പുളിപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം, മുണ്ടിനീരിനെ പ്രതിരോധിക്കാനുള്ള വഴികൾ

സമകാലിക മലയാളം ഡെസ്ക്

മുണ്ടിനീര്

ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പം പടരുന്ന വൈറല്‍ രോഗമാണ് മുണ്ടിനീര്. മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എ വൈറസ് മൂലം ആണ് ഇത് പകരുത്. വായുവിലൂടെ പകരുന്ന ഈ രോഗം പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുക.

ചെവിയുടെ താഴെ കവിളിന്‍റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്‍റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും.

അഞ്ചു മുതല്‍ 15 വയസ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുതെങ്കിലും മുതിര്‍വരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുത് മുതിര്‍വരിലാണ്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ രോഗം ബാധിക്കും.

ലക്ഷണങ്ങള്‍

ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വിശപ്പില്ലായ്മ, ശാരീരികമായ ദുര്‍ബലാവസ്ഥ, ഭക്ഷണം ചവക്കുമ്പോഴും ഇറക്കുമ്പോഴും വേദന തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങൾ. മുണ്ടിനീര് ബാധിച്ച മൂന്നിൽ ഒരാൾക്ക് രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടാറില്ല.

ചെവിയുടെ മുന്‍ വശത്തായി താടിയെല്ലിന് വേദന തോന്നിയാല്‍ രോഗം സംശയിക്കണം. കള്‍ച്ചറിലൂടെയോ രക്ത പരിശോധനയിലൂടെയോ രോഗ നിർണയം നടത്താം.

പകരുന്നത് എങ്ങനെ

വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുത്.

രോഗികള്‍ ശ്രദ്ധിക്കേണ്ടത്

വീട്ടില്‍ ഒറ്റപ്പെട്ട മുറിയില്‍ വിശ്രമിക്കുക,അധികം ചവക്കാനില്ലാത്ത ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, നാരങ്ങാ വര്‍ഗത്തിലുള്ളതും പുളിപ്പൂള്ളതുമായ ഭക്ഷണം ഒഴിവാക്കുക, തുടങ്ങിയ കാര്യങ്ങളും ചെയ്യേണ്ടതാണ്.

പ്രതിരോധം

എംഎംആര്‍ (മീസിലെസ് മംപ്സ് റുബെല്ല) വാക്സിനേഷന്‍ ആണ് രോഗം വരാതിരിക്കാന്‍ ഏറ്റവും പ്രധാന മാര്‍ഗം. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. സാധാരണയായി ഒന്ന് മുതല്‍ രണ്ട് ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക