തെരഞ്ഞെടുപ്പിലെ 'ജയന്റ് കില്ലേഴ്സ്'

സമകാലിക മലയാളം ഡെസ്ക്

വമ്പൻ അട്ടിമറിയോടെയാണ് സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിന്റെ പാർലമെന്ററി രാഷ്ട്രീയത്തിന് തുടക്കം. 1967 ലെ തെരഞ്ഞെടുപ്പിൽ ബോംബെ സൗത്ത് മണ്ഡലത്തിൽ സ്വാതന്ത്ര്യസമര സേനാനിയും നെഹ്റു, ശാസ്ത്രി, ഇന്ദിരാ​ഗാന്ധി സർക്കാരുകളിൽ മന്ത്രിയുമായിരുന്ന സദാശിവ് കനോജി പാട്ടീലിനെയാണ് ജോർജ് ഫെർണാണ്ടസ് തോൽപ്പിക്കുന്നത്.

ജോർജ് ഫെർണാണ്ടസ് | ഫയൽ

1977 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അടിതെറ്റി. റായ്ബറേലിയില്‍ സ്വാതന്ത്ര്യസമര സേനാനിയും ജനതാപാര്‍ട്ടി നേതാവുമായ രാജ് നരൈനാണ് ഇന്ദിരയെ തോല്‍പ്പിച്ചത്. ഇന്ദിരയുടെ ഏക തോല്‍വിയും ഇതാണ്. രാജ് നരൈന്‍ മൊറാര്‍ജി മന്ത്രിസഭയില്‍ മന്ത്രിയുമായി

ഇന്ദിരാ​ഗാന്ധി | ഫയൽ

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച്, ആദ്യ പോരാട്ടത്തില്‍ തന്നെ വമ്പന്‍ നേതാവിനെ തന്നെ അട്ടിമറിച്ചു അമിതാഭ് ബച്ചന്‍. 1984 ല്‍ അലഹാബാദില്‍ എച്ച് എന്‍ ബഹുഗുണയെയാണ് ബിഗ്ബി പരാജയപ്പെടുത്തിയത്. റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം. രണ്ടു തവണ യുപി മുഖ്യമന്ത്രിയായിരുന്ന ബഹുഗുണ പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല

അമിതാഭ് ബച്ചന്‍ | ഫയൽ

സിനിമയില്‍ നിന്നും രാഷ്ട്രീയഗോദയിലെത്തി കന്നിപ്പോരില്‍ വന്‍ അട്ടിമറിയാണ് സുനില്‍ ദത്ത് നടത്തിയത്. 1984 ല്‍ ബോംബെ നോര്‍ത്ത് വെസ്റ്റില്‍ പ്രശസ്ത നിയമജ്ഞന്‍ രാംജേത് മലാനിയെയാണ് സുനില്‍ദത്ത് അട്ടിമറിച്ചത്.

സുനില്‍ ദത്ത് | ഫയൽ

സിനിമയില്‍ നിന്നെത്തി രാഷ്ട്രീയത്തിലെ കന്നിപ്പോരില്‍ അട്ടിമറി വിജയം നേടിയ വനിതയാണ് വൈജയന്തിമാല. 1984 ല്‍ മദ്രാസ് സൗത്തില്‍ പ്രശസ്ത എഴുത്തുകാരനും ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ എറ സെഴിയനെയാണ് വൈജയന്തിമാല പരാജയപ്പെടുത്തിയത്‌

വൈജയന്തിമാല | ഫയൽ

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സോമനാഥ് ചാറ്റര്‍ജിക്കും 1984 ലെ തെരഞ്ഞെടുപ്പില്‍ കാലിടറി. ജാദവ്പൂരില്‍ അന്ന് കോണ്‍ഗ്രസിന്റെ യുവനേതാവായിരുന്ന മമത ബാനര്‍ജിയാണ് ചാറ്റര്‍ജിയെ തോല്‍പ്പിച്ചത്. 29-ാം വയസ്സിലായിരുന്നു മമതയുടെ വമ്പന്‍ വിജയം. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സോമനാഥ് ചാറ്റര്‍ജി നേരിട്ട ഏക പരാജയവും ഇതാണ്

സോമനാഥ് ചാറ്റര്‍ജി | ഫയൽ

സിനിമയില്‍ നിന്നെത്തി രാഷ്ട്രീയത്തിലും വെന്നിക്കൊടി പാറിച്ചു വിനോദ് ഖന്ന. 1997 ലെ തെരഞ്ഞെടുപ്പില്‍ ഗുരുദാസ് പൂരില്‍ കോണ്‍ഗ്രസിന്റെ സുഖ്‌ബെന്‍സ് കൗറിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ വിനോദ് ഖന്ന തോല്‍പ്പിച്ചത്. തുടര്‍ച്ചയായി അഞ്ചുതവണ ലോക്‌സഭാംഗമായിരുന്ന ഏക വനിത എന്ന ബഹുമതിയോടെയാണ് സുഖ്‌ബെന്‍സ് കൗര്‍ മത്സരിക്കാനിറങ്ങിയത്.

വിനോദ് ഖന്ന | ഫയൽ

ബോളിവുഡില്‍ നിന്നെത്തി തെരഞ്ഞെടുപ്പിലും തിളങ്ങി ഗോവിന്ദ. 2004 ല്‍ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗോവിന്ദ, ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംനായിക്കിനെയാണ് അട്ടമറിച്ചത്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ എക്‌നാഥ് ഷിന്‍ഡെ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി ഗോവിന്ദ മത്സരിക്കുന്നുണ്ട്

ഗോവിന്ദ | ഫയൽ

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാംനബി ആസാദിനെ അട്ടിമറിച്ചാണ് ബിജെപിയുടെ ജിതേന്ദ്ര സിങ് പാര്‍ലമെന്റിലെത്തുന്നത്. 2014 ല്‍ ഉധംപൂരിലാണ് ജിതേന്ദ്രയുടെ സൂപ്പര്‍ വിജയം. ജിതേന്ദ്ര സിങ് നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയുമായി.

ജിതേന്ദ്ര സിങ് | ഫയൽ

2019 ല്‍ ഇന്ത്യ കണ്ട വമ്പന്‍ അട്ടിമറിയാണ് അമേഠിയിലേത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ഗാന്ധിയെ മുന്‍കാല ടെലിവിഷന്‍ താരവും ബിജെപി നേതാവുമായ സ്മൃതി ഇറാനിയാണ് അട്ടിമറിച്ചത്. 1980 മുതല്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ മണ്ഡലമായി അറിയപ്പെട്ടിരുന്ന അമേഠിയിലെ അട്ടിമറി വിജയം സ്മൃതി ഇറാനിക്ക് വന്‍താരപരിവേഷമാണ് നല്‍കിയത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മൃതി ഇറാനി | ഫയൽ