സമകാലിക മലയാളം ഡെസ്ക്
എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന ഏറ്റവും അപകടകാരിയായ അര്‍ബുദമാണ് രക്താര്‍ബുദം. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്.
ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത് രോഗചികിത്സയില്‍ നിര്‍ണായകമാണ്. ശരീരം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്.
അമിതമായ ക്ഷീണം
നീണ്ടുനില്‍ക്കുന്ന അകാരണമായ ക്ഷീണം. ആരോഗ്യമുള്ള രക്തകോശങ്ങളെ നിര്‍മിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നതാണ് ക്ഷീണത്തിനും വിളര്‍ച്ചയ്ക്കും കാരണം.
ശരീരഭാരം കുറയുന്നത്
അകാരണമായി ശരീരഭാരം കുറയുന്നത് രക്താര്‍ബുദത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. അര്‍ബുദകോശങ്ങള്‍ ശരീരത്തിന്റെ ചയാപചയത്തെ ബാധിക്കുന്നതാണ് കാരണം.
അടിക്കടി അണുബാധ
രക്താര്‍ബുദം പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നത് ശരീരത്തില്‍ അടിക്കടി അണുബാധകള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.
മുറിവുകളും രക്തസ്രാവവും
ശരീരത്തില്‍ വളരെ എളുപ്പം മുറിവുകള്‍ ഉണ്ടാകുന്നതും മോണകളില്‍ നിന്ന് രക്തസ്രാവമുണ്ടാകുന്നതും ചെറിയ പരുക്ക് പറ്റിയാല്‍ പോലും നിര്‍ത്താതെ രക്തമൊഴുകുന്നതും രക്താര്‍ബുദവുമായി ബന്ധപ്പെട്ട ലക്ഷണമാണ്.
ലിംഫ് നോഡുകളില്‍ വീക്കം
പ്രതിരോധ സംവിധാനത്തിന്റെ പ്രധാന കണ്ണികളാണ് ലിംഫ് നോഡുകള്‍. ഇവയ്‌ക്കുണ്ടാകുന്ന വീക്കം ലിംഫോമയുടെ ലക്ഷണമാണ്. വേദനയില്ലാത്ത ഈ വീക്കങ്ങള്‍ സാധാരണ കഴുത്തിലും കക്ഷങ്ങളിലും നാഭിപ്രദേശത്തുമൊക്കെയാണ് പൊതുവേ ഉണ്ടാവുക.
എല്ലുകള്‍ക്ക് വേദന
എല്ലുകളില്‍ വേദനയും അസ്വസ്ഥതയും രക്താര്‍ബുദ ലക്ഷണമാണ്. പുറത്തും വാരിയെല്ലുകളിലുമൊക്കെ വരുന്ന തുടര്‍ച്ചയായ എല്ല് വേദനയെ അവഗണിക്കരുത്
രാത്രിയില്‍ വിയര്‍ക്കല്‍
രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നതും രക്താര്‍ബുദ ലക്ഷണമാകാം. സാധാരണ താപനിലയും ശാരീരിക പ്രവര്‍ത്തനങ്ങളുമെല്ലാം സാധാരണ നിലയിലായിരിക്കുമ്പോഴും ഇത്തരത്തില്‍ വിയര്‍ത്തൊഴുകുന്നത് ഗൗരവമായി എടുക്കേണ്ടതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക