
വിറ്റാമിനുകള്‍ എല്ലാം ആരോഗ്യകരമല്ലേ.., സുരക്ഷിതമല്ലേ..,ആവശ്യമല്ലേ.. എന്ന ചിന്ത നമ്മളില്‍ എല്ലാവര്‍ക്കും ഉള്ളതാണ്. എന്നാല്‍ വിറ്റാമിന്‍ ടോക്സിസിറ്റി എന്ന വാക്ക് പലര്‍ക്കും ഇന്നും പരിചിതമല്ല. സോഷ്യല്‍മീഡിയയും പരസ്യങ്ങളും കണ്ട് സ്വയം ചികിത്സ നടത്തുമ്പോള്‍ ചില വിറ്റാമിനുകള്‍ ശരീരത്തില്‍ അമിതമാകാനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും കാരണമാകും. അടുത്തകാലത്തായി ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി6 ടേക്സിസിറ്റി.
വിറ്റാമിന്‍ ബി6 ടോക്സിസിറ്റി അപൂര്‍വമാണെങ്കിലും മാരകമാകാവുന്ന ഒന്നാണ്. സപ്ലിമെന്‍റുകളുടെ അമിത ഉപയോഗമാണ് പലപ്പോഴും വിറ്റാമിന്‍ ബി6 ടോക്സിസിറ്റിയിലേക്ക് നയിക്കുന്നത്. വിറ്റാമിൻ ബി6 ടോക്സിസിറ്റി നാഡികൾക്ക് പരിക്കേൽപ്പിക്കുകയും മരവിപ്പ്, ഇക്കിളി, നടക്കാനും ചലിക്കാനും ബുദ്ധിമുട്ട് പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാക്കാം.
വിറ്റാമിൻ ബി6 അഥവാ പിറിഡോക്സിൻ സമാനമായ രാസഘടന പങ്കിടുന്ന ആറ് സംയുക്തങ്ങളുടെ ഒരു കൂട്ടമാണ്. ഇത് ഒരു അവശ്യ പോഷകമാണ്. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി 6 കൂടിയേ തീരൂ. നൂറോളം എൻസൈം റിയാക്ഷനുകളിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്, അന്നജം ഇവയുടെ ഉപാപചയപ്രവർത്തനങ്ങൾക്കും ബി വൈറ്റമിൻ ആവശ്യമാണ്.
രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ന്യൂറോട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിനും അരുണരക്താണുക്കളുടെ നിർമാണത്തിനും വൈറ്റമിൻ ബി 6 ആവശ്യമാണ്. വൈറ്റമിൻ ബി 6 ന്റെ അഭാവം വിഷാദത്തിനും വിളർച്ചയ്ക്കും കാരണമാകും. ഇത് ശരീരത്തിന് സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല. ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിന്‍ ബി6 ദൈനംദിന ഡയറ്റില്‍ നിന്ന് ലഭിക്കും.
19–50 വയസ് പ്രായമുള്ള മുതിർന്നവർക്ക് പ്രതിദിനം 1.3 മില്ലിഗ്രാം വിറ്റാമിൻ ബി6 ആവശ്യമാണ്. കൗമാരക്കാർക്കും കുട്ടികൾക്കും ശുപാർശ ചെയ്യുന്ന ഡോസ് കുറവാണ്. 51 വയസിനു മുകളിലുള്ളവർക്കും (പുരുഷന്മാർക്ക് 1.7 മില്ലിഗ്രാം, സ്ത്രീകൾക്ക് 1.5 മില്ലിഗ്രാം) മുലയൂട്ടുന്നവർക്കും ഗർഭിണികൾക്കും (1.9 മില്ലിഗ്രാം) ആവശ്യമാണ്. ഭക്ഷണത്തിൽ നമ്മൾ കഴിക്കുന്ന വിറ്റാമിൻ ബി6 നിഷ്ക്രിയമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി6 സജീവമാക്കാൻ, കരൾ അതിനെ പിറിഡോക്സൽ-5’-ഫോസ്ഫേറ്റ് (PLP) എന്ന സംയുക്തമാക്കി മാറ്റുന്നു.
ഈ രൂപത്തിൽ, വിറ്റാമിൻ ബി6 ശരീരത്തെ 140-ലധികം സെല്ലുലാർ പ്രവർത്തനങ്ങൾക്ക് സഹായിക്കും. അതിൽ പ്രോട്ടീനുകൾ നിർമിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുക, ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക, തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുക എന്നിവ ഉൾപ്പെടുന്നു. കൂടാതെ കാൻസർ സാധ്യതയും വീക്കവും കുറയ്ക്കുന്നതുമായും വിറ്റാമിന്‍ ബി6 ബന്ധപ്പെട്ടിരിക്കുന്നു.
ഭക്ഷണത്തിൽ സുലഭമായി ലഭ്യമാണെങ്കിലും, വിവിധ സപ്ലിമെന്റുകൾ, മൾട്ടിവിറ്റാമിനുകൾ, ബെറോക്ക, എനർജി ഡ്രിങ്കുകൾ തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളിലും വിറ്റാമിൻ ബി6 വ്യാപകമായി അടങ്ങിയിട്ടുണ്ട്.
ബി ഗ്രൂപ്പിലെ എട്ട് വിറ്റാമിനുകളും വെള്ളത്തിൽ ലയിക്കുന്നവയാണ്. ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വിറ്റാമിൻ കഴിച്ചാൽ, അത് മൂത്രത്തിലൂടെ എളുപ്പത്തിലും ദോഷരഹിതമായും പുറന്തള്ളപ്പെടും. എന്നാല്‍ ചില അപൂർവ സന്ദർഭങ്ങളിൽ, അമിതമായ വിറ്റാമിൻ ബി6 രക്തത്തിൽ അടിഞ്ഞുകൂടുകയും പെരിഫറൽ ന്യൂറോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
തലച്ചോറിനും സുഷുമ്‌നാ നാഡിക്കും പുറത്തുള്ള സെൻസറി നാഡികൾ തകരാറിലാകുകയും പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് പെരിഫറൽ ന്യൂറോപ്പതി. സാധാരണയായി ഉയർന്ന അളവിൽ B6 അടങ്ങിയ സപ്ലിമെന്റുകൾ കഴിക്കുമ്പോഴാണ് വിഷബാധ ഉണ്ടാകുന്നത്. സപ്ലിമെന്റ് കഴിക്കുന്നത് നിർത്തിയാൽ ഈ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും. എന്നാൽ ചില ആളുകൾക്ക് പൂർണ്ണമായും സുഖം പ്രാപിക്കാൻ മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ എടുത്തേക്കാം.
Vitamin B6 is a group of six compounds that share a similar chemical structure.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates