സമകാലിക മലയാളം ഡെസ്ക്
പിങ്ക് നിറത്തിലുള്ള തൊലിയോട് കൂടിയ മധുരക്കിഴങ്ങ് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പേരു പോലെ തന്നെ നല്ല മധുരമാണ് ഈ കിഴങ്ങുകള്‍ക്ക്. നമ്മള്‍ മലയാളികള്‍ പൊതുവെ പുഴുങ്ങിയാണ് കഴിക്കാറുള്ളതെങ്കിലും മധുരക്കിഴങ്ങ് കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. രുചിയില്‍ മാത്രമല്ല ഗുണത്തിലും മധുരക്കിഴങ്ങ് പൊളിയാണ്.
പോഷകസമൃദ്ധം
നിരവധി പോഷകങ്ങള്‍ നിറഞ്ഞതാണ് മധുരക്കിഴങ്ങ്. അതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, നാരുകള്‍, ആന്റി-ഓക്‌സിഡന്റുകള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര പരിധിയിലാക്കാനും സഹായിക്കും.
ദഹനം
രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയോ, വൈകുന്നേരം സ്നാക്സ് ആയോ മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുക മാത്രമല്ല ആരോഗ്യകരമായ ശരീരഭാരം നിലര്‍ത്താനും സഹായിക്കും.
ശരീരവീക്കം
ഇവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ നീക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ ചര്‍മം
ചര്‍മം തിളങ്ങാനും മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബീറ്റ-കാരോറ്റിനി എന്ന സംയുക്തം മധുരക്കിഴങ്ങില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പ്രമേഹം
മധുരമാണെങ്കിലും പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയായതു കൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമെന്ന ഭയം വേണ്ട. കൂടാതെ ഊര്‍ജ്ജം നിലനിര്‍ത്താനും ഇത് സഹായിക്കും.
ഹൃദയാരോഗ്യം
മധുരക്കിഴങ്ങില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
അയണ്‍
രക്തത്തില്‍ അയണിന്‍റെ അഭാവം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇവയില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനിമിയ എന്ന അവസ്ഥ തടയുകയും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
സ്തനാര്‍ബുദം
സ്തനാര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ സഹായിക്കുന്ന ഫൈറ്റൊസ്റ്റിറോള്‍ എന്ന സംയുക്തം മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്.