സമകാലിക മലയാളം ഡെസ്ക്
ഭക്ഷണം പാഴാക്കാതിരിക്കാനും സമയവും അധ്വാനവും ലാഭിക്കാനും തലേദിവസം പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാൽ ഭക്ഷണം സൂക്ഷിക്കുന്ന രീതിയിലും വീണ്ടും ചൂടാക്കുന്ന രീതിയിലും ചെറിയ അശ്രദ്ധ പോലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
ഭക്ഷണത്തിന്റെ രുചിയും ഘടനയും നിലനിർത്തുന്നതിനൊപ്പം സുരക്ഷിതമായി വീണ്ടും ചൂടാക്കുന്നതും പ്രധാനമാണ്. ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കുകയും ആവശ്യത്തിന് ചൂടാക്കുകയും ചെയ്യുന്നത് ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം ചെറുതായി ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക. ഭക്ഷണത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചൂടെത്തുന്നുവെന്ന് ഉറപ്പാക്കണം. ആവി ഉയരുന്ന വിധത്തിൽ നന്നായി ചൂടാക്കുന്നതാണ് ഉചിതം.
അമേരിക്കൻ കാർഷിക വകുപ്പിന്റെ ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ പ്രകാരം, ബാക്കിയുള്ള ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ അതിന്റെ ആന്തരിക താപനില ഏകദേശം 74 ഡിഗ്രി സെൽഷ്യസിൽ (165°F) എത്തണം. സൂപ്പ്, കറി, സോസ് തുടങ്ങിയവ തിളപ്പിച്ചെടുക്കുന്നതും പ്രധാനമാണ്.
ഭക്ഷണം പാകം ചെയ്തശേഷം മണിക്കൂറുകളോളം അടുക്കളയിൽ പുറത്തുവെക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണം. അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിനു മുകളിലാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് സുരക്ഷിതം.
ആവശ്യത്തിന് മാത്രം ഭക്ഷണം എടുത്ത് ചൂടാക്കുന്നതാണ് നല്ലത്. മുഴുവൻ ഭക്ഷണവും വീണ്ടും ചൂടാക്കി ബാക്കിവരുന്നത് വീണ്ടും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കുക.
മൈക്രോവേവിൽ ഭക്ഷണം ചൂടാക്കുമ്പോൾ ചില ഭാഗങ്ങൾ നന്നായി ചൂടാകുകയും മറ്റുഭാഗങ്ങൾ തണുത്തുതന്നെ ഇരിക്കുകയും ചെയ്യാം. ഇത്തരം അസമമായ ചൂടാക്കൽ ഒഴിവാക്കാൻ ഭക്ഷണം ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.