എന്താണ് അക്ഷയതൃതീയ?; ഐശ്വര്യം ഉറപ്പ്!

സമകാലിക മലയാളം ഡെസ്ക്

വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ അക്ഷയതൃതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുമുണ്ട്.

ശ്രീകൃഷ്ണന്‍ കുചേലനെ കുബേരനാക്കിയത് ഈ ദിവസമാണെന്നാണ് വിശ്വാസം. അക്ഷയതൃതീയ ദിവസമാണ് ശ്രീകൃഷ്ണന്‍ പാഞ്ചാലിക്ക് അക്ഷയപാത്രം സമ്മാനിച്ചത്. അക്ഷയം എന്നതിന് ക്ഷയം ഇല്ലാത്തത് എന്നാണ് അര്‍ത്ഥം. ഈ ദിനത്തില്‍ ഈശ്വരകടാക്ഷം ലഭിച്ചാല്‍ സമ്പത്തിനോ ഐശ്വര്യത്തിനോ ആരോഗ്യത്തിനോ യാതൊരു കോട്ടവും സംഭവിയ്ക്കില്ലെന്നാണ് വിശ്വാസം.

അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിന് പുറമേ മറ്റു ചില പ്രത്യേക വസ്തുക്കള്‍ ദാനം നല്‍കുന്നതും ഏറെ നല്ലതാണ്. അരി, ഗോതമ്പ്, പയര്‍ വര്‍ഗം, പലവ്യഞ്ജനം, മധുരപലഹാരം എന്നിവയെല്ലാം ഈ ദിനം ദാനം ചെയ്യുന്നത് ഏറെ ശ്രേഷ്ഠമാണെന്നാണ് വിശ്വാസം. ഈ ദിവസം പായസമുണ്ടാക്കി മറ്റുള്ളവര്‍ക്ക് നല്‍കുന്നതും നല്ലതാണ്.

സ്വര്‍ണം വാങ്ങാന്‍ ഈ ദിനം എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. പകരം വെള്ളി വാങ്ങിച്ചാലും മതിയാകും. ഇതുപോലെ കല്ലുപ്പ് ഈ ദിനം വാങ്ങുന്നത് ഏറെ നല്ലതാണ്. കല്ലുപ്പില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. ഇതുപോലെയാണ് മഞ്ഞള്‍. ഇതും അന്നേ ദിവസം വാങ്ങുന്നത് ഏറെ നല്ലതാണ്.

ഈ ദിനം മഹാവിഷ്ണുവിന് അവില്‍ സമര്‍പ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. മഹാവിഷ്ണുവിനും ലക്ഷ്മീദേവിയ്ക്കുമായി ഈ ദിനം മധുരമുള്ള പഴങ്ങളും പായസവുമെല്ലാം പൂജാമുറിയില്‍ സമര്‍പ്പിയ്ക്കുന്നതും ഏറെ ശ്രേഷ്ഠമാണെന്നാണ് വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ