ഫോം ഔട്ട്, സമ്മര്‍ദ്ദം... ഇടവേള എടുത്ത ക്രിക്കറ്റ് താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ ആര്‍സിബി നിരയില്‍ മാക്‌സ്‌വെല്ലിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. താരം ടീമില്‍ നിന്നു സ്വയം മാറി നില്‍ക്കുകയായിരുന്നു. ശരീരികമായും മാനസികമായും തളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് മാക്‌സ്‌വെല്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയത്. 2019ലും സമാന രീതിയില്‍ മാക്‌സ്‌വെല്‍ ടീമില്‍ നിന്നു വിട്ടു നിന്നു

ഗ്ലെന്‍ മാക്സ്‍വെല്‍ | പിടിഐ

2022ല്‍ കരിയറിലെ മോശം ഫോമില്‍ നില്‍ക്കെ വിരാട് കോഹ്‌ലി ഒരു മാസത്തിലധികം ഇടവേള എടുത്തു. പിന്നീട് തിരിച്ചെത്തി ഫോമിലേക്കുയര്‍ന്നു. ഈയടുത്ത് ഭാര്യ അനുഷ്‌ക ശര്‍മ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കാനുള്ള തയാറെടുപ്പുകള്‍ നടത്തിയപ്പോഴും കോഹ്‌ലി ഇടവേളയെടുത്തു

വിരാട് കോഹ്ലി | പിടിഐ

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ഇത്തരത്തില്‍ കളിയില്‍ നിന്നു മാറി നിന്നിരുന്നു. 2021ലാണ് താരം മാനസികമായ തളര്‍ച്ചയെ തുടര്‍ന്നു വിട്ടു നിന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷം താരം ടീമിലേക്ക് മികവോടെ തിരിച്ചെത്തി

ബെന്‍ സ്റ്റോക്സ് | ട്വിറ്റര്‍

ഇംഗ്ലീഷ് താരം ജൊനാതന്‍ ട്രോട്ടും ഇടവേള എടുത്തിട്ടുണ്ട്. താരം ഏതാണ്ട് 16 മാസത്തോളമാണ് ക്രിക്കറ്റ് ഉപേക്ഷിച്ചു നിന്നത്. 2013ല്‍ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് സമ്മര്‍ദ്ദം താങ്ങാനാകാതെയുള്ള താരത്തിന്റെ പിന്‍മാറ്റം. 2015ല്‍ മടങ്ങിയെത്താനുള്ള ശ്രമം നടത്തിയെങ്കിലും അമിത ഉത്കണ്ഠ വിട്ടു പോകാതെ വന്നതോടെ താരം കളി മതിയാക്കി. 2022 മുതല്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീം പരിശീലകനാണ് ട്രോട്ട്

ജൊനാതന്‍ ട്രോട്ട് | ട്വിറ്റര്‍

2021ല്‍ ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നു ഐപിഎല്‍ കളിക്കാതെ വിട്ടുനിന്ന താരമാണ് ഓസീസ് സ്പിന്നര്‍ ആദം സാംപ. പണത്തേക്കാള്‍ മാനസിക ആരോഗ്യത്തിനാണ് പരിഗണന നല്‍കുന്നത് എന്നായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് പിന്നീട് പറഞ്ഞത്

ആദം സാംപ | ട്വിറ്റര്‍

ഇന്ത്യന്‍ താരം ഇഷാന്‍ കിഷനാണ് ഈയടുത്ത് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടീമില്‍ നിന്നു വിട്ടുനിന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് താരം നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ച്ചയായി പ്ലെയിങ് ഇലവനില്‍ നിന്നു തഴയപ്പെട്ടതടക്കമുള്ളവ താരത്തെ നിരാശയിലാക്കി

ഇഷാന്‍ കിഷന്‍ | പിടിഐ