സമകാലിക മലയാളം ഡെസ്ക്
ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ ഹൃദയം കവര്‍ന്ന മതനേതാവ്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.
ലളിത ജീവിതം കൊണ്ട് ലോകത്തിന് വഴികാട്ടിയായ ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ ശ്രദ്ധേയമാണ്. ലോക ശ്രദ്ധ പിടിച്ചുപറ്റിയ മാര്‍പാപ്പയുടെ ചില പ്രതികരണങ്ങള്‍.
പരിസ്ഥിതി
'അധികാരത്തിനും ലാഭത്തിനും വേണ്ടിയുള്ള സ്വാര്‍ത്ഥവും അതിരില്ലാത്തതുമായ ആഗ്രഹം പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗത്തിനും ദുര്‍ബലരെയും പിന്നാക്കം നില്‍ക്കുന്നവരെയും അവഗണിക്കുന്നതിനും കാരണമാകുന്നു,' 2015 ഐക്യരാഷ്ട്രസഭയിലെ പ്രസംഗം
യുദ്ധം
'ശത്രുത, തീവ്രവാദം, അക്രമം എന്നിവ ഒരു മത വിശ്വാസിയില്‍ ഉടലെടുക്കില്ല: അവ മതവഞ്ചനയാണ്,' 2021 മാര്‍ച്ചില്‍ ഇറാഖിലെ ഊര്‍ സന്ദര്‍ശനത്തിനിടെ
അഭയാര്‍ഥികള്‍
'അവരുടെ എണ്ണം കണ്ട് നമ്മള്‍ അമ്പരന്നുപോകരുത്, അവരെ മനുഷ്യരായി കാണണം, അവരുടെ മുഖം കാണുകയും അവരുടെ കഥകള്‍ കേള്‍ക്കുകയും വേണം,' സെപ്റ്റംബറില്‍ യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗം (2015)
സാമ്പത്തികം
'അനിയന്ത്രിതമായ ഉദാരവത്കരണം ശക്തരെ കൂടുതല്‍ ശക്തരാക്കുകയും ദുര്‍ബലരെ ദുര്‍ബലരാക്കുകയും ചെയ്യുന്നു,' ലാ റിപ്പബ്ലിക്ക പത്രത്തിന് നല്‍കിയ അഭിമുഖം (2013)
എല്‍ജിബിടിക്യു
'ഒരാള്‍ സ്വവര്‍ഗ്ഗാനുരാഗിയാണെങ്കില്‍, ദൈവത്തെ അന്വേഷിക്കുന്നവനും നല്ല മനസ്സുള്ളവനുമാണെങ്കില്‍, അവനെ വിധിക്കാന്‍ ഞാന്‍ ആരാണ്?' - (2013)
സ്ത്രീകള്‍
'അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം ഒരു തുടര്‍ച്ചയാണ്. ദൈവം പുരുഷനെയും സ്ത്രീയെയും തുല്യരായി സൃഷ്ടിച്ചു... സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം അനുവദിക്കാാത്ത ഒരു സമൂഹം വളര്‍ച്ച നേടില്ല,'
ഗർഭച്ഛിദ്രം
'ഒരു പ്രശ്‌നം പരിഹരിക്കാന്‍ ഒരു മനുഷ്യജീവന്‍ ഇല്ലാതാക്കുന്നത് നിയമ പ്രകാരം ശരിയാണോ? അത് ഒരു മനുഷ്യജീവന്‍ ആണ് '- അതാണ് ശാസ്ത്രം.'
ലൈംഗിക പീഡനം
'ലൈംഗിക പീഡനം വൃത്തികെട്ട കുറ്റകൃത്യമാണ് ... കാരണം ഇത് ചെയ്യുന്ന ഒരു പുരോഹിതന്‍ കര്‍ത്താവിന്റെ ശരീരത്തെ ഒറ്റിക്കൊടുക്കുന്നു,' 2014 മെയ് 27
ലഹരി
'മയക്കുമരുന്ന് ആസക്തി ഒരു തിന്മയാണ്, തിന്മയോട് വിട്ടുവീഴ്ച പാടില്ല,' ലഹരി വിരുദ്ധ കോണ്‍ഫറന്‍സ് റോം
സയന്‍സ്
'ഇന്ന് ലോകത്തിന്റെ ഉത്ഭവമായി കണക്കാക്കപ്പെടുന്ന 'മഹാവിസ്‌ഫോടനം' ദൈവത്തിന്റെ സൃഷ്ടിപരമായ ഇടപെടലിന് വിരുദ്ധമല്ല, പ്രകൃതിയിലെ പരിണാമം (ദിവ്യ) സൃഷ്ടിയുടെ സങ്കല്‍പ്പത്തിന് വിരുദ്ധമല്ല, കാരണം പരിണാമത്തിന് ജീവികളുടെ സൃഷ്ടി ആവശ്യമാണ്,' പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് (2014)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates