മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

സമകാലിക മലയാളം ഡെസ്ക്

എല്ലാവര്‍ഷവും മെയ് 1നാണ് തൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കാനും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നത്.

1884ലാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയനുകള്‍ തൊഴിലിടങ്ങളിലെ സമയം എട്ടു മണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കുന്നത്.

ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് 1886ല്‍ തൊഴിലാളികള്‍ സംഘടിച്ചു, സമരം ചെയ്തു. കലാപം പൊട്ടിപ്പുറപ്പെട്ടു. ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ സമാധാനപരമായ ഒരു സമ്മേളനം നടത്തി പിരിഞ്ഞു പോകാന്‍ ശ്രമിക്കുന്നതിനിടെ ബോംബ് സ്‌ഫോടനം ഉണ്ടായത്. ഹേമാര്‍ക്കറ്റ് കൂട്ടക്കൊല എന്നും ഹേ മാര്‍ക്കറ്റ് കലാപം എന്നും ഈ സംഘര്‍ഷം അറിയപ്പെട്ടു.

ലോകത്തെ ഞെട്ടിച്ച ഹേ മാര്‍ക്കറ്റ് കലാപം ആണ് പിന്നീട് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിലേയ്ക്ക് എത്തിച്ചത്.

അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് 1899ല്‍ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു.

ഒരു വര്‍ഷത്തിന് ശേഷം 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിക്കുന്നത്.

തൊഴിലാളികളുടെ കഠിനാധ്വാനം തിരിച്ചറിയുക മാത്രമല്ല, അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുകയും ചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുക കൂടിയാണ് തൊഴിലാളി ദിനം ലക്ഷ്യമിടുന്നത്.