സമകാലിക മലയാളം ഡെസ്ക്
പ്രമേഹം നേരത്തെ തന്നെ തിരിച്ചറിയാം. ശരീരം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്. പ്രമേഹത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുക
രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമ്പോള്‍ ശരീരം കൂടുതലായ പഞ്ചസാര രക്തത്തിൽ നിന്ന് അരിച്ച് നീക്കും. ഇത് അമിതമായി മൂത്രമൊഴിക്കുന്നതിലേക്ക് നയിക്കാം. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍.
അമിതദാഹം
അമിതമായി മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശത്തിന്റെ അളവു കുറയുന്നു. ഇത് നിർജ്ജലീകരണത്തിലേക്കും കൂടുതൽ ദാഹം അനുഭവപ്പെടുകയും ചെയ്യുന്നു.
ക്ഷീണം
ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസ് ആണ് ശരീരം ഊർജനില നിലനിർത്താൻ ഉപയോഗിക്കുന്നത്. എന്നാൽ പ്രമേഹ രോഗികളിൽ ആവശ്യത്തിന് ഗ്ലൂക്കോസ് കോശങ്ങളിൽ എത്താതെ വരികയും അമിതമായ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് രോഗികളിൽ അമിതമായ വിശപ്പിനും കാരണമാകുന്നു.
കാഴ്ച മങ്ങൽ
കാഴ്ച മങ്ങൽ പ്രമേഹത്തിന്‍റെ മറ്റൊരു ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത് കണ്ണുകളിലെ ചെറിയ ധമനികളെ തകരാറിലാക്കാം. ഇത് കാഴ്ച മങ്ങലിലേക്ക് നയിക്കുന്നു.
മുറിവുണങ്ങാൻ താമസം
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവു ഞരമ്പുകളെയും രക്തധമനികളെയും ബാധിക്കുകയും ശരീരത്തിൽ കൃത്യമായ രക്തയോട്ടത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് മുറുവുകൾ ഉണങ്ങാൻ താമസം ഉണ്ടാക്കും. കൂടാതെ അണുബാധ വർധിക്കാനും ഇടയാകും.
കൈകളിലും കാലുകളിലും വേദനയും മരവിപ്പും
രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കുന്നത് രക്തചംക്രമണത്തെ ദോഷമായി ബാധിക്കാം. കൂടാതെ ഞരമ്പുകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ കൈകളിലും കാലുകളിലും വേദനയോ മരവിപ്പോ അനുഭവപ്പെടുത്താം.
വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായി ചർമം
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവും ചർമത്തെ വരണ്ടതാക്കാം. പ്രമേഹം രക്തചംക്രമണത്തെ ബാധിക്കുകയും നാഡികളെ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ചർമം വരണ്ടതും ചൊറിച്ചിലുമുള്ളതാകാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക