രാത്രി ഈ ഭക്ഷണങ്ങൾ കഴിച്ച് ഉറങ്ങാന്‍ കിടക്കരുത്

സമകാലിക മലയാളം ഡെസ്ക്

അത്താഴം നന്നായാല്‍ ഉറക്കം നന്നാവും, ഉറക്കം നന്നായാല്‍ ആരോഗ്യവും മെച്ചപ്പെടും. രാത്രി കഴിക്കുന്ന ഭക്ഷണത്തിന് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കാന്‍ കഴിയും. രാത്രി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്.

എരിവുള്ള ഭക്ഷണം

നാവിന് രുചികിട്ടാന്‍ ധാരാളം മാസാലയും എരിവും അടങ്ങിയ ഭക്ഷണം അത്താഴത്തിന് കഴിക്കുന്ന ശീലം നിങ്ങളുടെ വയറിനും ഉറക്കത്തിനും നല്ലതല്ല. ഇത് നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറ്റില്‍ അസിഡിറ്റി ഉണ്ടാവാനും ഇത് മെച്ചപ്പെട്ട ഉറക്കം തടസപ്പെടുത്താനും കാരണമാകുന്നു.

വറുത്ത പലഹാരങ്ങള്‍

പഴംപൊരി, സമൂസ, പരിപ്പുവട പോലുള്ള എണ്ണയില്‍ വറുത്ത പരഹാരങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കണം. ഇത് വയറ്റില്‍ അസ്വസ്ഥതയും ദഹനക്കേടും ഉണ്ടാക്കാം. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം തടസപ്പെടുത്തുന്നു.

മാംസ ഭക്ഷണങ്ങള്‍

ചിക്കന്‍, മട്ടന്‍ വിഭവങ്ങള്‍ കഴിവതും അത്താഴത്തില്‍ നിന്ന് ഒഴിവാക്കണം. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ രാത്രി ദഹിക്കാന്‍ പ്രയാസമാണ്. ഇത് ദഹനക്കേടിലേക്കും ഉറക്കം തടസപ്പെടുന്നതിലേക്കും നയിക്കാം.

മധുര പലഹാരങ്ങള്‍

അത്താഴത്തിന് ശേഷം അല്‍പം മധുരം ആകാമെന്ന് ചിന്തിച്ച് ജിലേബി, ലഡു പോലുള്ള മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയും അളവ് പെട്ടെന്ന് ഉയര്‍ത്തുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഉറക്കത്തിനിടെ വിശപ്പ് തോന്നിപ്പിക്കാനും ഇത് കാരണമാകുന്നു.

ചായയും കാപ്പിയും

ചായ, കാപ്പി പോലെ പാനീയങ്ങളില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം തടസപ്പെടാന്‍ കാരണമാകും.

ഇന്‍സ്റ്റന്‍ഡ് ന്യൂഡില്‍സ്

ഇന്‍സ്റ്റന്‍ഡ് ന്യൂഡില്‍സ് പോലുള്ളവയില്‍ സോഡിയവും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് രാത്രി കഴിക്കുന്നത് നിര്‍ജലീകരണത്തിനും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, മുന്തിരി പോലുള്ള സിട്രസ് പഴങ്ങള്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഒഴിവാക്കുക. ഇത് രാത്രി അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ അവസ്ഥ ഉണ്ടാക്കാനും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാനും കാരണമാകും.

മദ്യം

മദ്യം പെട്ടെന്ന് നിങ്ങളെ ഉറക്കത്തിലേക്ക് തള്ളിവിടാമെങ്കിലും ഇത് നിങ്ങളുടെ സ്ലീപ് സൈക്കിള്‍ തടസപ്പെടാന്‍ കാരണമാകും. മദ്യപിക്കുന്നത് നിങ്ങളുടെ ദീര്‍ഘ നേരത്തെ ഉറക്കത്തെ തടസപ്പെടുത്താനും അടുത്ത ദിവസം കടുത്ത ക്ഷീണം തോന്നാനും കാരണമാകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ