സമകാലിക മലയാളം ഡെസ്ക്
ശുദ്ധമല്ലാത്ത വായും ശ്വസിക്കുന്നത് ശ്വാസകോശത്തിൽ അണിബാധയ്ക്കും ശ്വാസകോശ സംബന്ധമായ നിരവധി അസുഖങ്ങൾക്കും കാരണമാകും. അതിനാൽ ലോക പരിസ്ഥിതി ആരോഗ്യ ദിനത്തിൽ വീട്ടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട കുറച്ച് സിംപിൾ ടിപ്സ് നോക്കാം.
ചെരുപ്പ് പുറത്ത് സൂക്ഷിക്കുക
പുറത്ത് ഉപയോഗിച്ച ചെരുപ്പ് വീടിനുള്ളിൽ കയറ്റരുത്. പുറത്തുപയോഗിച്ച ചെരുപ്പിൽ നിരവധി രോഗാണുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഉള്ളിൽ കയറ്റുന്നത് രോഗങ്ങളെയും വീടിനുള്ളിൽ കയറ്റുന്നതിന് സമമാണ്.
എസെൻഷ്യൽ ഓയിൽ ഉപയോഗിക്കുക
ലാവെൻഡർ, ടീ ട്രീ, യൂക്കാലിപ്റ്റസ് തുടങ്ങിയവയുടെ എസെൻഷ്യൽ ഓയിൽ വീടിനുള്ളിൽ ഉപയോഗിക്കാം. ഇത് സുഗന്ധം പരത്തുന്നതിനൊപ്പം വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തും.
ഇൻഡോർ ചെടികൾ
സ്നേക് പ്ലാന്റ്, സ്പൈഡർ പ്ലാന്റ് തുടങ്ങിയ ഇൻഡോർ ചെടികൾക്ക് വായു ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇത് വീടിനുള്ളിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടാൻ സഹായിക്കും.
വീട് പതിവായി വൃത്തിയാക്കുക
വീട് പതിവായി വൃത്തിയാക്കാൻ എപ്പോഴും ശ്രദ്ധിക്കുക. പൊടി അടിഞ്ഞുകൂടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വാക്വം ഉപയോഗിച്ച് വൃത്തിയാക്കുക. പ്രത്യേകിച്ച് പരവതാനികൾ, ഫർണിച്ചറുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ.
കഠിനമായ കെമിക്കലുകൾ ഒഴിവാക്കുക
ശക്തമായ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള കീടനാശിനികളും ലോഷനുകളും വീടിനുള്ളില്‍ ഒഴിവാക്കുക. ഇത് അപകടകരമായ കെമിക്കലുകൾ പുറപ്പെടുവിക്കാൻ കാരണമാകും.
ജനലുകൾ തുറന്നിടുക
വീടിനുള്ളിൽ വായു സഞ്ചാരം വർധിക്കുന്നതിന് പകൽ സമയങ്ങളിൽ ജനലുകൾ തുറന്നിടുക. ഇത് വീടിനുള്ളിൽ വായു കടക്കുന്നതിന് സഹായിക്കും. ഈർപ്പം ഒഴിവാക്കാനും സഹായിക്കും.
ഈർപ്പം ഒഴിവാക്കുക
ഈർപ്പം തങ്ങി നിൽക്കാൻ സാധ്യതയുള്ള അടുക്കള, ശുചിമുറി എന്നിവിടങ്ങളിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ഉപയോഗിച്ച് ഈർപ്പം നീക്കാൻ ശ്രദ്ധിക്കണം.