൾക്കുമായി പ്രതിവർഷം 2,00,000 ഹെക്ടർ എന്ന തോതിൽ വനനശീകരണത്തിന് കാരണമാകുന്നു.

ശരാശരി ഒരു മരത്തിൽ നിന്ന് 15 പായ്ക്കറ്റ് സിഗരറ്റിന് ആവശ്യമായ പേപ്പർ ഉത്പാദിപ്പിക്കുന്നു. പുകയില വ്യവസായം ഓരോ വർഷവും ഏകദേശം 600 ദശലക്ഷം മരങ്ങളെയാണ് ഇത്തരത്തിൽ ഉപയോ​ഗിക്കുന്നത്. കൂടാതെ കാർബോൺഡൈഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡുകൾ പോലുള്ള വായു മലിനാകരണത്തിന് കാരണമാകുന്ന പുകയും പുകയില പുറന്തള്ളുന്നു. പുകയിലയുടെ ഉൽപ്പാദനവും ഉപഭോഗവും ഓരോ വർഷവും 17 ദശലക്ഷം ഗ്യാസ്-പവർ കാറുകൾ ഓടിക്കാൻ തുല്യമായ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നുവെന്നാണ് 2022 ൽ ലോകാരോ​ഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്.

നിരവധി രാസപദാർഥങ്ങൾ അടങ്ങിയ സി​ഗരറ്റ് കുറ്റികൾ കടലിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ കടലിലെ മൈക്രോ ജീവജാലങ്ങളെ ഉൾപ്പെടെ ഇത് ഇല്ലാതാക്കുന്നു. ഏതാണ്ട് ഒൻ‌പത് മാസത്തോളം വേണ്ടി വരും ഒരു സി​ഗരറ്റ് കുറ്റി അഴുകാൻ. 96 മണിക്കൂർ കൊണ്ട് ഒരു സിഗരറ്റ് കുറ്റിയിൽ നിന്ന് രാസവസ്തുക്കൾ 50 ശതമാനം മത്സ്യങ്ങളെ നശിപ്പിക്കാൻ ആവശ്യമായ വിഷാംശം പുറത്തുവിടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുകലവലി ഒഴിവാക്കാന്‍ സിമ്പിള്‍ ടിപ്സ്

  • പുകവലി ഉപേക്ഷിക്കാന്‍ കൃത്യമായ ഒരു കാരണം കണ്ടെത്തണം; ഒഴിച്ചുകൂടാനാവാത്ത വിധം പലരുടെയും ശീലത്തിന്‍റെ ഭാഗമാണ് പുകവലി. അതില്‍ നിന്നും ഒഴിവാകണമെങ്കില്‍ നിങ്ങളെ പിടിച്ചു നിര്‍ത്തുന്ന ഒരു കാരണം കണ്ടെത്തണം. അത് ഒരുപക്ഷേ നിങ്ങളുടെ കുടുംബമാകാം, പഠനമാകാം.

  • പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുക; ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഇല്ലെങ്കില്‍ എന്തെങ്കിലും സമ്മര്‍ദ്ദം തോന്നിയാല്‍ ചുണ്ടില്‍ ഒരു സിഗരറ്റ് കത്തിച്ചുവെക്കണം. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ മാറി ചിന്തിക്കാന്‍ തയ്യാറാകണം. പുകവലിക്കാന്‍ തോന്നുമ്പോള്‍ മിഠായി എല്ലെങ്കില്‍ ചൂയിങ് ഗം ഉപയോഗിക്കാം.

  • ഇത് അവസാനത്തേത്; നിര്‍ത്തുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി പുകവലിച്ചേക്കാം എന്ന് കരുതി വീണ്ടും വലിക്കരുത്. അത് നിങ്ങളെ വീണ്ടും വീണ്ടും പുകവലിക്കാന്‍ പ്രേരിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com