സമകാലിക മലയാളം ഡെസ്ക്
ജീവിതം ഒന്നേ ഉള്ളൂ.., അത് മറ്റുള്ളവരുടെ വിചാരത്തിന് വിട്ടു കൊടുത്താല്‍, ജീവിതം ആസ്വദിക്കുക കുറച്ച് പ്രയാസമായിരിക്കും. ആളുകള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളില്‍ ഒന്ന് പ്രിയപ്പെട്ടവരുടെ പ്രതീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുകയും സ്വന്തം ഇഷ്ടങ്ങളെ ഒതുക്കിവയ്ക്കുകയും ചെയ്യുക എന്നതാണ്. ജീവിതം ആസ്വദിക്കാന്‍ 9 വഴികള്‍ ഇതാ:
'അഭിപ്രായങ്ങള്‍ വസ്തുതകള്‍ അല്ല'
ഏത് കാര്യത്തിനും എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടാകും. അത് ഓരോരുത്തരുടെയും അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും മുന്‍ഗണനയുടെയും അടിസ്ഥാനത്തില്‍ മാറിക്കൊണ്ടിരിക്കും. അത് ഒരിക്കലും വസ്തുതകള്‍ ആയിരിക്കില്ല. അത് മനസിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ എളുപ്പമാക്കാം.
പീപ്പിള്‍ പ്ലീസിങ്
മിണ്ടാതിരുന്നാല്‍ നാണക്കാരി, മിണ്ടിയാല്‍ അഹങ്കാരി, ചിരിച്ചാല്‍ ലക്ഷ്യബോധമില്ല, റിസ്‌ക്ക് എടുത്താല്‍ വെപ്രാളം- അങ്ങനെ ഏത് ഭാവമാണെങ്കിലും വിമര്‍ശിക്കാന്‍ ആളുകള്‍ ഉണ്ടാകും. ആളുകളെ പ്ലീസ് ചെയ്തു നില്‍ക്കുന്നത് മാനസിക സമ്മര്‍ദം കൂട്ടുന്നതിനൊപ്പം നിങ്ങളുടെ വ്യക്തിത്വത്തെയും ഇല്ലാതാക്കും.
സ്വന്തം മൂല്യങ്ങള്‍
മറ്റുള്ളവര്‍ വരയ്ക്കുന്ന വരയിലൂടെ നടക്കാതിരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം നിങ്ങള്‍ സ്വന്തം മൂല്യത്തിന് വേണ്ടി നിലകൊള്ളുക എന്നതാണ്. നിങ്ങളുടെ മൂല്യങ്ങള്‍ ഒരു കോമ്പസ് പോലെ നിങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കും.
ആവശ്യമില്ലാത്ത വിമര്‍ശനങ്ങള്‍ ചെവിക്കൊള്ളരുത്
ജീവിതത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചു വരുത്തേണ്ടതില്ല. നിങ്ങളുടെ മാനസിക ക്ഷേമത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ മാറ്റി നിര്‍ത്തുന്നതില്‍ അത്ര പ്രയാസപ്പെടേണ്ട ആവശ്യമില്ല.
മൈന്‍ഡ്ഫുള്‍നെസ്
മൈന്‍ഡ്ഫുള്‍നെസ് നിങ്ങളെ ബുദ്ധിപൂര്‍വം പ്രതികരിക്കാന്‍ സഹായിക്കും. മറ്റുള്ളവരുടെ അഭിപ്രായം നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുവെങ്കില്‍ ഒരു സാവകാശം നല്‍കിയ ശേഷം അതില്‍ ചിന്തിച്ചു പ്രതികരിക്കുക. ഒഴിവാക്കാന്‍ സാധിക്കുന്നതാണെങ്കില്‍ ഒഴിവാക്കുക.
നോ പറയാം
എല്ലായിടത്തും 'യെസ്' പറയുന്നത്, മാനസിക സമ്മര്‍ദവും നിങ്ങളുടെ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യവും ഉണ്ടാക്കും. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മുന്നില്‍ എപ്പോഴും തല കുനിക്കേണ്ടതില്ല. നോ പറയാനും പഠിക്കണം.
നിങ്ങളുടെ സര്‍ക്കിള്‍
നിങ്ങളെ അറിയാത്ത ആളുകളുടെ വിമര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, നിങ്ങളോട് അടുത്തു നില്‍ക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. സന്തോഷം കണ്ടെത്തുക.
ഏറ്റക്കുറച്ചിലുകളെ അംഗീകരിക്കുക
പെര്‍ഫക്ട് ആകാന്‍ വേണ്ടിയുള്ള ഓട്ടം നിങ്ങളെ വളരെ പെട്ടെന്ന് ക്ഷീണിപ്പിക്കും. ഏതെങ്കിലും രീതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളവരാണ് എല്ലാവരും. അത് നിങ്ങളെ നിങ്ങള്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും.
സ്വന്തം കഥ സ്വയം എഴുതുക
സ്വന്തം ജീവിതത്തിന്‍റെ തിരക്കഥ മറ്റാരെയും ഏല്‍പ്പിക്കാതെ സ്വയം എഴുതുകയും പ്രശ്നങ്ങളെ തരണം ചെയ്യുകയും ചെയ്യാന്‍ പഠിക്കുന്നത്. നിങ്ങളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കും. തെറ്റുകള്‍ സംഭവിക്കുമെന്ന ഭയം മുന്നോട്ടുള്ള ചുവടുവെയ്ക്ക് വൈകിപ്പിക്കും. തെറ്റുകള്‍ സംഭവിക്കുന്നത് നിങ്ങളെ അനുഭവമുള്ളവരാക്കും. അതും ആവശ്യമല്ലേ!