
നോമ്പുകാലമായതിനാല്‍ പ്രമേഹ രോഗികളായ വിശ്വാസികള്‍ക്ക് പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളും ഉണ്ടാകാം. നോമ്പുകാലത്ത് പ്രമേഹം പരിശോധിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതും മിക്കപ്പോഴും വെല്ലുവിളിയാകാറുണ്ട്.
ദീര്‍ഘകാല പ്രമേഹ രോഗികളാണെങ്കിലും പ്രമേഹത്തിന്റെ പ്രാരംഭവസ്ഥയിലാണെങ്കിലും, പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുകയും ഇഫ്താര്‍ വേളയിലും, രാത്രികാലങ്ങളിലും, ഭക്ഷണം കൂടുതല്‍ കഴിക്കുന്നതും ശരീരത്തില്‍ പല വ്യതിയാനങ്ങള്‍ക്കും കാരണമാകും. ഇത് പ്രമേഹ രോഗചികിത്സയിലും ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കാം.
നോമ്പ് പിടിക്കുന്ന സമയത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഗ്ലൂക്കോസ് താഴ്ന്നു പോകാതെ നോക്കുകയാണ്. ഗ്ലൂക്കോസ് താഴ്ന്നു പോവുകയാണെങ്കിൽ നോമ്പ് മുറിക്കേണ്ടി വരും. പ്രമേഹ രോഗികളില്‍ പലരും ഇന്‍സുലിന്‍ എടുക്കുന്നവരായിരിക്കും ഇങ്ങനെയുള്ളവര്‍ നോമ്പു എടുക്കുമ്പോള്‍ കൃത്യമായി പ്രമേഹം പരിശോധിക്കേണ്ടത് നിര്‍ബന്ധമാണെന്ന് എന്‍ഡോക്രിനോളജിസ്റ്റായ ഡോ. വിഷ്ണു പറയുന്നു.
റംസാന്‍ നോമ്പുകാലത്ത് ഇന്‍സുലിന്‍ എടുക്കുന്ന പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രധാനമായും പ്രമേഹ രോഗികള്‍ സൂക്ഷിക്കേണ്ട രണ്ട് ചാര്‍ട്ടുകളുണ്ട്. ഒന്ന്, നോമ്പില്ലാത്തപ്പോള്‍ പ്രമേഹം പരിശോധിക്കാനുള്ള സാധാരണ ചാര്‍ട്ട് ആണ്. ഭക്ഷണത്തിന് മുന്‍പും ശേഷവും എന്ന നിലയിലാണ് പ്രമേഹം പരിശോധിക്കേണ്ടത്. അഞ്ച് ദിവസം അല്ലെങ്കില്‍ പത്ത് ദിവസത്തെ ഇടവേളയില്‍ ഇത് പരിശോധിച്ചു രേഖപ്പെടുത്താവുന്നതാണ്.
രണ്ട്, നോമ്പുകാലത്ത് പ്രമേഹം പരിശോധിച്ചു രേഖപ്പെടുത്തേണ്ട ചാര്‍ട്ട് ആണ്. അത് ആഴ്ചയില്‍ ഒരോ ദിവസവും കൃത്യമായി നോക്കേണ്ടതുണ്ട്. ഭക്ഷണത്തിന് മുന്‍പ്, ശേഷം എന്ന രീതിയിലല്ല നോമ്പുകാലത്ത് പ്രമേഹം പരിശോധിക്കേണ്ടത്. പകരം പ്രമേഹം പരിശോധിക്കാനുള്ല കൃത്യമായ സമയം ചാര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും ഡോ. വിഷ്ണു പറയുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ സമയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
ആദ്യ ആഴ്ചയില്‍ ഇത് കൃത്യമായി ചെയ്യണം. പ്രമേഹം 70ന് താഴെയും 300ന് മുകളിലും കയറാന്‍ പാടില്ല. പ്രമേഹത്തിന്റെ അളവു ഇതിനിടയില്‍ നില്‍ക്കുകയും മറ്റും ക്ഷീണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നോമ്പുമായി മുന്നോട്ടു പോകാം. പിന്നീട് ക്ഷീണം ഉള്ളപ്പോള്‍ പരിശോധിച്ചാല്‍ മതിയാകും. റംസാന്‍ ഡയബറ്റീസ് ബ്ലഡ് ഷുഗര്‍ ചാര്‍ട്ട് എന്ന പേരില്‍ ഓണ്‍ലൈനില്‍ സൗജന്യമായി ഇത്തരം ചാര്‍ട്ടുകള്‍ ലഭ്യമാണെന്നും ഡോക്ടര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക