പ്രമേഹ രോ​ഗികൾക്ക് കഴിക്കാവുന്ന പഴങ്ങൾ

അഞ്ജു സി വിനോദ്‌

പ്രമേഹമുള്ളവർ പഴങ്ങളോട് അൽപം ജാ​ഗ്രത പാലിക്കാറുണ്ട്. പല പഴങ്ങളിലും സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോ​ഗികൾക്ക് കഴിക്കാൻ കഴിയില്ല. പ്രമേഹരോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന 6 പഴങ്ങൾ.

ഞാവൽ പഴം

പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒന്നാണ് ഞാവൽ പഴം. ഇതിന് 25 ഗ്ലൈസെമിക് സൂചികയും ജാംബോളിൻ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്നു, അതിലൂടെ രക്തത്തിലെ പഞ്ചസാരയും അളവു ക്രമീകരിക്കാനും സഹായിക്കും.

പേരയ്ക്ക

പേരയ്ക്കയിൽ കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിട്ടുള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. വിറ്റാമിൻ സി പ്രമേഹരോഗികളിൽ കൂടുതലായി കാണപ്പെടുന്ന ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. പഴം മുഴുവനായും കഴിക്കുന്നതാണ് നല്ലത്.

പപ്പായ

പപ്പായയ്ക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. ഇതിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും.

തണ്ണിമത്തൻ

തണ്ണിമത്തനിൽ ഏതാണ്ട് 90 ശതമാനവും വെള്ളമാണ്. മിതമായ അളവിൽ തണ്ണിമത്തൻ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.

ആപ്പിൾ

ആപ്പിളിലെ ലയിക്കുന്ന നാരുകൾ (പെക്റ്റിൻ) പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും ചെയ്യുന്നു.

പ്ലം

ഇതിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. പ്രമേഹമുള്ളവർക്ക് മിതമായ അളവിൽ കഴിക്കാവുന്നതാണ്.