ഭക്ഷണപ്രേമികൾക്ക് പറ്റിയ കരിയര്‍ ഓപ്ഷനുകള്‍

സമകാലിക മലയാളം ഡെസ്ക്

ഫുഡ് ക്രിട്ടിക്

കഴിക്കുന്ന ഭക്ഷണങ്ങളെയും വിഭവങ്ങളെയും കുറിച്ച് എഴുതാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ നിങ്ങൾക്കും ആകാം ഒരു ഫുഡ് ക്രിട്ടിക്. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലെയും വിഭവങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും അവയെ കുറിച്ച് പ്രൊഫഷണലായി റിപ്പോർട്ടുകൾ തെയ്യാറാക്കുകയും ചെയ്യുന്നവരാണ് ഫുഡ് ക്രിട്ടിക്കുകൾ. വിഭവങ്ങളുടെ ഘടന, രുചി, മണം, രൂപം, ഗുണമേന്മ, ഫ്‌ളേവര്‍ എന്നിവ സൂഷ്മമായി വിശകലനം ചെയ്താണ് ഫുഡ് ക്രിട്ടിക്കുകൾ ഓരോ റിപ്പോർട്ടും തയ്യാറാക്കുന്നത്. ഫുഡ് ക്രിട്ടിക് പ്രൊഫഷനായി തെരഞ്ഞെടുക്കുമ്പോൾ ഭക്ഷണത്തോടുള്ള ഇഷ്ടം കൂടാതെ, പാചകരീതികൾ, രുചികൾ, ഭക്ഷണ ഘടകങ്ങൾ മുതലായവയെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്.

ഫുഡ് ബ്ലോ​ഗർ

പുതിയൊരു ഭക്ഷണം പരീക്ഷിക്കുന്നതിന് മുൻപോ അല്ലെങ്കിൽ കഴിക്കാൻ നല്ലൊരു റെസ്റ്റോറന്റുകൾ തിരയുന്നതിന് മുൻപോ സാധാരണയായി നമ്മൾ ആദ്യം ചെയ്യുക സോഷ്യൽമീഡിയയിൽ അതേ കുറിച്ചുള്ള അവലോകനങ്ങൾ ആകും. ചിലർ വിവിധ രുചികൾ തേടി നിരന്തരം യാത്രകൾ നടത്തി നല്ല റെസ്റ്റോറന്റുകളെ കുറിച്ചും ഭക്ഷണങ്ങളെ കുറിച്ചും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇത്തരക്കാരെ ഫുഡ് ബ്ലോ​ഗർമാർ എന്നാണ് വിളിക്കുന്നത്. ഭക്ഷണത്തോട് ഇഷ്ടവും യാത്രകളോട് താൽപര്യവുമുണ്ടെങ്കിൽ നിങ്ങൾക്കും ആകാം ഒരു ഫുഡ് ബ്ലോ​ഗർ.

ഷെഫ്

ഭക്ഷണമാണ് ഏറ്റവും മനോഹരമായ സൃഷ്ടി. അതുണ്ടാക്കുന്ന പാചകക്കാരാണ് ഏറ്റവും നല്ല കലാകാരന്മാർ. അവരുടെ താൽപര്യത്തിനും വൈദ​ഗ്ധ്യവും കോർത്തിണിക്ക് പുതിയ രുചിക്കൂട്ടുകൾ ഉണ്ടാക്കിയെടുക്കുന്നു. ഒരു അടുക്കളയിൽ രണ്ട് പ്രധാന ഷെഫ് സ്ഥാനങ്ങളുണ്ട്. ഹെഡ് ഷെഫ്- മെനു ഉൾപ്പെടുയുള്ള അടുക്കളയുടെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതും ഉത്തരവാദിയും ഹെഡ് ഷെഫ് ആയിരിക്കും. രണ്ടാമത് വരുന്നത് സൗസ് ഷെഫ് ആണ്. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകക്കാരുടെ മേൽനോട്ടം വഹിക്കുന്നതിനും ഉത്തവാദിത്തം സൗസ് ഷെഫ് ആയിരിക്കും.

പോഷകാഹാര വിദ​ഗ്ധ

അരിയോ റൊട്ടിയോ, ഐസ്‌ക്രീമോ തൈരോ, വറുത്തതോ ചുട്ടതോ? എന്ത്, എത്ര, എങ്ങനൊക്കെ ഭക്ഷണം കഴിക്കണം എന്നതിനെ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുകയാണ് പോഷകാഹാര വിദ​ഗ്ധരുടെ ജോലി. ആരോ​ഗ്യം, പോഷകാഹാരം എന്നിവയിൽ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയതോടെ പോഷകാഹാര വിദ​ഗ്ധരോടുള്ള ജനപ്രീതിയും വർധിച്ചു. ആളുകളുടെ പ്രായം, ഭാരം, ലിംഗഭേദം, പോഷകാഹാര ആവശ്യകതകൾ എന്നിവ അനുസരിച്ച് ശരിയായ തരത്തിലുള്ള ഭക്ഷണ കോമ്പിനേഷനുകൾ പോഷകാഹാര വിദ​ഗ്ധ നിർദേശിക്കും.

ഫ്ലേവർ കെമിസ്റ്റ്

സ്വീറ്റ് കാരമൽ മുതൽ ഫ്രൂട്ടി സ്ട്രോബെറി വരെയുള്ള വ്യത്യസ്ത ഫ്ലേവറുകളിൽ മിഠായികൾ ഇന്ന് ലഭ്യമാണ്. ഇത് എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? വ്യത്യസ്‌ത വിഭവങ്ങൾക്ക് വേണ്ടി പല ഫ്ലേവറുകൾ തെയ്യാറാക്കുന്ന മാന്ത്രികരാണ് ഫ്ലേവർ കെമിസ്റ്റുകൾ. ദിവസവും കഴിക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളിലെയും രുചികൾ ലബോറട്ടറികളിൽ സൃഷ്ടിക്കുന്നത് ഫ്ലേവർ കെമിസ്റ്റുകളാണ്.

ഫുഡ് ഫോട്ടോ​ഗ്രാഫർ

ചില ഭക്ഷണങ്ങളുടെ ചിത്രം കാണുമ്പോഴേ വായിൽ വെള്ളം വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? വിദഗ്ധരായ ഫോട്ടോഗ്രാഫർമാർ ആണ് ഇതിന് പിന്നിൽ. എത്രത്തോളം ആകർഷകമാക്കി ചിത്രങ്ങൾ എടുക്കാമോ അതാണ് ഫുഡ് ഫ്രോട്ടോ​ഗ്രാഫർമാരുടെ കഴിവ്.

ഫുഡ് സ്റ്റൈലിസ്റ്റ്

പേരുപോലെ തന്നെ ഭക്ഷണത്തെ ആകർഷകമായി ഒരുക്കി വെക്കുകയാണ് ഫുഡ് സ്റ്റൈലിസ്റ്റിന്റെ ജോലി. നിറം, ആകൃതി, ഘടന എന്നിവ കേന്ദ്രീകരിച്ചാണ് ഫുഡ് സ്റ്റൈലിസ്റ്റുകൾ ഭക്ഷണം ഒരുക്കുന്നത്.

ഫുഡ് ടെക്നീഷ്യൻ

ഭക്ഷണങ്ങളെ കുറിച്ച് റിസർച്ച് ചെയ്തു പുതിയ ഭക്ഷ്യ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിലും ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുക, ഭക്ഷണം സംസ്‌കരിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ മെച്ചപ്പെടുത്തുക എന്നിവയാണ് ഫുഡ് ടെക്നീഷ്യന്റെ ജോലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക