
ന്യൂഡൽഹി: മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ അൽഷിമേഴ്സ് രോഗികളിൽ ഓർമശക്തി വീണ്ടെടുക്കാൻ ഫലപ്രദമായ ചികിത്സരീതി കണ്ടെത്തിയതായി ക്വീൻസ്‌ലാൻഡ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ. നിലവിൽ അൽഷിമേഴ്സിന് ചികിത്സയില്ല. രോഗത്തിന്റെ പുരോഗതി തടയുന്നതിനും രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും ചികിത്സകളുണ്ടെങ്കിലും അൽഷിമേഴ്സ് പൂർണമായും ഭേദമാക്കാൻ സാധിച്ചിരുന്നില്ല.
അൾട്രാസൗണ്ട് തെറാപ്പി അൽഷിമേഴ്‌സ് രോഗികളിൽ വൈജ്ഞാനിക പ്രവർത്തനം ഫലപ്രദമായി മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ക്യുബിഐയിലെ ക്ലെം ജോൺസ് സെന്റർ ഫോർ ഏജിങ് ഡിമെൻഷ്യ റിസർച്ച് ഗവേഷകർ കണ്ടെത്തി. മോളിക്യുലാർ സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എലികളിൽ നടത്തിയ പരീക്ഷണത്തിൽ കുറഞ്ഞ തീവ്രതയുള്ള അൾട്രാസൗണ്ട് ഫലപ്രദമായി തലച്ചോറിലെ വൈജ്ഞാനികശേഷി പുനഃസ്ഥാപിച്ചതായി ഗവേഷകർ കണ്ടെത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അൽഷിമേഴ്സ് രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തൽ.
പ്രായമായവരിൽ വൈജ്ഞാനിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നോൺ-ഇൻവേസിവ് മാർഗമാണ് തെറാപ്പിക് അൾട്രാസൗണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അൽഷിമേഴ്‌സ് രോഗമുള്ളവരിൽ പ്ലാക്കുകളും സങ്കീർണതകളും ഉണ്ടാക്കുന്ന അമിലോയിഡ്, ടൗ എന്നിവ നീക്കം ചെയ്യുന്നതിൽ അൾട്രാസൗണ്ട് തെറാപ്പി ഉപയോഗിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക