52 കോടി ഗുണഭോക്താക്കള്‍; പത്തുവര്‍ഷത്തിന്റെ നിറവില്‍ ജന്‍ ധന്‍ യോജന

സമകാലിക മലയാളം ഡെസ്ക്

മോദി സര്‍ക്കാരിന്റെ ഫ്‌ലാഗ് ഷിപ്പ് പദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പത്തുവര്‍ഷം പൂര്‍ത്തിയാക്കി. ഇതുവരെ 52 കോടിയില്‍പ്പരം ആളുകളാണ് ജന്‍ ധന്‍ അക്കൗണ്ടിന്റെ ഗുണഭോക്താക്കള്‍.

ഫയൽ

2014 ഓഗസ്റ്റ് 15ന് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പ്രഖ്യാപിച്ചത്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.

ഒരു കുടുംബത്തിന് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ 55 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണ്.

കോവിഡ് കാലത്ത് പൗരന്മാര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിച്ചു

പിഎം-കിസാന്‍ സമ്മാന്‍ നിധി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സാമൂഹിക സുരക്ഷാ സ്‌കീമുകളില്‍ നിന്നുള്ള ധനസഹായം ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ വഴി നേരിട്ടാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്.

ദരിദ്രജനവിഭാഗങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന തരത്തില്‍ സീറോ ബാലന്‍സ് അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്.സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകള്‍ പോലെ, ജന്‍ ധന്‍ അക്കൗണ്ടുകളിലും നിക്ഷേപിച്ച തുകയ്ക്ക് പലിശ ലഭിക്കും.

ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും 30,000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് 10,000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിനും അര്‍ഹതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ