ഒന്നിച്ചു സൂക്ഷിക്കാൻ കൊള്ളാത്ത പഴങ്ങളും പച്ചക്കറികളും!

അഞ്ജു

ചില പഴങ്ങളും പച്ചക്കറികളും ഒന്നുച്ചു വെയ്ക്കുന്നത് അവ വേ​ഗത്തിൽ കേടാകാൻ കാരണമാകും. എഥിലീൻ ​ഗ്യാസ് എന്ന സസ്യ ഹോർമോൺ ആണ് ഇതിന് പിന്നിൽ. എഥിലീൻ പുറപ്പെടുവിക്കുന്ന പഴങ്ങള്‍ക്കൊപ്പം എഥിലീൻ സെൻസിറ്റീവ് ആയ പച്ചക്കറികള്‍ അല്ലെങ്കില്‍ പഴങ്ങള്‍ സൂക്ഷിക്കുന്നത് അവയുടെ ഘടന, രുചി, പോഷകമൂല്യം എന്നിവ ഇല്ലാതാകാൻ കാരണമാകും.

ഈർപ്പം മറ്റൊരു ഘടകമാണ്. ചില പച്ചക്കറികൾ ഈർപ്പം പുറത്തുവിടുന്നു. അവ അടച്ചുവെയ്ക്കുന്നത് പൂപ്പൽ, അഴുകൽ എന്നിവയ്ക്ക് കാരണമാകും. ചില പഴങ്ങളും പച്ചക്കറികളും ഒന്നിച്ചു വയ്ക്കുന്നത് ക്രോസ്-കണ്ടമിനേഷൻ സംഭവിക്കാൻ കാരണമാകും. ഒന്നിച്ചു സൂക്ഷിക്കാൻ കഴിയാത്ത ചില പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്ന് നോക്കാം.

ഉള്ളിയും ഉരുളക്കിഴങ്ങും

മിക്കയിടത്തും ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ചു സൂക്ഷിക്കുന്നത് കാണാറുണ്ട്. ഇത് ഉള്ളയും ഉരുളക്കിഴങ്ങും പെട്ടെന്ന് മോശമാകാന്‍ കാരണമാകും. ഉള്ളി ഈർപ്പവും ഉരുളക്കിഴങ്ങ് വേഗത്തിൽ മുളയ്ക്കാനും കേടാകാനും കാരണമാകുന്ന വാതകങ്ങളും പുറത്തുവിടുന്നു. ഉരുളക്കിഴങ്ങ് ഈർപ്പം പുറത്തുവിടുന്നു, ഇത് ഉള്ളിയുടെ അഴുകലിനെ ത്വരിതപ്പെടുത്തുന്നു.

പഴവും കാരറ്റും

ഏറ്റവും അധികം എഥിലീൻ അടങ്ങിയ പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. ഇത് കാരറ്റിനൊപ്പം വെയ്ക്കുന്നത് കാരറ്റ് പെട്ടെന്ന് മോശമാകാനും റബ്ബര്‍ പോലുള്ള ഘടനയാകാനും കാരണമാകും. അടുക്കളയില്‍ വാഴപ്പഴം കൗണ്ടറിലും കാരറ്റ് ഫ്രിഡ്ജ് ക്രിസ്‌പർ ഡ്രോയറിലും സൂക്ഷിക്കുന്നതാണ് നല്ലത്.

വെള്ളരിക്കയും തക്കാളിയും

തക്കാളിയും വെള്ളരിക്കയും ഒരുമിച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. കാരണം തക്കാളി പഴുക്കമ്പോള്‍ എഥിലീൻ പുറപ്പെടുവിക്കുകയും അത് വെള്ളരിക്ക വേഗം കേടാവാന്‍ കാരണമാവുകയും ചെയ്യുന്നു.

പൈനാപ്പിളും ആപ്പിളും

രണ്ടും പഴങ്ങളല്ലെ, എന്നു കരുതി ഒരുമിച്ചു സൂക്ഷിക്കരുത്. ആപ്പിളില്‍ നിന്ന് പുറപ്പടുന്ന എഥിലീൻ പൈനാപ്പിള്‍ വേഗം പഴുക്കാനും മോശമാകാനും കാരണമാകും.

ആപ്പിളും ഇലക്കറികളും

ആപ്പിളിനൊപ്പം ചീര പോലുള്ള ഇലക്കറികള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക, കാരണം എഥിലീൻ പെട്ടെന്ന് ഇലക്കറികളെ മോശമാക്കുകയും അവയുടെ ഫ്രഷ്നസ് നഷ്ടപ്പെടുകയും ചെയ്യുന്നു.