കുട്ടികളിലെ പ്രമേഹ സാധ്യത; ഈ ശീലങ്ങള്‍ ഒഴിവാക്കാം

സമകാലിക മലയാളം ഡെസ്ക്

മുതിര്‍ന്നവരില്‍ മാത്രമല്ല, രാജ്യത്ത് കുട്ടികള്‍ക്കിടയിലും ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ടൈപ്പ് 2 പ്രമേഹം തടയാവുന്നതും ജീവിതശൈലി ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതുമാണ്.

കുട്ടികളില്‍ പ്രമേഹം ഹൃദ്രോഗം, വൃക്ക തകരാര്‍, കാഴ്ച വൈകല്യം എന്നിവയുള്‍പ്പെടെയുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് കുട്ടികളെ നയിക്കേണ്ടത് പ്രധാനമാണ്.

ഭക്ഷണക്രമം, വ്യായാമം, സ്‌ക്രീന്‍ സമയം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളാണ് ടൈപ്പ് 2 പ്രമേഹ സാധ്യതയെ ഏറ്റവും സ്വാധീനിക്കുന്നത്. കുട്ടികള്‍ക്കിടയിലെ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്ന ഈ ശീലങ്ങളെ ഒഴിച്ചു നിര്‍ത്താം.

അനാരോഗ്യകരമായ ഭക്ഷണരീതി

സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുര പാനീയങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഇത് കുട്ടികള്‍ അമിതമായി കഴിക്കുന്നത് പൊണ്ണത്തടിക്കും കാലക്രമേണ ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിക്കുന്നു.

ശാരീര വ്യായാമം

കുട്ടികള്‍ സജീവമായി ഓടിച്ചാടി കളിക്കേണ്ടത് പ്രധാനമാണ്. അമിതമായ സ്‌ക്രീന്‍ സമയം ഉദാസീനമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം. ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള ഇടവേളകള്‍ പ്രോത്സാഹിപ്പിക്കുകയും സജീവമായി കളിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.

ഉറക്കം

മോശം ഉറക്ക ശീലങ്ങള്‍ അമിതവണ്ണവും ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. ഓരോ രാത്രിയിലും കുട്ടികള്‍ക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ആരോഗ്യകരമായ ഹോര്‍മോണ്‍ നിയന്ത്രണത്തെ പിന്തുണയ്ക്കും. സ്‌ക്രീനില്‍ നിന്നുള്ള നീല വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തും.

സമ്മര്‍ദം

പാഠ്യേതര പ്രവര്‍ത്തനങ്ങളും സാമൂഹിക വെല്ലുവിളികളും കുട്ടികളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കും. ഇത് അവരുടെ സ്‌ട്രെസ് ഹോര്‍മോണ്‍ ഉത്പാദനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുകയും ചെയ്യാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates