അഞ്ജു
ലുക്ക് പൂര്‍ണമാകണമെങ്കില്‍ ഇറങ്ങുന്നതിന് മുന്‍പ് പെര്‍ഫ്യൂം കൂടി ഒന്നു പൂശണം. ഏറ്റവും കുറഞ്ഞ വില മുതല്‍ ലക്ഷങ്ങള്‍ വരെ വിലമതിക്കുന്ന പെര്‍ഫ്യൂമുകള്‍ വിപണിയില്‍ ലഭ്യമാണ്.
പെര്‍ഫ്യൂമിന്റെ കാര്യത്തില്‍ ഓരോത്തര്‍ക്കും ഓരോ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമാണ്. എന്നാല്‍ അമിത ഉപയോഗം ചര്‍മത്തില്‍ ഹൈപ്പര്‍പിഗ്മന്‍റേഷന്‍, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
പെര്‍ഫ്യൂം മേലാകെ പൂശുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില ശരീരഭാഗങ്ങളില്‍ പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല.
പെര്‍ഫ്യൂം എടുത്താല്‍ ആദ്യം കൈ പൊക്കി, കക്ഷത്തില്‍ അടിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇവിടുത്തെ ചര്‍മം അതിലോലമാണ്. പെര്‍ഫ്യൂം നേരിട്ടു അടിക്കുമ്പോള്‍ ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാം.
ചിലര്‍ ചെവിക്ക് പിന്നിലും കഴുത്തിലുമൊക്കെ പെര്‍ഫ്യൂം അടിക്കാറുണ്ട്. ഇത് സ്ഥിരമായാല്‍ അത് പിഗ്മെന്ററി മാറ്റങ്ങള്‍ക്കു കാരണമാകും. ഇവ ചര്‍മത്തില്‍ പുരട്ടിയതിനു ശേഷം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുകയാണെങ്കില്‍ ഫൈറ്റോഡെര്‍മറ്റൈറ്റിസിന് കാരണമാകുമെന്നാണ് ഡെര്‍മറ്റോളജി അഭിപ്രായപ്പെടുന്നത്.
എന്നു കരുതി പെര്‍ഫ്യൂം ശരീരഭാഗങ്ങളില്‍ അടിക്കരുതെന്നല്ല. കൈത്തണ്ടയില്‍ മിതമായ അളവില്‍ പെര്‍ഫ്യൂം ഉപയോഗിക്കാം. അമിതമായി അടിക്കുമ്പോള്‍ രൂക്ഷഗന്ധം ഉണ്ടാവുകയും ഇത് മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുമുണ്ടാക്കുന്നു.
പെര്‍ഫ്യൂമും ഡിയോഡറന്റുകളും ഉപയോഗിക്കുമ്പോള്‍ ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നതിനു പകരം വസ്ത്രങ്ങള്‍ക്കു മുകളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
എന്നാല്‍ ശരീരത്തില്‍ ഉപയോഗിക്കേണ്ട പെര്‍ഫ്യൂമുകള്‍ ചിലര്‍ വസ്ത്രത്തിലടിക്കുന്നതു കാണാം. ഇത് തെറ്റായ രീതിയാണ്. ശരീരത്തിലെ നാച്വറല്‍ ഓയിലുകളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് പെര്‍ഫ്യൂമുകളില്‍ നിന്ന് സുഗന്ധം കൂടുതല്‍ ഉണ്ടാവുക.