രാവിലെ വെറും വയറ്റിൽ ​ഗ്രാമ്പൂ; സന്ധിവാതത്തിനും പ്രമേഹത്തിനും ബെസ്റ്റാ!

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാൻ പൊതുവെ ഉപയോ​ഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ​ഗ്രാമ്പൂ. ​എന്നാൽ ഇവയിൽ അത്ഭുതകരമായ ആരോ​ഗ്യ ​ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ദിവസവും വെറും വയറ്റിൽ ഒന്നോ രണ്ടോ ​ഗ്രാമ്പൂ കഴിക്കുന്ന ശീലം നിങ്ങൾക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. ​

യൂജെനോൾ

​ഗ്രാമ്പൂവിൽ അടങ്ങിയ യൂജെനോൾ എന്ന സംയുക്തത്തിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഓക്സിഡന്റ് ​ഗുണങ്ങളുണ്ട്. ഇത് സന്ധിവാതം പോലുള്ള രോ​ഗങ്ങൾ മൂലമുണ്ടാകുന്ന വീക്കം തടയാനും ഫ്രീ റഡിക്കലുകളെ ചെറുത്ത് ഹൃദ്രോ​ഗം, പ്രമേഹം, ചില അർബുദങ്ങൾ തുടങ്ങിയവയുടെ അപകട സാധ്യത കുറയ്ക്കും.

ദന്തസംരക്ഷണം

​ഗ്രാമ്പൂവിൽ അടങ്ങിയ ആന്റി-ബാക്ടീരിയൽ ​ഗുണങ്ങൾ വായ എപ്പോഴും ഫ്രഷ് ആയി സൂക്ഷിക്കാൻ സഹായിക്കും. കൂടാതെ പല്ലുവേദന സംഹാരിയായും കാലങ്ങളായി ഗ്രാമ്പൂ ഉപയോഗിച്ചുവരുന്നു. വായിലെ വീക്കം, ശിലാഫലകം, മോണ വീക്കം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

കരൾ

​ഗ്രാമ്പൂ കഴിക്കുന്നതിലൂടെ കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടാന്‍ സഹായിക്കും. ഇതിൽ അടങ്ങിയ തൈമോൾ, യൂജെനോൾ സംയുക്തങ്ങൾ കരളിന് സംരക്ഷണം നൽകുന്നു. മാത്രമല്ല പുതിയ കോശവളർച്ച, കരൾ ഡീറ്റോക്സ് എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹം

പ്രമേഹത്തെ നിയന്ത്രിക്കാനും ​ഗ്രാമ്പൂ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ഇൻസുലിൻ സ്രവണം മെച്ചപ്പെടുത്തുന്നതിനും ബീറ്റാ സെൽ പ്രവർത്തനത്തിനും സഹായിക്കും.

ഓക്കാനം

മോണിങ് സിക്നസ് ഉള്ളവർക്ക് ​​ഗ്രാമ്പൂ വെറും വയറ്റിൽ ചവയ്ക്കുന്നത് ഗുണം ചെയ്യും. ​ഗ്രാമ്പൂവിൽ അനസ്തെറ്റിക്, ആന്റി-സെപ്റ്റിക് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ​ഗ്രാമ്പുവിന്റെ നീര് ഉമിനീരുമായി കൂടിച്ചേരുമ്പോൾ‌ ചില എൻസൈമുകൾ പുറത്തുവിടുന്നു, ഇത് ഓക്കാനം സംബന്ധിച്ച ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ദഹനം

​ഗ്രാമ്പൂ ദഹന എൻസൈമുകളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വായറ്റിലുണ്ടാകാവുന്ന അസ്വസ്ഥതകൾ ഒഴിവാക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക