അഞ്ജു സി വിനോദ്
സ്വദേശിയല്ലെങ്കിലും നമ്മുടെ നാടന്‍ വിഭങ്ങളിലെ സ്ഥിര സാന്നിധ്യമാണ് കാരറ്റ്. സാമ്പാറിലും അവിയലിലും മാത്രമല്ല, കേക്ക് രൂപത്തിലും ഹാല്‍വ ആയുമൊക്കെ കാരറ്റ് നമ്മുടെ ഡയറ്റില്‍ ഉണ്ടാകാറുണ്ട്. രുചിയിലും പോഷകഗുണത്തിലും കേമനായ കാരറ്റ് എങ്ങനെ ഇന്ത്യയില്‍ എത്തിയെന്ന് അറിയാമോ?
എഡി 900 മുതല്‍ മനുഷ്യന്‍ കാരറ്റ് കൃഷി ചെയ്യുന്നുണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. അഫ്ഗാനിസ്ഥാനിലും പേര്‍ഷ്യയിലുമാണ് കാരറ്റ് കൃഷി ആദ്യ കാലങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നത്. അന്ന് കാരറ്റിന്‍റെ ഇലകള്‍ക്കായിരുന്നു ആവശ്യക്കാര്‍.
പുരാതന ഗ്രീക്ക് പുരാണങ്ങളിലും കാരറ്റിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടത്രേ. ബിസി 2000 മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡിലും ജര്‍മനിയിലും കാരറ്റ് എന്ന വിശ്വസിക്കുന്ന തരം സസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ ഇവയുടെ നിറം മഞ്ഞയും ഇളം പർപ്പിൾ നിറവുമായിന്നു.
ഡച്ചുകാരാണ് ഓറഞ്ച് നിറത്തിലുള്ള കാരറ്റ് വികസിപ്പിച്ചെടുത്തതെന്നു പറയപ്പെടുന്നു. പിന്നീട് കോളനൈസേഷൻ കാലത്താണ് കാരറ്റിന് ഇന്ത്യയിലടക്കം പ്രചാരം കൂടിയത്. കരോറ്റി എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് കാരറ്റ് എന്ന വാക്ക് ഉണ്ടായത്.
മുഗള്‍ ഭരണകാലത്ത് പേര്‍ഷ്യയില്‍ നിന്ന് പര്‍പ്പിള്‍ കാരറ്റ് വിഭവങ്ങള്‍ എത്തിച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു. അപിയേസി കുടുംബത്തിൽ പെട്ട കാരറ്റിന് ഇന്ന് 500 തരം വെറൈറ്റികള്‍ ഉണ്ട്.
പോഷകഗുണം
ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി രൂപാന്തരപ്പെടുന്ന ബീറ്റാ-കരോറ്റിനാണ് കാരറ്റിന് പോഷകഗുണത്തില്‍ കേമനാക്കുന്നത്. ഇത് കാഴ്ചശക്തി, ഹൃദയാരോഗ്യം, ചര്‍മം എന്നിവയുടെ ആരോഗ്യത്തിന് മികച്ചതാണ്.
കൂടാതെ കാരറ്റിന്‍റെ ഏതാണ്ട് 88 ശതമാനവും ജലാംശമാണ്. വിറ്റാമിൻ എ, വിറ്റാമിൻ കെ, പൊട്ടാസ്യം, മൈക്രോന്യൂട്രിയന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയ നാരുകളുെ ആന്‍റി ഓക്സിഡന്‍റുകളും കാന്‍സറിനെ ചെറുക്കാന്‍ ശേഷിയുള്ളതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും മലബന്ധം ഒഴിവാക്കാനും കാരറ്റ് സഹായിക്കും.
കോസ്മെറ്റിക് ഗുണങ്ങള്‍
കോസ്മെറ്റിക്സിനും കാരറ്റ് വലിയതോതിൽ ഉപയോഗിക്കുന്നുണ്ട്. കാരറ്റിൽ അടങ്ങിയ റെറ്റിനോയ്ക് ആസിഡ് ചർമത്തിന്റെ ഘടന മെച്ചപ്പെടുത്തും. വിറ്റാമിൻ എ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ബേബി കാരറ്റ്
കാരറ്റ് വെറൈറ്റികളിലേക്ക് അവസാനമായി വന്ന ഇനമാണ് ബേബി കാരറ്റ്. തീരേ വലിപ്പം കുറഞ്ഞ ബേബി കാരറ്റുകള്‍ വേനല്‍ക്കാലത്ത് മികച്ച സ്നാക് ആയി കഴിക്കാവുന്നതാണ്.
കരോറ്റിനിമിയ
കാരറ്റിന്റെ അമിത ഉപയോഗം കരോറ്റിനിമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. ശരീരത്തിൽ കാരറ്റനോയിഡുകൾ അധികമാകുന്നതിനെ തുടര്‍ന്നാണിത്. ചർമം ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ കാണപ്പെടും.