ഗ്ലൂട്ടത്തയോണ്‍ സുരക്ഷിതമോ? ബോട്ടോക്സ് ചികിത്സയുടെ പാർശ്വഫലങ്ങൾ

കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ നിയന്ത്രിക്കാനാണ് ഗ്ലൂട്ടത്തയോൺ ആദ്യം ഉപയോഗിച്ചിരുന്നത്.
Dermatologist Injecting Botox on Client's Forehead
Glutathione and BotoxPexels
Updated on
2 min read

കൂടുതൽ സുന്ദരിയും സുന്ദരനും ആയി കാണപ്പെടുണമെന്ന ആ​ഗ്രഹമാണ് പലപ്പോഴും സ്വയം പരിചരണത്തിന് പ്രചോദനമാകുന്നത്. അത് 'ഫെയര്‍ ആന്‍റ് ലൗലി' യില്‍ നിന്ന് 'ഗ്ലൂട്ടത്തയോണ്‍ ഇഞ്ചക്ഷന്‍' വരെ എത്തി നില്‍ക്കുന്നു. സൗന്ദര്യ സങ്കല്‍പം 'യുവത്വം' എന്ന ടാ​ഗിലേക്ക് മാത്രം ഒതുങ്ങിയതോടെ വിപണിയിൽ ആന്റി-ഏജിങ് ഉൽപന്നങ്ങളുടെ വിൽപന കുതിച്ചുയർന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടി ഷെഫാലി ജരിവാലയുടെ പെട്ടെന്നുണ്ടായ മരണം ഇത്തരം ആന്റി-ഏജിങ് ചികിത്സകളെ ചുറ്റിപ്പറ്റിയുള്ള ആശങ്ക വളർത്തുന്നതാണ്.

കഴിഞ്ഞ ഏഴ് മുതൽ എട്ട് വർഷമായി ഷെഫാലി പതിവായി വാർദ്ധക്യത്തിനെതിരായ മരുന്നുകൾ കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ചില വാർദ്ധക്യ വിരുദ്ധ ചികിത്സകള്‍ പ്രത്യേകിച്ച് ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവ ഹൃദയസ്തംഭനത്തിന് കാരണമായതാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കൃത്യമായ മാർ​ഗനിർദേശമില്ലാത്തതാണ് പലരും ഈ കുരുക്കിൽ പെട്ടു പോകാന്‍ കാരണം.

ചര്‍മത്തിന് മുന്‍പ് അത്ര വെളുപ്പില്ലാതിരുന്ന ഒരു സുഹൃത്തിനെ ഒരു ഇടവേളയ്ക്ക് ശേഷം കണ്ടപ്പോള്‍ വെളുത്തു തുടുത്തിരിക്കുന്നു. കാരണം തിരക്കിയപ്പോള്‍, കുറച്ചു മടിച്ചിട്ടാണെങ്കിലും കാര്യം പറഞ്ഞു, 'ഗ്ലൂട്ടത്തയോണ്‍'. സെലിബ്രിട്ടികള്‍ എല്ലാം ഇങ്ങനെ വെളുത്തിരിക്കുന്നതിന് പിന്നിലെ രഹസ്യം ഇതാണത്രേ. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ തുറന്നാല്‍ ഐവി ഗ്ലൂട്ടത്തയോണ്‍ ഗുളികകളുടെ വിവിധ ബ്രാന്‍ഡുകളുടെ പരസ്യം കാണാം. സാധാരണക്കാരെ കുറ്റം പറയാന്‍ കഴിയില്ല അത്രമാത്രം പ്രചാരം നേടിക്കഴിഞ്ഞു ഇത്തരം ആന്‍റി-ഏജിങ് ഉല്‍പ്പന്നങ്ങള്‍.

ഗ്ലൂട്ടത്തയോൺ എത്രത്തോളം സുരക്ഷിതമാണ്?

ശരീരത്തിലെ എല്ലാ കോശങ്ങളിലും അടങ്ങിയ ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടത്തയോൺ. ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ എന്നിങ്ങനെ പ്രധാനമായും മൂന്ന് അമിനോ ആസിഡുകൾ ഇതില്‍ അടങ്ങിയിരിക്കുന്നു. ചർമത്തിന് തിളക്കം നൽകാൻ ഗ്ലൂട്ടത്തയോൺ സഹായിക്കും. എന്നാല്‍ സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നതിലുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ചർമത്തിന്റെ പിഗ്മെന്റേഷൻ നിയന്ത്രിക്കുന്ന മെലാനിന്റെ അളവ് ഇത് കുറയ്ക്കുന്നു. ഗ്ലൂട്ടത്തയോണ്‍ ഉപയോഗത്തില്‍ അലർജി പ്രതിപ്രവർത്തനങ്ങൾ, കുറഞ്ഞ രക്തസമ്മർദ്ദം, വൃക്ക തകരാറുകൾ എന്നിവയാണ് സാധ്യതയുള്ള പാർശ്വഫലങ്ങൾ.

ചർമത്തിന് തിളക്കം നൽകുന്നതിനായി ഗ്ലൂട്ടത്തയോണ്‍ ഉപയോഗത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) അംഗീകാരം നൽകിയിട്ടില്ല. ആൽക്കഹോളിക് ഫാറ്റി ലിവർ, ഫൈബ്രോസിസ്, സിറോസിസ്, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകളിൽ ഇൻട്രാവണസ് ഉപയോഗത്തിനും കീമോതെറാപ്പിയിൽ നിന്നുള്ള വിഷാംശം നിർവീര്യമാക്കുന്നതിനും വേണ്ടിയാണ് ഗ്ലൂട്ടത്തയോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഐവി ഇൻഫ്യൂഷനുകളുടെയും സൗന്ദര്യവർധക ഫലങ്ങളെക്കുറിച്ചുള്ള ഗവേഷണം പരിമിതമാണ്. ചില അനുമാന തെളിവുകൾ പോസിറ്റീവ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇവ പലപ്പോഴും പഠനങ്ങളെക്കാൾ വ്യക്തിഗത അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ, ചർമത്തിന്റെ നിറത്തിൽ ശ്രദ്ധേയമായ വ്യത്യാസം വരുത്താൻ ശരീരം ഇതിൽ എത്രത്തോളം ആഗിരണം ചെയ്യുന്നു എന്നത് ചർച്ചാവിഷയമാണെന്നും വിദഗ്ധര്‍ പറയുന്നു.

കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ നിയന്ത്രിക്കാനാണ് ഗ്ലൂട്ടത്തയോൺ ആദ്യം ഉപയോഗിച്ചിരുന്നതെന്ന് . ചർമത്തിന് തിളക്കം നൽകുന്ന ഇതിന്റെ പ്രഭാവം പിന്നീടാണ് കണ്ടെത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഹൃദയത്തിന് ഗുണങ്ങളുള്ള ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണിത്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇവ എടുക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ വരെ തകരാറിലാക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉപവസിക്കുന്ന സാഹചര്യത്തില്‍ ഗ്ലൂട്ടത്തയോൺ ഡ്രിപ്പ് എടുക്കാൻ പാടില്ല, അത് അപകടകരമാണ്. കൂടാതെ വിറ്റാമിൻ ഡ്രിപ്പ് എടുക്കുന്നതിന് മുമ്പ് ഭക്ഷണം നിര്‍ബന്ധമായും കഴിച്ചിരിക്കണം. കാരണം രക്തത്തിലേക്ക് പെട്ടെന്ന് വലിയ അളവില്‍ പോഷകങ്ങള്‍ എത്തുമ്പോള്‍ ശരീരം അതിനായി തയ്യാറായിരിക്കണം. ഇല്ലെങ്കില്‍ അത് അനാഫൈലക്സിസ് എന്ന കടുത്ത അലർജി പ്രതികരണത്തിന് കാരണമാകും.

Dermatologist Injecting Botox on Client's Forehead
'മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുന്ന പോലെ', മേക്കപ്പ് കളഞ്ഞിരുന്നത് വെറും വെള്ളത്തില്‍, 'ഹോര്‍മോണ്‍ സ്കിന്‍' ദുരനുഭവം പറഞ്ഞ് യുവതി

അണുബാധ

NAD+ കാപ്സ്യൂളുകൾ മുതൽ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ IV ഡ്രിപ്പുകൾ വരെ, യുവത്വത്തെ ഉത്തേജിപ്പിക്കുന്ന മാര്‍ഗങ്ങളായി വികസിപ്പിച്ചെടുത്തിരിക്കുന്നു. എന്നാല്‍ ഇവയെല്ലാം വളരെ സുരക്ഷിതമെന്ന് തെറ്റിദ്ധരിക്കരുത്. മതിയായ സുരക്ഷയില്ലാതെ ഐവി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, ബി തുടങ്ങിയ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

IV ഗ്ലൂട്ടത്തയോൺ, പ്രത്യേകിച്ച് ഉയർന്ന അളവിലോ വളരെ വേഗത്തിലോ നൽകുമ്പോൾ, ഹൃദയ സംബന്ധമായ അപകടസാധ്യതകൾക്കും കാരണമാകും. ഇത് രക്തക്കുഴലുകളുടെ വികാസത്തിന് (വാസോഡിലേഷൻ) കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചിലരില്‍ പെട്ടെന്നുള്ള ഹൈപ്പോടെൻഷന് കാരണമാകും.

അപൂർവ സന്ദർഭങ്ങളിൽ, ഇത് ക്രമരഹിതമായ ഹൃദയമിടിപ്പ് , തലകറക്കം, ബോധക്ഷയം എന്നിവയ്ക്ക് കാരണമാകും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ അല്ലെങ്കിൽ ഹൃദ്രോഗങ്ങള്‍ക്ക് മരുന്നുകൾ കഴിക്കുന്നവർ എന്നിവർക്കാണ് അപകടസാധ്യത കൂടുതൽ. അത്തരം അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ഐവി തെറാപ്പി സമയത്ത് മെഡിക്കൽ വിലയിരുത്തലും തുടർച്ചയായ നിരീക്ഷണവും അത്യാവശ്യമാണ്.

Dermatologist Injecting Botox on Client's Forehead
ആളെക്കൊല്ലുന്ന സൗന്ദര്യവര്‍ധക വസ്‌തുക്കള്‍; ഷെഫാലിയും ഇര

ബോട്ടോക്സ് കുത്തിവയ്പ്പുകൾ

ഗ്ലൂട്ടത്തയോണ്‍ പോലെ ബോട്ടോക്സ് ഇന്ന് സൗന്ദര്യവർദ്ധക ചികിത്സയില്‍ ഏറ്റവും സാധാരണമായ ഒരു പദമായിരിക്കുകയാണ്. ബോട്ടോക്സ് കുത്തിവയ്പ്പുകൾ ഒരു നിശ്ചിത സമയത്തേക്ക് പേശിയുടെ ചലനം തടയാൻ ഒരു വിഷവസ്തു ഉപയോഗിക്കുന്നു. ഇത് വാര്‍ദ്ധക്യ ലക്ഷണങ്ങളായ ചര്‍മത്തിലെ ചുളിവുകളെ കുറയ്ക്കാന്‍ സഹായിക്കും. പലപ്പോഴും ഇത് വിജയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ വിലയിരുത്തല്‍ ഇല്ലെങ്കില്‍ ബോട്ടോക്സിൽ ബോട്ടുലിസം എന്ന അവസ്ഥയ്ക്ക് കാരണമാകാം.

ബോട്ടോക്സില്‍ അടങ്ങിയ ടോക്സിന്‍ ടാര്‍ഗറ്റ് ചെയ്ത പ്രദേശത്തിന് അപ്പുറത്തേക്ക് വ്യാപിക്കുകയും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് പേശി പക്ഷാഘാതം, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകുന്നു. മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുഖത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ മാത്രമേ ബോട്ടോക്സ് കുത്തിവയ്പ്പുകൾ അനുവദിക്കൂ. മുഖത്തോ ശരീരത്തിന്റെ മറ്റ് ഏതെങ്കിലും ഭാഗത്തോ ഇതേ രീതി ഉപയോഗിക്കുകയാണെങ്കിൽ വിപരീത ഫലങ്ങൾ അനുഭവപ്പെടും.

Summary

Explains the side effects of IV Glutathione and Botox.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com