സിനിമ സ്കിപ് അടിച്ചാണോ കാണുന്നത്, നിങ്ങൾക്ക് ബ്രെയിൻ റോട്ടാകാം

അഞ്ജു

മണിക്കൂറുകളോളം റീലുകളുടെ പിന്നാലെ പോകുന്ന ശീലമുണ്ടോ? സിനിമകള്‍ അല്ലെങ്കില്‍ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ നിങ്ങളെ ബോറടിപ്പിക്കാറുണ്ടോ? നിങ്ങള്‍ ഒരുപക്ഷെ ബ്രെയിന്‍ റോട്ട് എന്ന അവസ്ഥയിലൂടെയാകാം കടന്നു പോകുന്നത്.

ഓക്‌സ്‌ഫോര്‍ഡ് 2024ലെ വേര്‍ഡ് ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത വാക്കാണ് ബ്രെയിന്‍ റോട്ട്. നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി കാണുകയോ കേൾക്കുകയോ ചെയ്യുന്നിതിലൂടെ ഒരു വ്യക്തിയുടെ മാനസികവും ബൗദ്ധികവുമായ നിലവാരത്തിന് ഉണ്ടാകുന്ന തകര്‍ച്ചയാണ് ബ്രെയിന്‍ റോട്ട്.

ടിക് ടോക്‌, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്ന ഷോർട്ട് വിഡിയോകൾ കാണുമ്പോള്‍ ശരീരത്തില്‍ ഡോപ്പമിന്‍ പുറപ്പെടുവിക്കുകയും നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് ആസക്തിയായി മാറുന്നു. ഇതാണ് ബ്രെയിന്‍ റോട്ടിന് പിന്നിലെ പ്രധാന കാരണം.

നമ്മുടെ തലച്ചോറിന് വേണ്ടതിലുമധികം വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ നമ്മള്‍ പ്രോസസ് ചെയ്തു കൊണ്ടേയിരിക്കുന്നു. പെട്ടെന്ന് ശ്രദ്ധ നഷ്ടപ്പെടുക, സ്ലോ പേസിലുള്ള വിഡിയോകള്‍ കാണുമ്പോള്‍ അരോചകം, ഡോക്യുമെന്ററി ശൈലിയിലുള്ള കണ്ടന്റുകളോട് മൊത്തത്തില്‍ മടുപ്പ് എന്നിവയാണ് ബ്രെയിൻ റോട്ടിന്റെ പ്രധാന ലക്ഷണങ്ങൾ.

ഇത്തരക്കാർ വിഡിയോ അല്ലെങ്കില്‍ കണ്ടന്റുകള്‍ പെട്ടെന്ന് കണ്ടും കേട്ടും പോകാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. ഇത് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു കുറയ്ക്കുന്നു. കൂടാതെ മാനസികമായും വ്യക്തികളിൽ മാറ്റങ്ങൾ ഉണ്ടാക്കാം. പെട്ടെന്ന് ദേഷ്യം, നെ​ഗറ്റീവ് ആറ്റിറ്റ്യൂഡ്, വിഷാദം എന്നിവയൊക്കെ ബ്രെയിൻ റോട്ട് കാരണം ഉണ്ടാകാം.

ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നതും അതായത് മൾട്ടി ടാസ്ക്കുകളും ബ്രെയിൻ റോട്ടിന് കാരണമാകാമെന്ന് പഠനങ്ങൾ പറയുന്നു. ബ്രെയിൻ റോട്ട് ആശയക്കുഴപ്പവും ഉൽപ്പാദനക്ഷമത കുറയ്ക്കാനും കാരണമാകും.

1984ല്‍ ഹെന്റി ഡേവിഡ് തോറോയുടെ ബുക്കായ വാര്‍ഡനിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. സാധാരണമായ ലോകത്ത് ലളിതമായ ഒരു ജീവിത ശൈലി നയിച്ച അനുഭവം പങ്കുവെക്കാനായിരുന്നു അന്ന് ആ വാക്ക് ഉപയോഗിച്ചത്.

2023നും 2024നും ഇടയില്‍ ബ്രെയിന്‍ റോട്ട് എന്ന വാക്കിന്റെ ഉപയോഗം 230 ശതമാനം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.