ഹൃദയത്തിന് എക്സ്ട്രാ കെയര്‍, നടത്തം ഈ രീതിയില്‍ മാറ്റിപിടിക്കാം

സമകാലിക മലയാളം ഡെസ്ക്

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും സിംപിള്‍ വഴിയാണ് നടത്തം. എന്നാല്‍ വെറുതെ നടന്നാല്‍ ഉദ്ദേശിച്ച ഫലം കിട്ടണമെന്നുമില്ല. ശരിയായ നടക്കേണ്ടത് ഇങ്ങനെയാണ്.

നടത്തത്തിന്‍റെ വേഗം

നടത്തത്തിന്‍റെ വേഗം ഒരു പ്രധാന ഘടകമാണ്. വേഗത്തില്‍ നടക്കുന്നത് രക്തയോട്ടം കൂട്ടുകയും ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും.

വേഗതയില്‍ ഇടവേള

നടത്തത്തില്‍ ഓരേ വേഗത സൂക്ഷിക്കുന്നത് മടുപ്പും സന്ധിവേദനയ്ക്കും കാരണമാകും. അതുകൊണ്ട് വേഗത കൂട്ടിയും കുറച്ചും ഇടവേളയിട്ട് നടത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

കൈകള്‍ ആടി നടക്കാം

കൈകള്‍ ആടി നടക്കുന്നത് വ്യായാമത്തിന് എയറോബിക് ഘടകം നല്‍കുന്നു. ഇത് ശരീരത്തില്‍ രക്തയോട്ടം വര്‍ധിപ്പിക്കുയും ഓക്‌സിജന്‍ സഞ്ചാരം ഉറപ്പിക്കുകയും ചെയ്യും. കൂടാതെ കൈകള്‍ ചലിപ്പിക്കുന്നത് കലോറി കത്തിക്കുന്നതും വര്‍ധിപ്പിക്കും. പോശികളെ ടോണ്‍ ചെയ്യാനും ഇത് നല്ലതാണ്.

ശ്വസന വ്യായാമങ്ങൾ

നടക്കുന്നതിനിടെ ആഴത്തിൽ ശ്വാസം എടുക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. നടക്കുന്നതിനിടെ ആഴത്തിൽ ശ്വസിക്കുന്നത് ഹൃദയസ്തംഭന രോ​ഗികളുടെ ശാരീരിക പ്രവർത്തനങ്ങളോടുള്ള സഹിഷ്ണുത വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ഓക്സിജൻ സാച്ചുറേഷൻ മെച്ചപ്പെടുത്താനും സഹായിക്കും.

പ്രകൃതി

പച്ചപ്പ് നിറഞ്ഞ ഇടങ്ങളിൽ നടക്കുന്നത് മനസിനെയും ശരീരത്തെയും ശാന്തമാക്കും. ശുദ്ധവായുവും പ്രകൃതിയിലെ കാഴ്ചകളും ശബ്ദങ്ങളും സമ്മർദ ഹോർമോണുകളെ കുറയ്ക്കുന്നു. ഇത് രക്തസമ്മദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ഇത് മികച്ചതാണ്.

നടത്തം ട്രാക്ക് ചെയ്യാം

ഒരു ഫിറ്റ്നസ് ട്രാക്കർ അല്ലെങ്കിൽ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ നടത്തം ട്രാക്ക് ചെയ്യുന്നത് നല്ലതാണ്. കുറഞ്ഞത് 7000 മുതൽ 10,000 ചുവടുകൾ വരെ ഒരു ദിവസം നടക്കാൻ ലക്ഷ്യമിടുക. ഇത് ഹൃദ്രോ​ഗസാധ്യത ​ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക