
തിരുവനന്തപുരം: മഴക്കാലത്ത് എലിപ്പനി പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവർക്ക് പനി ബാധിക്കുകയാണെങ്കിൽ ഉടനടി ചികിത്സ തേടണം. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാന്‍ സാധിക്കും.
എലിപ്പനി വരുന്നതെങ്ങനെ
എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശിവേദന, പനിയോടൊപ്പം ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
പ്രതിരോധം
മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക.
മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികള്‍ക്ക് കടന്നു ചെല്ലാന്‍ സാധ്യതയില്ലാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കുക.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല.
കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
മണ്ണുമായും മലിനജലവുമായും സമ്പര്‍ക്കം വരുന്ന കാലയളവില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിക്കുന്നത് എലിപ്പനി പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
സ്വയം ചികിത്സ പാടില്ല.
How to prevent leptospirosis and its symptoms
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates