എല്ലുകളുടെ ബലം കുറയുന്നു; ഡയറ്റിൽ ഉൾപ്പെടുത്താം ഇവയെ

സമകാലിക മലയാളം ഡെസ്ക്

എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമായും ആവശ്യമായ രണ്ട് പോഷകങ്ങളാണ് കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കാല്‍സ്യം സഹായിക്കുമ്പോള്‍ ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ ആഗിരണത്തിന് വിറ്റാമിന്‍ ഡി സഹായിക്കുന്നു.

പാൽ ഉൽപ്പന്നങ്ങൾ

പാൽ, തൈര്, ബട്ടർ, നെയ് തുടങ്ങിയ പാൽ ഉൽപ്പന്നങ്ങളിൽ പ്രകൃതിദത്ത കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കുന്നതിന് സഹായിക്കും. തൈര് കഴിക്കുന്നത് ദിവസേന ആവശ്യമുള്ള കാൽസ്യത്തിന്റെ 30 മുതൽ 45 ശതമാനം വരെ ലഭ്യമാകും.

ഇലക്കറികൾ

ചീര, മുരിങ്ങയില, ബ്രോക്കോളി തുടങ്ങിയ ഇലക്കറികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇവ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്.

നട്സ്

നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രത്യേകിച്ച് ബദാം, ഇവയിൽ കാൽസ്യം കൂടാതെ എല്ലുകളുടെ ആരോ​ഗ്യത്തിന് ആവശ്യമായ ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ 85 ശതമാനത്തിലധികം ഫോസ്ഫറസും എല്ലുകളിലാണ് അടങ്ങിയിട്ടുള്ളത്.

ചെറിയ മീനുകൾ

നത്തോലി, മത്തി പോലുള്ള ചെറിയ മീനുകളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ശരീരത്തിൽ എല്ലുകളുടെ ബലം വർധിക്കാൻ സഹായിക്കും.

മുട്ട

എല്ലുകളുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിൽ കാൽസവും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ടയുടെ വെള്ളയിൽ നിന്ന് പ്രോട്ടീനും ലഭിക്കും.

മധുരക്കിഴങ്ങ്

വിറ്റാമിൻ എ യുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. വിറ്റാമിൻ എ എല്ലുകളുടെയും തരുണാസ്ഥികളുടെയും ആരോ​ഗ്യം നിലർത്താൻ ആവശ്യമാണ്. സന്ധികളെയും അസ്ഥികളെയും സംരക്ഷിക്കുന്ന ശക്തമായ ബന്ധിത ടിഷ്യുവാണ് തരുണാസ്ഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക