
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. സാന്ത്വന പരിചരണത്തിൽ (palliative care)കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടര്‍ന്നാണ് കോഴിക്കോട് കോര്‍പറേഷനിലെ മാറാട് പ്രവര്‍ത്തിക്കുന്ന മാറാട് മെഡിക്കല്‍ സെന്ററില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മാറാട് ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ യാതൊരുവിധ രേഖകളും ഇല്ലാതെ വില്‍പനയ്ക്കായി സൂക്ഷിച്ച ധാരാളം മോഡേണ്‍ മെഡിസിന്‍ മരുന്നുകളാണ് കണ്ടെത്തിയത്. സ്ഥാപനത്തില്‍ കണ്ടെത്തിയ മരുന്നുകളില്‍ ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇ.കെ. കണ്ണന്‍ രോഗികളെ ചികിത്സിച്ചിരുന്നത് എന്ന് കണ്ടെത്തി.
മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനാവശ്യമായ രജിസ്റ്റേട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ യോഗ്യതയോ മരുന്നുകള്‍ വില്‍പന നടത്തുന്നതിനാവശ്യമായ ഡ്രഗ് ലൈസന്‍സുകളോ ഇദ്ദേഹത്തിനില്ല എന്നും കണ്ടെത്തി.
ഇതിന്റെയടിസ്ഥാനത്തില്‍ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ മരുന്നുകളും കസ്റ്റഡിയിലെടുത്തു. ആ മരുന്നുകളും രേഖകളും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇത് കൂടാതെ പൊലീസും കേസ് എടുത്തിട്ടുണ്ട്.
സ്ഥാപനത്തില്‍ കണ്ടെത്തിയ മരുന്നുകളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഈ സ്ഥാപനത്തിലേക്ക് എത്തിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ. സുജിത് കുമാര്‍ നിര്‍ദേശം നല്‍കി.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മരുന്ന് വാങ്ങുന്നവര്‍ കൂടി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഏതെങ്കിലും ഫാര്‍മസികളോ ക്ലിനിക്കുകളോ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നെന്ന് ബോധ്യപ്പെട്ടാല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ ടോള്‍ ഫ്രീ നമ്പറായ 1800 425 3182 ൽ അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates