നിറം നോക്കി വിധിക്കരുത്, നല്ല ഓറഞ്ച് ഇങ്ങനെ തെരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്

ഓറഞ്ചുകളുടെ സീസൺ തുടങ്ങിയതോടെ കടകളിൽ ഓറഞ്ച് വിൽപന തകൃതിയാണ്. വിറ്റാമിൻ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയായ ഓറഞ്ച് പ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ നല്ല ഓറഞ്ച് തെരഞ്ഞെടുക്കുക പലർക്കും ഒരു വെല്ലിവിളിയാണ്.

ഭാരം നോക്കാം

ഓറഞ്ച് വാങ്ങുന്നതിന് മുന്‍പ് കയ്യിലെടുത്ത് അതിന്‍റെ ഭാരം ഒന്നു പരിശോധിക്കുക. അത്യാവശ്യം ഭാരം ഉണ്ടെങ്കിൽ അതിൽ നീരു കൂടുതൽ ഉണ്ടാകും. രുചികരവുമായിരിക്കും. അതേസമയം നീർ വറ്റിയതിന് ഭാരക്കുറവായിരിക്കും.

ഞെക്കി നോക്കാം

ഓറഞ്ച് കയ്യിലെടുത്ത ശേഷം ഉള്ളം കയ്യിൽ വെച്ച് ഒന്ന് ഞെക്കി നോക്കുക. അമിതമായി ഞെങ്ങു കൊള്ളുന്നതും ഒട്ടും ഞെങ്ങു കൊള്ളാത്തതുമായ ഓറഞ്ച് എടുക്കരുത്. അമിതമായി ഞെഞ്ഞുന്നത് ഉള്ളിൽ ചീഞ്ഞതാകാൻ സാധ്യതയുണ്ട്.

നിറം

നിറം നോക്കി വിധിക്കരുത്. ചിലപ്പോൾ നല്ല നിറമുള്ള ഓറഞ്ചുകൾ ഉള്ളില്‍ ചീത്തയാകാന്‍ സാധ്യതയുണ്ട്. ചില പച്ച നിറമുള്ള ഓറഞ്ചുകൾക്ക് നല്ല സ്വാദും നീരും ഉണ്ടായിരിക്കാം.

തൊലിയുടെ കട്ടി

ഓറഞ്ചിന്‍റെ തൊലിക്ക് നല്ല കട്ടിയുണ്ടെങ്കിൽ അത്തരം ഓറഞ്ച് വാങ്ങാതിരിക്കുക. കാരണം തൊലിക്ക് കട്ടി വന്നിട്ടുണ്ടെങ്കിൽ ആ ഓറഞ്ചിന്റെ ഗുണം നശിച്ചു തുടങ്ങിയെന്നാണ് അർഥം.

സീസൺ

സീസണിൽ തന്നെ ഓറഞ്ച് വാങ്ങാൻ ശ്രമിക്കുന്നതാണ് നല്ലത്. ഓറഞ്ചിന്‍റെ സീസണില്‍ വാങ്ങിയാല്‍, നല്ലതും, സ്വാദേറിയതുമായ പലതരത്തിലുള്ള ഓറഞ്ച് വാങ്ങാന്‍ ലഭിക്കുന്നതാണ്. ഇവയ്ക്ക് സ്വദും കൂടുതലായിരിക്കും. വെറുതേ കഴിക്കാനും, ജ്യൂസ് അടിച്ച് കുടിക്കാനും വളരെ നല്ലതായിരിക്കും.

താപനില

ഓറഞ്ച് എപ്പോഴും തണുത്ത കാലാവസ്ഥയിലാണ് സൂക്ഷിക്കേണ്ടത്. സൂര്യപ്രകാശം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതുപോലെ വഴിയരികില്‍ നിന്ന് വാങ്ങിക്കുമ്പോഴും കൂടുതല്‍ വെയില്‍ കൊണ്ടില്ലെന്ന് ഉറപ്പാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക