വെള്ളം കുടിക്കണം എന്ന് പറയുന്നതിന് പിന്നിലെ കാര്യം!

സമകാലിക മലയാളം ഡെസ്ക്

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ദിവസവും രണ്ട് ലിറ്റര്‍ മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ശരീരത്തിലെ താപനില നിയന്ത്രിക്കാന്‍

ശ്വസനം, വിയർപ്പ് എന്നിവയിലൂടെയാണ് ശരീരം താപനില നിയന്ത്രിക്കുന്നത്. അതിന് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്.

സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുന്നു

സന്ധികളിലും നട്ടെല്ലിൻ്റെ ഡിസ്കുകളിലും കാണപ്പെടുന്ന തരുണാസ്ഥിയിൽ ഏകദേശം 80 ശതമാനവും വെള്ളമാണ്. ഇത് ഫിക്ഷന്‍, സമ്മര്‍ദം, വേദന എന്നിവയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. ദീർഘകാല നിർജ്ജലീകരണം സന്ധി വേദനയിലേക്ക് നയിക്കും.

ഉമിനീർ ഉല്‍പാദനം

ഉമിനീർ ഭക്ഷണം ദഹിപ്പിക്കാനും വായ, മൂക്ക്, കണ്ണുകൾ എന്നിവ ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു. കൂടാതെ വെള്ളം കുടിക്കുന്നത് വായ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു.

ഓക്സിജൻ/ പോഷകങ്ങളുടെ സഞ്ചാരം

ശരീര കോശങ്ങളിലേക്ക് ഓക്സിജൻ, പോഷകങ്ങൾ എന്നിവ എത്തിക്കുന്നതിന് ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. രക്തത്തിന്റെ 90 ശതമാനത്തിലധികം വെള്ളമാണ്.

ചർമത്തിൻ്റെ ആരോഗ്യം

നിർജ്ജലീകരണം ചർമം പെട്ടെന്ന് പ്രായമാകാൻ കാരണമാകുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമത്തിന്‍റെ ഇലാസ്തികതയും തിളക്കവും കൂട്ടുന്നു.

തലച്ചോറിന്‍റെ ആരോ​ഗ്യം

നിർജ്ജലീകരണം തലച്ചോറിൻ്റെ ഘടനയെയും പ്രവർത്തനത്തെയും ബാധിക്കും. ഹോർമോണുകളുടെയും ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും ഉത്പാദനം കുറയ്ക്കാനും നിർജ്ജലീകരണം കാരണമാകുന്നു. നീണ്ടുനിൽക്കുന്ന നിർജ്ജലീകരണം ചിന്തയിലും യുക്തിയിലും പ്രശ്നങ്ങൾക്ക് ഇടയാക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

കുടൽ ശരിയായി പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. നിർജ്ജലീകരണം ദഹന പ്രശ്നങ്ങൾ, മലബന്ധം, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ