പ്രായമാകുമ്പോൾ ഓർമക്കുറവുണ്ടാകുമെന്ന ഭയം; മസ്തിഷ്കത്തിന്റെ ആരോ​ഗ്യം കാക്കാൻ ചില ശീലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പഠിച്ചുകൊണ്ടേയിരിക്കാം

വിദ്യാഭ്യാസം വൈജ്ഞാനിക തകർച്ച, ഡിമെൻഷ്യ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. പുതിയ കാര്യങ്ങൾ പഠിക്കുന്നതും പഠനം തുടരുന്നതും നിങ്ങളം ജിജ്ഞാസ ഉള്ളവരാക്കും. ഇത് തലച്ചോറിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സജീവമാകാനും സഹായിക്കും.

വ്യായാമം മുടക്കരുത്

വ്യയാമം ചെയ്യുന്നതിലൂടെ രക്തയോട്ടം വര്‍ധിക്കുകയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്സിജന്‍റെ സഞ്ചാരം സുഖുമമാക്കുകയും ചെയ്യുന്നു. കൂടാതെ പുതിയ നാഡീകോശങ്ങളുടെ വികാസത്തിനും തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ഇത് മറവിരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

പുകവലി ഉപേക്ഷിക്കാം

പുകവലിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. പുകവലി ശീലം തലച്ചോറിന്റെ കോര്‍ട്ടക്സില്‍ ചുരുങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചിന്തിക്കാനും ഓര്‍മ്മിക്കാനും സംസാരിക്കാനും ഗ്രഹിക്കാനുമുള്ള കഴിവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഒരു പ്രധാന ഭാഗമാണ് കോര്‍ട്ടെക്സ്.

ഉറക്കം മുഖ്യം

തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ല ഉറക്കം പ്രധാനമാണ്. ഗുണനിലവാരമുള്ള ഉറക്കം മസ്തിഷകത്തിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും.

പഞ്ചസാര കുറയ്ക്കാം

പഞ്ചസാര ചേര്‍ത്ത ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ഹ്രസ്വകാല ഓര്‍മശക്തിയെ നിയന്ത്രിക്കുന്ന ഭാഗത്തെ തടസ്സപ്പെടുത്തും. പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് ആരോഗ്യമുള്ള തലച്ചോറിനെ നിലനിര്‍ത്താന്‍ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ആന്‍റി-ഓക്സിഡന്‍റുകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍

പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ് തുടങ്ങിയ ആന്‍റി-ഓക്സിഡന്‍റുകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവയില്‍ അടങ്ങിയ ആന്‍റി-ഓക്സിഡന്‍റുകള്‍ ഫ്രീ റാഡിക്കലിനോട് പൊരുതി തലച്ചോറിലെ വീക്കം ഒഴിവാക്കും.

സാമൂഹികമായി സജീവമാകുക

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുന്‍കാല ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഇടപഴകുന്നത് പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മകുറവ് കുറയ്ക്കുമെന്ന് പഠനത്തില്‍ പറയുന്നു. ചുറ്റുപാടുമായി ഇടപഴകുന്നത് സമ്മര്‍ദ്ദം, വിഷാദം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും. ബൗദ്ധിക ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.