അഞ്ജു
തിളക്കമുള്ള പുഞ്ചിരി എല്ലാവരുടെയും ആത്മവിശ്വാസം വർധിപ്പിക്കും. എന്നാൽ ദിവസവും കാപ്പിയും ചായയും കുടിച്ച് പല്ലുകളിൽ കറ പിടിക്കാനും നിറം മങ്ങാനും സാധ്യതയുണ്ട്.
കഠിനമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനുപകരം, അവയുടെ തിളക്കം വീണ്ടെടുക്കാൻ ഈ പ്രകൃതിദത്ത രീതികൾ പരീക്ഷിക്കുക.
ബേക്കിങ് സോഡയും ടൂത്ത് പേസ്റ്റ്
ബേക്കിങ് സോഡ പല്ലുകളിൽ പിടിച്ച കറകൾ നീക്കം ചെയ്യാൻ സഹായിക്കും. പല വൈറ്റനിങ് ടൂത്ത് പേസ്റ്റുകളിലും ഇത് അടങ്ങിയിട്ടുണ്ട്.
എങ്ങനെ ഉപയോഗിക്കാം:പല്ല് തേക്കുന്നതിന് മുമ്പ് ടൂത്ത് പേസ്റ്റിൽ അല്പം ബേക്കിങ് സോഡ വിതറുക. മൃതുവായി വൃത്താകൃതിയിൽ പല്ലുകൾ രണ്ട് മിനിറ്റ് ബ്രഷേ ചെയ്യുക. വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കളയുക. ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ ഉപയോഗിക്കാം.
ഓയിൽ പുള്ളിങ്
പല്ലുകൾക്ക് സ്വാഭാവിക തിളക്കം നൽകുന്നതിനും വിഷവസ്തുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്യുന്നതിനും മുൻകാലങ്ങിൽ ചെയ്തിരുന്ന രീതിയാണ് ഓയിൽ പുള്ളിങ്.
എങ്ങനെ ഉപയോഗിക്കാം:ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ വായിൽ ഒഴിച്ച് 10 മുതൽ 15 മിനിറ്റ് കവിൾക്കൊള്ളുക. തുപ്പിക്കളഞ്ഞ ശേഷം ചെറു ചൂടുവെള്ളത്തിൽ വായ നന്നായി കഴുകുക. പതിവു പോലെ പല്ലു ബ്രഷ് ചെയ്യാം. ഇത് ദിവസവും ആവർത്തിക്കാവുന്നതാണ്.
ഹൈഡ്രജൻ പെറോക്സൈഡ്
കറ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റാണ് ഹൈഡ്രജൻ പെറോക്സൈഡ്.
എങ്ങനെ ഉപയോഗിക്കാം: മൂന്ന് ശതമാനം ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും തുല്യ ഭാഗങ്ങളിൽ സംയോജിപ്പിക്കുക. ഏകദേശം 30 സെക്കൻഡ് നേരം കവിൾക്കൊള്ളുക. തുപ്പിക്കളഞ്ഞ ശേഷം വായ നന്നായി കഴുകുക. ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് തവണ ആവർത്തിക്കാം. എന്നാൽ പല്ലിന്റെ സെൻസിറ്റിവിറ്റി തടയാൻ അമിതമായുള്ള ഉപയോഗം ഒഴിവാക്കുക.
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗറിൽ പല്ലുകളിൽ പറ്റിപ്പിടിച്ച കറ നീക്കം ചെയ്യാൻ സഹായിക്കുന്ന ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
എങ്ങനെ ഉപയോഗിക്കാം:ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർക്കുക. 30 സെക്കന്റ് നേരം ഈ മിശ്രിതം വായിൽ കവിൾക്കൊള്ളുക. തുപ്പിക്കളഞ്ഞ ശേഷം വായ നന്നായി കഴുകുക. ഇനാമൽ നശിക്കാതിരിക്കാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കു.
കാരറ്റും ആപ്പിളും
കാരറ്റ് ആപ്പിൾ പോലുള്ള പഴങ്ങളും പച്ചക്കറികളും പല്ലുകൾ വൃത്തിയാക്കും കറ നീക്കം ചെയ്യാനും സഹായിക്കും. ഇവ ഉമിനീർ ഉത്പാദനം വർധിപ്പിക്കുകയും നിറവ്യത്യാസം തടയാൻ സഹായിക്കുകയും ചെയ്യുന്നു.