മെ​ഗാസ്റ്റാറുകൾക്കൊക്കെ വയസ്സായി, കെജി ജോർജിന്റെ തുടർച്ചയാണ് ചിദംബരം: അൻവർ അലി

ചന്ദ്ര സ്വസ്തി

എസ്തെറ്റിക്കലി ബ്രില്യന്റായ ഫിലിം മേക്കറായിരിക്കെത്തന്നെ ഇൻഡസ്ട്രിയിൽ കെജി ജോർജ്, പത്മരാജൻ, ഭരതൻ ഒക്കെ പ്രവർത്തിച്ചത് 'മിഡ് സിനിമ'യുടെ ആളുകളായിട്ടാണ്. പുതിയ കാലത്തെ മിഡ് സിനിമയുടെ വക്താവ് എന്ന നിവയിൽ ചി​ദംബരത്തിന്റെ ബാലന് വലിയ പ്രാധാന്യമാണുള്ളതെന്ന് കവിയും ​ഗാനരചയിതാവുമായ അൻവർ അലി. പഴയ ആർട്ട് സിനിമകളൊക്കെ നിന്നുവെന്നും സമാന്തര സിനിമകളൊക്കെ അവസാനിച്ചുവെന്നുമുള്ള വാദത്തോട് യോജിക്കുന്നില്ലെന്നും ഇമയൗ പോലെയുള്ള സിനിമകളും, കൃഷാന്തിന്റെ സിനിമകളുമൊക്കെയാണ് കുറേക്കൂടെ എസ്തെറ്റിക് സിനിമകളെന്ന് വിശ്വസിക്കുന്നുവെന്നും അൻവർ അലി സമകാലിക മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അൻവർ അലിയുടെ വാക്കുകളിലേക്ക്:

സിനിമയിൽ ചില എസ്തെറ്റിക് ഡിസിപ്ലിൻസ്, എസ്തെറ്റിക് കൺസേൺസ് ഒക്കെ ഫോളോ ചെയ്യണം. അതേസമയം പണം മുടക്കുന്ന പരിപാടിയാണ് പടം. അപ്പോൾ പണവും പടവും കൂടെ മുടങ്ങ​രുത് എന്നുമുണ്ട്. അതു രണ്ടും കലർന്നിട്ടുള്ള സിനിമയ്ക്ക് വലിയ ചരിത്രമുണ്ട്. കേരളത്തിൽ മിഡ് സിനിമ എന്നാണതിനെ വിളിച്ചിരുന്നത്. ഉദാഹരണം കെജി ജോർജ്. അ​ദ്ദേഹ​മൊരു ​ഗംഭീര ഫിലിം മേക്കറാണ്. എസ്തെറ്റിക്കലി ബ്രില്യന്റായ ഫിലിം മേക്കറായിരിക്കെത്തന്നെ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചത് മിഡ് സിനിമയുടെ ആളായാണ്. പദ്മരാജൻ, ഭരതൻ, മോഹൻ തുടങ്ങിയവരും അതിലുൾപ്പെടും.

രാമു കാര്യാട്ടിനെയും സേതുമാധവനെയും പോലെയുള്ളവരും ഫലത്തിൽ ഇതേ മിഡ് സിനിമ തന്നെയാണ് ആവിഷ്കരിച്ചത്. വലിയ പണം മുടക്കുള്ള മാധ്യമമായതുകൊണ്ട് പണം നഷ്ടം വരരുത് എന്നുള്ള തീരുമാനവും അതേസമയം എസ്തെറ്റിക്കലി ബ്രില്യന്റായ സിനിമ നിർമിക്കണമെന്ന ആ​ഗ്രഹവും ഉണ്ടായിരുന്നു. ഇടക്കാലത്ത് അതിന്റെ തുടർച്ച ദുർബലപ്പെട്ടിരിക്കാം. എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ അതിന്റെ തുടർച്ചയുണ്ടാകുന്നുണ്ട്.

യുവ സംവിധായകർ, യുവ തിരക്കഥാകൃത്തുക്കൾ, യുവ കലാകാരന്മാർ, ഇവർക്കൊക്കെ പുതിയതെന്തെങ്കിലും വേണമെന്ന തോന്നലുണ്ട്. പണ്ടത്തെ മെ​ഗാസ്റ്റാർഡത്തിനൊപ്പമല്ല. അവർക്കൊക്കെ വയസ്സായി. പുതിയതെന്തെങ്കിലുമൊക്കെ ഉണ്ടായിവരേണ്ട കാലമാണ്. ലോകത്തു തന്നെ ധാരാളം മാറ്റങ്ങളുണ്ടാവുകയാണ്. ഭാരതിരാജയുടെ കാലത്തു തുടങ്ങി ഇങ്ങോട്ട് ദളിത് സിനിമകളുടെ ഒരു മൂവ്മെന്റ് തമിഴിലുണ്ടെന്നാണ് ഞാൻ കരുതുന്നത്. വ്യത്യസ്തമായി മലയാള സിനിമയിലും സമൂഹത്തോടുള്ള കരുതലടങ്ങിയ ചിത്രങ്ങളുണ്ടാകുന്നുണ്ട്. അതിലുൾപ്പെടുന്ന ബ്രില്യന്റ് സിനിമയാണ് ​ബാലൻ. അപ്പോൾ പോലും ആർട്ട് ഓഫ് ഫിലിംമേക്കിങ്ങിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഒരുക്കുന്ന സിനിമ എന്നത് കുറച്ചുകൂടെ വ്യത്യസ്തമാണെന്നാണ് എന്റെ അഭിപ്രായം.

യൂറോപ്പിലെ ന്യൂവേവ് സിനിമ, ഇന്ത്യയിൽ സത്യജിത് റേയും ഋത്വിക് കുമാർ ഘട്ടക്കുമൊക്കെ പ്രതിനിധീകരിക്കുന്ന സിനിമ, കേരളത്തിൽ അരവിന്ദനേയും ജോണിനേയും അടൂരിനേയും പോലെയുള്ള ആളുകൾ പ്രതിനിധീകരിക്കുന്ന സിനിമ, എന്നിവയുടെ പുതിയകാല ആവിഷ്കാരത്തെയാണ് നമ്മൾ സ്വതന്ത്ര സിനിമകൾ ( ഇൻഡിപെന്റന്റ് സിനിമ ) എന്നു വിളിക്കുന്നത്. ഇമയൗ പോലെയുള്ള സിനിമ, കൃഷാന്തിന്റെ സിനിമ ഒക്കെയാണ് കുറേക്കൂടെ എസ്തെറ്റിക് എന്നാണ് ഞാൻ കരുതുന്നത്. അതിന് പ്രേക്ഷകരില്ല, ഫെസ്റ്റിവലിൽ മാത്രമേ പോകുന്നുള്ളൂ എന്നൊക്കെ പറയുന്നത് മാറി വരും. അത്തരം പ്രതിസന്ധികൾ എല്ലാകാലത്തും സിനിമ അഭിമുഖീകരിക്കുന്നുണ്ട്.

തീർച്ചയായും ഇൻഡ‍സ്ട്രിക്ക് അകത്തുനിന്നും ജോർജ് ഒക്കെ ചെയ്ത പരിപാടികളുടെ തുടർച്ചയാണ് ഇപ്പോൾ ചിദംബരത്തെപ്പോലെയുള്ള സംവിധായകർ ചെയ്യുന്നത്. അവർക്ക് എസ്തെറ്റിക്സിനെയും മാർക്കറ്റിനെയും പൂർണമായും ഉപേക്ഷിക്കാൻ വയ്യ. അങ്ങനെയാണ് മിഡ് സിനിമയുണ്ടാകുന്നത്. അതിന്റെ വക്താവ് എന്ന നിലയ്ക്ക് ബാലന് വലിയ പ്രാധാന്യമുണ്ട്. അതിനപ്പുറത്തേക്ക് പഴയ ആർട്ട് സിനിമകളൊക്കെ നിന്നു സമാന്തര സിനിമകളൊക്കെ അവസാനിച്ചു എന്ന വാദത്തോട് ഞാൻ യോജിക്കുന്നില്ല.

The megastars have aged; Chidambaram is the successor to K.G. George: Anwar Ali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates