Kidney Health | പണി വരുന്നുണ്ട്..! ഉപ്പു കൂടിയാൽ വൃക്ക അടിച്ചു പോകും

അഞ്ജു

രക്തത്തില്‍ നിന്ന് അഴുക്കും അധിക ദ്രാവകങ്ങളും ഫില്‍റ്റര്‍ ചെയ്ത് കളയുക എന്ന വളരെ പ്രധാനപ്പെട്ട ജോലിയാണ് വൃക്കയുടേത്. വൃക്ക തകരാറിലായാല്‍ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതു കൊണ്ട് തന്നെ പലപ്പോഴും വൃക്കകള്‍ തകരാറിലായ ശേഷമായിരിക്കും വൃക്കരോഗങ്ങള്‍ നിര്‍ണയിക്കുക. പല ഘടകങ്ങള്‍ വൃക്കകളുടെ തകരാറിന് കാരണമാകാം.

വേദനസംഹാരികൾ

വേദനസംഹാരികളുടെ അമിത ഉപയോ​ഗം വൃക്കകളുടെ പ്രവർത്തനം തകറാറിലാക്കും. ഇബുപ്രോഫെൻ, ആസ്പിരിൻ ആൻറി-ഇൻഫ്ലമേറ്ററി വേദനസംഹാരികൾ വൃക്കയിലെ ട്യൂബുലുകളിൽ വീക്കം ഉണ്ടാക്കുന്നു. ഇത് വൃക്കകളിലൂടെയുള്ള രക്തയോട്ടം കുറയാൻ കാരണമാകുന്നു.

വെള്ളം

വൃക്കകൾക്ക് മാലിന്യം നീക്കം ചെയ്യുന്നതിന് വെള്ളം ആവശ്യമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത്, വെള്ളം കുടിക്കുന്നതിന് കുറഞ്ഞാൽ നിർജ്ജലീകരണം മൂലമുണ്ടാകുന്ന സാന്ദ്രീകൃത മൂത്രത്തിൽ ഉയർന്ന അളവിൽ ധാതുക്കളും മറ്റ് മാലിന്യങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോണിനും മൂത്രാശയ അണുബാധയ്ക്കും കാരണമാകും.

അമിത മദ്യപാനം

മദ്യം നിർജ്ജലീകരണത്തിന് കാരണമാകും. ഇത് വൃക്കളുടെ ജോലി ഇരട്ടിയാക്കും. ക്രമേണ വൃക്കകളുടെ പ്രവർത്തനം മന്ദ​ഗതിയിലാക്കും.

പുകവലി

പുകവലി ശ്വാസകോശത്തെ മാത്രമല്ല വൃക്കയെയും തകരാറിലാക്കും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കാഡ്മിയം പോലുള്ള വിഷ രാസവസ്തുക്കൾ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. കൂടാതെ പുകവലി ഓക്സിഡേറ്റീവ് സമ്മർദം വർധിപ്പിക്കുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്നു. ഇത് വൃക്ക തകരാറിന് കാരണമാകും.

പൊണ്ണത്തടി

വൃക്കകളെ തകരാറിലാക്കുന്ന മറ്റൊരു ഘടകമാണ് പൊണ്ണത്തടി. പൊണ്ണത്തടി ഫാറ്റി ടിഷ്യൂ കെമിക്കലുകളെ തടസപ്പെടുത്തുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനം താറുമാറാക്കും. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിൽ വൃക്കരോ​ഗ സാധ്യത 24 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതുപോലെ ഉപ്പിൻെറ അമിത ഉപഭോ​ഗവും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.

ഉറക്കക്കുറവ്

ഉറക്കത്തിന്റെ ​ഗുണനിലവാരം കുറയുന്നതും ഉറക്കക്കുറവും വൃക്കരോ​ഗ സാധ്യത വർധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ദിവസം ഏഴ് മുതൽ ഒൻപു മണിക്കൂർ ഉറങ്ങണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നത്. മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഉറക്കം പ്രധാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക