'മൗനം വിദ്വാനു ഭൂഷണം'; ചില സന്ദർഭങ്ങളിൽ ഒഴിഞ്ഞു മാറുന്നതും നല്ലതാണ്

അഞ്ജു

മനുഷ്യരോട് സംസാരിക്കുമ്പോള്‍ യുക്തികളുടെ സൃഷ്ടികളോടല്ല, വികാരങ്ങളുടെ സൃഷ്ടികളോടാണ് ഇടപെടുന്നതെന്ന ബോധ്യം നമ്മള്‍ക്ക് ഉണ്ടാവണം. ചില സന്ദര്‍ഭങ്ങളില്‍ വാദപ്രതിവാദങ്ങളെക്കാള്‍ മൗനം ആണ് ഗുണം ചെയ്യുക.

'മൗനം വിദ്വാനു ഭൂഷണം' എന്ന ചൊല്ലു പോലെ ചില സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുന്നത് നമ്മുടെ ശാരീരിക-മാനസിക അവസ്ഥ മോശമാകാതെ സ്ഥിരതയുള്ളതാകാന്‍ സഹായിക്കും. ഏതൊക്കെയാണ് അത്തരം സന്ദര്‍ഭങ്ങളെന്ന് നോക്കാം.

തര്‍ക്കത്തിനിടെ

തര്‍ക്കം, വഴക്ക് പോലുള്ള സന്ദര്‍ഭങ്ങളില്‍ വികാരമാണ് കയറി നില്‍ക്കുക. അവിടെ യുക്തി വഴിമാറും. അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ വാദപ്രതിവാദങ്ങളിലേക്ക് കടക്കുന്നത് സ്ഥിതി വഷളാക്കും. ഈ സാഹചര്യത്തില്‍ മൗനം പാലിച്ചു പിന്‍വാങ്ങുന്നതാണ് ബുദ്ധിപരമായ നീക്കം.

പരദൂഷണം

പരദൂഷണ പറയുന്നതിനൊപ്പം ചേരാനുള്ള ഒരു തൊര എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ അത് തിരിച്ചടിയായേക്കാം. പരദൂഷണം നെഗറ്റിവിറ്റി പരത്തുന്നു. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ പിന്നോട്ടു മാറുന്നത് നിങ്ങളുടെ മാനസികാവസ്ഥ മോശമാകാതെ സംരക്ഷിക്കാം.

ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍

ചിലരുടെ കാഴ്ചപ്പാടുകളും ചിന്താഗതിയും വളരെ ഇടുങ്ങിയതാണ്. അത്തരക്കാരോട് എത്ര വാദിച്ചാലും നിങ്ങളുടെ വാദം അംഗീകരിക്കപ്പെടില്ല. അങ്ങനെ ഉള്ളവരുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നത് ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണ്.

സോഷ്യല്‍മീഡിയ

സോഷ്യല്‍മീഡിയയ്ക്ക് ഒരുപാട് നല്ല വശങ്ങള്‍ ഉണ്ടെങ്കിലും ഭീകരതയും വെറുപ്പും പ്രചരിപ്പിക്കാന്‍ ഇതിനെ ഉപയോഗിക്കുന്നവരുണ്ട്. ഒരു വെര്‍ച്വല്‍ ചര്‍ച്ച യുക്തിസഹമായ പോയിന്റുകളില്‍ നിന്ന് വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് മാറിയാല്‍ അവിടെ നിന്നും മാറുന്നതാണ് നല്ലത്.

വിനാശകരമായ വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍ നമ്മെ വളരാന്‍ സഹായിക്കും. എന്നാല്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ മോശമായ അഭിപ്രായപ്രകടനങ്ങള്‍ പോലുള്ളവ നമ്മെ തകര്‍ക്കും. അത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കാത്തതാണ് നമ്മുടെ ഉയര്‍ച്ചയ്ക്ക് നല്ലത്.

സുരക്ഷ പ്രശ്‌നങ്ങള്‍

നമ്മുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന ചില സന്ദര്‍ഭങ്ങളില്‍ വാദപ്രതിവാദത്തിന് മുതിരാതെ പിന്‍വാങ്ങുന്നത് നമ്മുടെ ജീവനും മാനസികാവസ്ഥയ്ക്കും സഹായകരമായിരിക്കും.

കഴിഞ്ഞതു കഴിഞ്ഞു

കഴിഞ്ഞപോയ കാര്യങ്ങള്‍ ആര്‍ത്തിച്ചു ഓര്‍മിപ്പിക്കുന്ന ചിലരുണ്ടാകും. അത് നെഗറ്റിവിറ്റി ഉണ്ടാക്കാം. അത്തരം സംവാദങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് വളര്‍ച്ച ഉണ്ടാകണമെന്നില്ല. അത്തരം സാഹചര്യങ്ങളില്‍ പിന്‍വാങ്ങുന്നതാണ് ബുദ്ധിപരമായ നീക്കം.

തിരുത്തപ്പെടാത്തവര്‍

തെറ്റുകള്‍ ചൂണ്ടിക്കാട്ടി കൊടുത്താലും തിരുത്താന്‍ താല്‍പര്യമില്ലാത്തവര്‍ ഉണ്ടാകാം. അവരോട് വാദിച്ചിട്ടു കാര്യമില്ല. നിങ്ങളുടെ ഊര്‍ജ്ജവും സമയവും അത്തരക്കാര്‍ക്ക് വേണ്ടി ചെലവഴിക്കേണ്ടതില്ല. അത്തരക്കാരുമായുള്ള വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.