തണുപ്പ് കൂടിയാൽ വിശപ്പും കൂടും, മഞ്ഞുകാലത്ത് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ ചില ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

മഞ്ഞുകാലം ആരോ​ഗ്യത്തിന് അത്ര നല്ലകാലമല്ല. പ്രതിരോധശേഷി കുറയുക മാത്രമല്ല, കാലാവസ്ഥയിൽ വരുന്ന ഈ മാറ്റം നമ്മുടെ ജീവിതശൈലിയെയും തകിടംമറിക്കാം. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും.

വ്യായാമം

തണുപ്പ് കൂടുന്നതോടെ പുറത്തുള്ള വര്‍ക്ക്ഔട്ടും വ്യായാമവുമൊക്കെ കുറയുന്നത് മൊത്തത്തിലുള്ള ശാരീരിക-മാനസികാരോഗ്യത്തെ ബാധിക്കാം. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും. ഇന്‍ഡോര്‍ വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നത് കലോറി കത്തിക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും.

വിശപ്പ്

തണുപ്പു കൂടിയാല്‍ വിശപ്പും കൂടും. അതിനാല്‍ ശരീരത്ത് അധികം തണുപ്പ് ഏല്‍ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ഈ കാലാവസ്ഥയില്‍ തെരഞ്ഞെടുക്കുക. കൂടാതെ ഇഞ്ചി, കറുവപട്ട, കുരുമുളക് പോലുള്ളവ ഡയറ്റില്‍ ചേര്‍ക്കുന്നത് ശരീരത്തെ ഉള്ളില്‍ നിന്ന് ചൂടായിരിക്കാന്‍ സഹായിക്കും.

കലോറി

മഞ്ഞുകാലത്ത് ഡയറ്റില്‍ നിന്ന് ഉയര്‍ന്ന കലോറി ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പകരം പച്ചക്കറികളും, നട്‌സും ഫ്രൂട്‌സും ചേര്‍ത്തുള്ള സൂപ്പുകള്‍ ഉള്‍പ്പെടുത്താം. ഇത് പോഷകസമൃദ്ധ എന്നതില്‍ ഉപരി അമിതമായ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.

ദാഹം

തണുത്ത കാലാവസ്ഥയില്‍ ദാഹം തോന്നുന്നത് കുറയും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് മതിയായ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും.

പ്രോട്ടീന്‍

തണുത്ത കാലാവസ്ഥയില്‍ പുഴുങ്ങിയ മുട്ട, തൈര്, കടല പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പേശികളുടെ ബലം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഉറക്കം

ശൈത്യകാലത്ത് ദിവസത്തിന്റെ ദൈര്‍ഘ്യം കുറവായതിനാല്‍ ഇത് ഉറക്ക രീതിയെ സ്വാധീനിക്കും. ഇത് ശരീരഭാരം കൂട്ടാനിടയാക്കും. ഊര്‍ജ്ജനില നിലനിര്‍ത്തുന്നതിനും ഹോര്‍മോണുകളുടെ പരിപാലനത്തിനും ഏഴ് മുതല്‍ ഒന്‍പതും മണിക്കൂര്‍ ഉറങ്ങണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക