ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇനി സെക്കന്‍ഡിനുള്ളില്‍ അറിയാം; എഐ ആപ്പുമായി 14കാരന്‍

അനന്തപൂര്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ 14 വയസ്സുകാരനാണ് കണ്ടുപിടുത്തത്തിന് പിന്നില്‍
Siddharth Nandyala
സിദ്ധാർത്ഥ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം എക്സ്
Updated on

ഹൈദരാബാദ്: ഹൃദയാഘാതം അടക്കം ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇനി സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടുപിടിക്കാം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ 14 വയസ്സുകാരനാണ് രോഗനിര്‍ണയത്തില്‍ പുതിയ വഴിത്തിരിവാകുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ 'സിര്‍കാഡിയവി' എന്ന ആപ്ലിക്കേഷനാണ്, സിദ്ധാര്‍ത്ഥ് നന്ദ്യാല എന്ന എന്‍ആര്‍ഐ വിദ്യാര്‍ത്ഥിയുടെ സവിശേഷ സംഭാവന.

'സിര്‍കാഡിയവി' എന്ന ആപ്ലിക്കേഷന്‍ വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ വെറും ഏഴു സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടെത്താനാകും. ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സിദ്ധാര്‍ത്ഥ് ആപ്പ് ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിദ്ധാര്‍ത്ഥിനെ സെക്രട്ടേറിയറ്റിലേക്ക് ക്ഷണിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനം എന്നിവയില്‍ കണ്ടുപിടുത്തങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിദ്ധാര്‍ത്ഥിന് ഉറപ്പു നല്‍കി. സിദ്ധാര്‍ത്ഥ്, പിതാവ് മഹേഷ് എന്നിവര്‍ മുഖ്യമന്ത്രി നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് എന്നിവരും പങ്കെടുത്തു.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത് ഈ 14 വയസ്സുകാരന്‍ എളുപ്പമാക്കി! ഡള്ളാസില്‍ നിന്നുള്ള ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ സര്‍ട്ടിഫൈഡ് പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് നന്ദ്യാലയെ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്, ഒറാക്കിള്‍, ARM എന്നിവയില്‍ നിന്ന് സിദ്ധാര്‍ത്ഥ് സര്‍ട്ടിഫിക്കേഷനുകള്‍ നേടിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ ആപ്പായ സര്‍ക്കാഡിയന്‍ എഐ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന മെഡിക്കല്‍ രംഗത്തെ ഒരു മുന്നേറ്റമാണ്. ചന്ദ്രബാബു നായിഡു സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണ്‍ അധിഷ്ഠിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രോഗനിര്‍ണയത്തില്‍ 96 ശതമാനം കൃത്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ 15,000-ത്തിലധികം രോഗികളിലും ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളുള്‍പ്പെടെ ഇന്ത്യയിലെ 700 രോഗികളിലും ഇതിനോടകം ആപ്ലിക്കേഷന്‍ വഴി പരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ മുന്നേറ്റം മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാനുള്ള സിദ്ധാര്‍ത്ഥിന്റെ പരിശ്രമം ഏറെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com